മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാൻ ഡയറ്റിൽ വേണം ഈ ഭക്ഷണങ്ങൾ

representative image|photo:canva
representative image|photo:canva

മഴക്കാലമായതോടെ അസുഖങ്ങൾ വരാനുള്ള സാധ്യതയേറെയാണ്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. പോഷകസമൃദ്ധവും ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതുമായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കണം. പ്രഭാതഭക്ഷണത്തിൽ പോഷകപ്രദമായ ഭക്ഷണം ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കും. ഈ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിലുൾപ്പെടുത്താം.

പ്രതിരോധശേഷി കൂട്ടുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. പ്രാതലിൽ ഇതിനായി ഉൾപ്പെടുത്തേണ്ട ഒന്നാണ് പുഴുങ്ങിയ മുട്ട. അല്ലെങ്കിൽ ഓംലെറ്റായും കഴിക്കാം. മുട്ടയിൽ രോഗപ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഡി,ഇ, സിങ്ക്,സെലിനിയം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. 
 
ഓട്സ് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്. ആന്റിഓക്സിഡന്റുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ തുടങ്ങിയ പ്രധാന പോഷകങ്ങൾ ഓട്‌സിൽ അടങ്ങിയിരിക്കുന്നു. നാരുകളും ബീറ്റാ-ഗ്ലൂക്കനും ഓട്സിലുണ്ട്.

അതുപോലെ മധുരക്കിഴങ്ങ് കഴിക്കുന്നത് ശരീരത്തിന്റെ ഊർജനില കൂട്ടാൻ സഹായിക്കും. ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമായ കാത്സ്യം, മഗ്നീഷ്യം, തയാമിൻ, സിങ്ക്, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ ഇവയിലുണ്ട്. അവയിൽ നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും.

തൈര് ചേർത്ത സ്മൂത്തികളും പ്രാതലിൽ ഉൾപ്പെടുത്താം. ഇത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി പ്രാതലിൽ ഉൾപ്പെടുത്തുന്നതും പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)

Content Highlights: breakfast tips to boost immunity at home