കേരളത്തിൽ ആപ്പിളാണ് താരം; രാജ്യത്തെ ഉത്പാദനത്തിന്റെ 30 ശതമാനവും വിൽപ്പന കേരളത്തിൽ

കൊച്ചി: ആപ്പിള്‍, ഓറഞ്ച്, മുന്തിരി, തണ്ണിമത്തന്‍, കിവി തുടങ്ങി സ്വദേശിയെയും വിദേശിയെയും ഒരുപോലെ കേരളത്തിലുള്ളവര്‍ സ്വീകരിക്കും. എല്ലാവിധ പഴങ്ങളും വിപണിയില്‍ എത്തുന്നുണ്ടെങ്കിലും കേരളീയര്‍ക്ക് പ്രിയം ആപ്പിളിനോടാണ്.
ഗ്രാമീണ മേഖലകളില്‍ നിന്നടക്കം സംസ്ഥാനത്ത് ആപ്പിളിന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സീസണ്‍ കൂടിയായതിനാല്‍ വിവിധ നിലവാരത്തിലുള്ള ആപ്പിളുകള്‍ വിപണിയില്‍ ലഭ്യമാണ്. കിലോയ്ക്ക് 100-150 രൂപ വരെയാണ് ഇന്ത്യന്‍ ആപ്പിളിന്റെ വില. എന്നാല്‍, ഇറക്കുമതി ചെയ്യുന്നവയ്ക്ക് ഗുണനിലവാരം അനുസരിച്ച് കിലോയ്ക്ക് 150-250 രൂപയോളമാണ് വില. സീസണ്‍ അല്ലാത്ത സമയങ്ങളില്‍ വില വീണ്ടും ഉയരും.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ആപ്പിളിന്റെ 30 ശതമാനം വില്പന കേരളത്തിലാണെന്ന് വ്യാപാരികള്‍ പറയുന്നു. ശരാശരി ഏഴ് ലക്ഷം ടണ്ണിനു മുകളില്‍ വരുമിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) ഏകദേശം 25 ലക്ഷം ടണ്‍ ആപ്പിള്‍ ഉത്പാദനമാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. ഇതില്‍ ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതല്‍ ആപ്പിള്‍ ഉത്പാദിപ്പിച്ചത്. ഏകദേശം 18 ലക്ഷം ടണ്‍ ആപ്പിളും ജമ്മുവില്‍നിന്നാണ്. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ആപ്പിള്‍ ഉത്പാദനത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത്.
കേരളത്തില്‍ ഇടുക്കിയിലും ചെറിയ തോതില്‍ ആപ്പിള്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും രുചി കൂടുതല്‍ ഉത്തരേന്ത്യയില്‍നിന്ന് എത്തുന്നവയ്ക്കാണ്. അതുകൊണ്ടുതന്നെ വിപണിയില്‍ ആവശ്യം കൂടുതല്‍ ഇവയ്ക്കാണ്.
അതേസമയം, ആപ്പിളിന്റെ പുറം പാളിയില്‍ മെഴുക് പ്രയോഗം രൂക്ഷമാകുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന ആപ്പിളുകളില്‍ ഇത്തരത്തില്‍ മെഴുക് പ്രയോഗിക്കാറുണ്ട്. ഇത് അനുവദനീയമായിരുന്നു. എന്നാല്‍, ചിലര്‍ ആപ്പിളുകള്‍ കേടുകൂടാതെ നില്‍ക്കാന്‍ അമിതമായി ഇത്തരം രീതി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി.
Content Highlights: apple production in india, kerala apple consuption, food