ദിവസവും ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ്; ഗുണങ്ങളെന്തെല്ലാം, മാറ്റം കണ്ടറിയാം

#Lifestyle desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പാനീയമാണ് കാരറ്റ് ജ്യൂസ്. ദിവസവും ഫ്രഷ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് എന്തെല്ലാം ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത് എന്ന് നോക്കാം.

ധാരാളം ആന്റിഓക്‌സിഡന്റ്
കാരറ്റിൽ ബീറ്റാ കരോട്ടിൻ, ആൽഫാ കരോട്ടിൻ പോലുള്ള കരോട്ടിനോയിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നുവെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കുന്നു. കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് ശേഷി വർധിപ്പിക്കുന്നു. ഇത് കോശങ്ങളെ നശിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകാനും സാധ്യതയുള്ള ദോഷകരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഹൃദയസംബന്ധമായ രോഗസാധ്യത കുറയ്ക്കുന്നു
കാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തക്കുഴലുകളെ സംരക്ഷിക്കാനും ഹൃദ്‌രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കാരറ്റ് ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കും.

വിറ്റാമിനുകളും ധാതുക്കളും
വിറ്റാമിൻ എ,സി,ഇ, പൊട്ടാസ്യം പോലുള്ള ധാതുക്കൾ കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കാഴ്ച, പ്രതിരോധശേഷി, ചർമത്തിന്റെ ആരോഗ്യം, ശരീരത്തിന്റെ ശരിയായ പ്രവർത്തനം എന്നിവയ്ക്ക് ഈ പോഷകങ്ങൾ സഹായകമാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാം
പുരുഷന്മാർക്ക് പലപ്പോഴും ഉയർന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാകാറുണ്ടെന്നും അതേസമയം സ്ത്രീകൾക്ക് കൊഴുപ്പ്, ലെപ്റ്റിൻ അളവ് എന്നിവ കൂടുന്ന അവസ്ഥയും ഉണ്ടാകുന്നതായും പഠനങ്ങൾ പറയുന്നു. കാരറ്റ് ജ്യൂസ് കുടിക്കുന്നത് പുരുഷന്മാരിലെ ദോഷകരമായ കൊഴുപ്പിന്റെ വിഘടനം കുറയ്ക്കാൻ സഹായിക്കും.

ഡയറ്റിൽ ഉൾപ്പെടുത്താൻ എളുപ്പം
എളുപ്പം വാങ്ങി തയ്യാറാക്കാവുന്നതും പ്രഭാത ദിനചര്യയിൽ ഉൾപ്പെടുത്താൻ പ്രയാസമില്ലാത്തതുമാണ് ഫ്രഷ് കാരറ്റ് ജ്യൂസ്. അധിക കലോറിയോ രാസവസ്തുക്കളോ ഇല്ലാതെ തന്നെ ഒരു ദിവസം ഒരു ഗ്ലാസ് എന്ന രീതിയിൽ കാരറ്റ് ജ്യൂസ് കുടിക്കാം.

വെൽനസ് ഡ്രിങ്ക്
കാരറ്റ് ജ്യൂസിൽ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, സസ്യ സംയുക്തങ്ങൾ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ഇൻഫ്‌ളമേഷൻ കുറയ്ക്കാനും ഊർജത്തിനും സഹായിക്കും.

എല്ലാ ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കാൻ കാരറ്റ് ജ്യൂസ് മാത്രം കഴിച്ചതുകൊണ്ട് കാര്യമില്ലെന്നത് നിസ്തർക്കമാണല്ലോ. ആന്റിഓക്‌സിഡന്റ് അളവ് മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡയറ്റിൽ അവശ്യ പോഷകങ്ങൾ ചേർക്കാനുമുള്ള ഒരു മാർഗമായി ഈ പാനീയത്തെ കാണാം. എന്നാൽ അതിന്റെ ഫലം ലഭിക്കാൻ സമീകൃതാഹാരത്തോടൊപ്പവും പതിവായ വ്യായാമത്തോടൊപ്പവും ഈ പാനീയം കുടിക്കുന്നത് ശീലിക്കാം. ഒരു ഡയറ്റീഷ്യന്റെ നിർദേശപ്രകാരം മാത്രം അത് ചെയ്യുക.

ശരീരഭാരം കൂടുന്നതും വയർ ചാടുന്നതും പലരും അനുഭവിക്കുന്ന പ്രശ്‌നമാണ്. വയറിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാൻ ജ്യൂസ് കുടിക്കുന്ന പതിവ് ചിലരെങ്കിലും ശീലിക്കാറുണ്ട്. ചില ജ്യൂസുകൾ പതിവാക്കുന്നത് വയർ കുറയ്ക്കാൻ സഹായിക്കും. കാരറ്റ് ജ്യൂസ് അവയിലൊന്നാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പാനീയമാണിത്. കണ്ണിന്റെ ആരോഗ്യത്തിനും നല്ല ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും കാരറ്റ് കഴിക്കുന്നത് സഹായിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)

Content Highlights: Discover 7 incredible benefits of daily carrot juice! Boost immunity, support heart health, and increase energy levels naturally.