പ്രിയങ്കയുടെ 'സോന'യ്ക്ക് ഒന്നാം പിറന്നാള്‍; അഭിമാനം തോന്നുന്നുവെന്ന് താരം

പ്രിയങ്കാ ചോപ്ര, പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photos: instagram.com/priyankachopra/
പ്രിയങ്കാ ചോപ്ര, പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photos: instagram.com/priyankachopra/

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന അതേസമയത്തുതന്നെ ഹോളിവുഡിലും ചുവടുറപ്പിച്ച താരമാണ് നടി പ്രിയങ്ക ചോപ്ര. അടുത്തിടെയാണ് പ്രിയങ്കയും ഭര്‍ത്താവ് നിക് ജോനാസും സറോഗസിയിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

ഭക്ഷണത്തോടുള്ള തന്റെ താത്പര്യം അവര്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. യു.എസില്‍ ആയിരിക്കുമ്പോഴും ഇന്ത്യയുമായുള്ള തന്റെ ആത്മബന്ധം അവര്‍ പ്രകടിപ്പിക്കാറുണ്ട്. ഇന്ത്യയിലെ ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം അവര്‍ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നത് പതിവാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ 'സോന' എന്ന പേരില്‍ പ്രിയങ്ക ഇന്ത്യന്‍ റെസ്റ്റൊറന്റ് തുടങ്ങിയത് ഒരു വര്‍ഷം മുമ്പാണ്. തനത് ഇന്ത്യന്‍ വിഭവങ്ങളാണ് ഈ റെസ്‌റ്റൊറന്റില്‍ വിളമ്പുന്നതെന്നുമുള്ള പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ ദിവസം സോന റെസ്‌റ്റൊറന്റ് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരുന്നു. ഇതിനോട് അനുബന്ധിച്ച് പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചിരുന്നു. റെസ്റ്റൊറന്റില്‍ നിന്നുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട വീഡിയോ ആണ് അത്. 

ദക്ഷിണേന്ത്യന്‍ വിഭവങ്ങായ ഗീ റോസ്റ്റ്, ചട്‌നി, സാമ്പാര്‍ എന്നിവയും സാലഡ്, ചാട്ട് വിഭവങ്ങള്‍ എന്നിവയെല്ലാം പ്രിയങ്ക പങ്കുവെച്ച വീഡിയോയില്‍ കാണാന്‍ കഴിയും. പ്രിയങ്ക റെസ്റ്റൊറന്റ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണ് അവയില്‍ ഭൂരിഭാഗവും. ''ആധുനിക ഇന്ത്യയെ പാശ്ചാത്യ ലോകത്ത് അവതരിപ്പിക്കുന്നതിന് ഞാന്‍ എന്തിനാണോ തുടക്കമിട്ടത് അത് അവിശ്വസനീയമാംവിധം രസകരവും മനോഹരവുമായി മാറിയിരിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടെയെത്തി നിങ്ങള്‍ക്ക് ഞങ്ങളുടെ പര്യായമായ വിഭവങ്ങളും കോക്ടെയ്ല്‍സും രുചിക്കാം. ഇന്ന് സോന ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നു''-വീഡിയോയ്ക്ക് ഒപ്പം പങ്കുവെച്ച കുറിപ്പില്‍ പ്രിയങ്ക കുറിച്ചു. 

റെസ്റ്റൊറന്റ് നടത്തിപ്പില്‍ തന്റെ പങ്കാളിയായ മനീഷ് ഗോയല്‍, ഹരി നായക്, ഡേവിഡ് റാബിന്‍ എന്നിവരെ ടാഗ് ചെയ്താണ് പ്രിയങ്ക പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. എന്റെ ഹൃദയവും വയറും നിറഞ്ഞിരിക്കുന്നതായും ഇനിയും ഒരുപാട് കാര്യങ്ങള്‍ വരാനുണ്ടെന്നും പോസ്റ്റില്‍ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Content Highlights: Priyanka chopra, sona resturant, newyork city, food, completed one year