ഐസ്‌ക്രീം രുചിയുള്ള നീല ജാവ വാഴപ്പഴത്തെക്കുറിച്ച് അറിയാമോ ?

blue java banana,representative image|photo:canva
blue java banana,representative image|photo:canva

മ്മള്‍ വാഴപ്പഴങ്ങളെ പെട്ടെന്ന് തിരിച്ചറിയുന്നത് പൊതുവേ അതിന്റെ തൊലിയുടെ ഘടനയും വലിപ്പവും നോക്കിയാണ്. ചുവന്ന തൊലിയുള്ള ചെങ്കദളിയെക്കുറിച്ചും നേന്ത്രപ്പഴത്തിന്റെ കറുത്തപാടുകള്‍ വീഴുന്ന തൊലിനിറത്തെക്കുറിച്ചുമെല്ലാം നമുക്കറിയാം. തൊലിയുടെ നിറം നോക്കിയാണ് പഴം പഴുത്തുപാകമായതാണോയെന്നും പരിശോധിക്കുന്നത്. എന്നാല്‍ നീല ജാവ വാഴപ്പഴത്തെക്കുറിച്ച് അറിയാമോ ?

പേര് കേള്‍ക്കുമ്പോള്‍ പൂര്‍ണമായും നീലനിറമുള്ള വാഴപ്പഴമായി കരുതിയാല്‍ തെറ്റി. നീല കലര്‍ന്ന പച്ചനിറമാണ് ഈ വാഴപ്പഴത്തിനുള്ളത്. പഴുക്കുമ്പോള്‍ ഇത് നേരിയ മഞ്ഞനിറത്തിലേയ്ക്ക് മാറും. തൊലി മാറ്റുമ്പോള്‍ മറ്റു വാഴപ്പഴങ്ങളുടേതിന് സമാനമായ നിറമായിരിക്കും ഇതിനുള്ളത്.നിറത്തെപ്പോലെ തന്നെ രുചിയിലും ഈ വാഴപ്പഴത്തിന് പ്രത്യേകതകളുണ്ട്.

നേരിയ വാനിലരുചിയാണ് ഇതിനുള്ളത്. അതിനാല്‍ ഇത് ഐസ്‌ക്രീം ബനാന എന്നും പേരിലും അറിയപ്പെടുന്നു. കൂടാതെ  ഹവായിയന്‍
ബനാനയെന്നും ഇതിന് വിശേഷണമുണ്ട്. ജാവയാണ്  ഈ വാഴപ്പഴത്തിന്റെ ജന്മദേശം. ഹവായിലാണ് കൂടുതലായും കൃഷി ചെയ്യപ്പെടുന്നത്.

ഇതിന് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ഫൈബറിന്റെ നല്ലൊരു  സ്രോതസാണിത്. അതിനൊപ്പം മാന്‍ഗനീസ്, ഇരുമ്പ് , സെലിനീയം,ഫോസ്ഫറസ് തുടങ്ങിയ ശരീരത്തിനാവശ്യമായ മൂലകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. കട്ടിയുളള ദശയുള്ള ഈ വാഴപ്പളത്തില്‍ കലോറിയും കൂടുതലായി അടങ്ങിയിട്ടുണ്ട്.

ആന്റി ഓക്‌സിഡന്റുകളുടെ നല്ലൊരു സ്രോതസാണിത്. കോശങ്ങളുടെ കേടുപാടുകള്‍ തടയാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്. ഇതിന്റെ
ഐസ്‌ക്രീം രുചി ഹവായില്‍ ഇത് സ്മൂത്തികളിലും ഡെസേര്‍ട്ടുകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നതിന് കാരണമാണ്. ഇന്ത്യയുടെ ചില പ്രദേശങ്ങളില്‍ നീവ ജാവ വാഴ കൃഷി ചെയ്യുന്നുണ്ട്.


(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)  

Content Highlights: blue java banana that tastes like vanilla