കുട്ടികള്‍ക്ക് ജങ്ക് ഫുഡും മിഠായിയും ഒഴിവാക്കണം ; തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടത് ഈ ഭക്ഷണങ്ങള്‍

കുട്ടികള്‍ക്ക് ഏറെയിഷ്ടമുള്ളതാണ് മിഠായിയും പിസയും ബര്‍ഗറും തുടങ്ങിയ പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍. കുട്ടികള്‍ക്ക് എന്തെങ്കിലും വാങ്ങി നല്‍കണമെന്ന് കരുതിയാലും ഭൂരിഭാഗം പേരും മിഠായിപോലെയുള്ള ഭക്ഷണങ്ങളാണ് അധികവും വാങ്ങുക. എന്നാല്‍ ആറു മുതല്‍ 12 വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഇത്തരം ഭക്ഷണങ്ങള്‍ കൊടുക്കുന്നത് ഒഴിക്കാക്കുന്നത് നല്ലതായിരിക്കും. കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയുടെ പ്രധാനഘട്ടമാണിത്.
ഈ സമയത്ത് പോഷകസമ്പന്നമായ ഭക്ഷണമാണ് അവര്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കേണ്ടത്. ചോക്ലേറ്റ്,കുക്കീസ്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ , നൂഡില്‍സ്, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. ഇവ കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ഉറക്കത്തെയുമെല്ലാം ഹാനികരമായി ബാധിക്കും. കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യത്തിനായി കൊടുക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
പ്രധാനമായും വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കി ശീലിപ്പിക്കണം. അതിനൊടൊപ്പം ആവശ്യമായ അളവില്‍ വെള്ളവും കുടിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. കുഞ്ഞുങ്ങള്‍ക്ക് ഓര്‍മ്മശക്തി, പ്രശ്നപരിഹാരത്തിനുള്ള കഴിവ്, ശ്രദ്ധ എന്നിവ വികസിക്കുന്നതിന് ഒമേഗ-3 ഫാറ്റി ആസിഡ് ആവശ്യമാണ്. കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങളായ സാല്‍മണ്‍, മത്തി, ചൂര , ചണവിത്ത്, സൂര്യകാന്തി വിത്ത്, മത്തങ്ങക്കുരു, വാള്‍നട്ട്സ് എന്നിവയെല്ലാം കുട്ടികള്‍ക്ക് നല്‍കണം.
കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ബന്ധമായും ആവശ്യമായ ഒന്നാണ് ഇരുമ്പ്. പ്രത്യേകിച്ച് തലച്ചോറിന്റെ വികാസത്തിന് ഇരുമ്പ് അടങ്ങിയ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഇലക്കറികള്‍, ബീന്‍സ്, വന്‍പയര്‍, ഗ്രീന്‍ പീസ്, കടല തുടങ്ങിയവയെല്ലാം ഇതിനായി നല്‍കാം.
തലച്ചോറിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും വികാസത്തിനും ആന്റി-ഓക്സിഡന്റ്സ് ആവശ്യമാണ്. പല നിറങ്ങളുള്ള പച്ചക്കറികളില്‍ നിന്നും പഴങ്ങളില്‍ നിന്നുമാണ് ആന്റി-ഓക്സിഡന്റ്സ് പ്രധാനമായും ലഭിക്കുക. ബീറ്റ്റൂട്ട്, കാരറ്റ്, തക്കാളി, പ്ലം, ബെറി, പാലക് എന്നിവയെല്ലാം ഇതിനായി കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
കുട്ടികളുടെ പ്രാതലിന്റെ കാര്യവും കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യം ഉറപ്പുവരുത്തുന്ന ഭക്ഷണം വേണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. പോഷകസമൃദ്ധമായ ഭക്ഷണം അവര്‍ക്ക് നല്‍കാന്‍ പലതരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഇതിനായി ഉപയോഗിക്കാം. വീട്ടിലുണ്ടാക്കിയ ഭക്ഷണം തന്നെ നല്‍കേണ്ടതുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Brain foods,fish,Berries,Leafy vegetables,carrot,beetroot,food