തണുപ്പുകാലത്ത് ഇത് കഴിച്ചിരിക്കണം; അറിയാം ഉലുവയുടെ ആരോഗ്യഗുണങ്ങള്‍

photo|canva
photo|canva

തണുപ്പുകാലത്ത് കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ശരീരത്തിന്റെ പ്രതിരോധ ശേഷിയില്‍ വ്യത്യാസം വരും.  അതനുസരിച്ച് നമ്മുടെ ഭക്ഷണശീലങ്ങളിലും വ്യത്യാസം വരുത്തണം. ഇത്തരത്തില്‍ മഞ്ഞുകാലത്ത് കഴിക്കേണ്ട ഭക്ഷണമാണ് ഉലുവ. ഉലുവ പോലെതന്നെ ഉലുവയിലയും ആരോഗ്യഗുണങ്ങള്‍ ഉള്ളതാണ്.

ഉലുവയില്‍ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി തുടങ്ങിയവയും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഉലുവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടുവാന്‍ ഗുണം ചെയ്യും. കൂടാതെ തണുത്ത കാലാവസ്ഥയില്‍ ഉലുവ കഴിക്കുന്നത് ശരീരത്തില്‍ ചൂട് നിലനിര്‍ത്താന്‍ സഹായിക്കും. ഇത്തരത്തില്‍ ഉലുവയുടെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

ഉലുവയിലും ഉലുവയുടെ ഇലയിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.  ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവ ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നെഞ്ചെരിച്ചില്‍, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവര്‍ ഭക്ഷണത്തിന് മുന്‍പ് ഉലുവ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത് തടയും. ദഹനപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്.

പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഉലുവ. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിര്‍ത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗുണകരമാണ്.

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിക്കുന്നതിനാല്‍ ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യവും സംരംക്ഷിക്കും. കാത്സ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

ഉലുവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും  ഇവ സഹായിക്കും. ഉലുവയില്‍ കലോറി വളരെ കുറവും ഫൈബര്‍ വലിയ അളവിലുമുണ്ട്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: fenugreek seeds, winter diet, winter dietplan, food, fenugreek health benefits