മൂപ്പെത്തിയ കപ്പയുടെ ‘കപ്പവാട്ട് കല്യാണം’; പെരുമഴയത്ത് വാട്ടു കപ്പ പുഴുക്ക് തയ്യാറാക്കി നോക്കിയാലോ?

വാട്ടു കപ്പ പുഴുക്ക്
വാട്ടു കപ്പ പുഴുക്ക്

ഴയ കാർഷിക കേരളത്തിന്റെ പ്രധാന ആഹാരങ്ങളിൽ ഒന്നായിരുന്നല്ലോ കപ്പ. കൊടിയ ഭക്ഷ്യക്ഷാമം ഉണ്ടായിരുന്ന നാളുകളിൽ ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ പട്ടിണിയകറ്റുന്നതിൽ മരച്ചീനി എന്നും പൂളക്കിഴങ്ങ് എന്നുമൊക്കെ പേരുള്ള കപ്പ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. കാലാവസ്ഥയും മഴയും നോക്കി കൃഷി ചെയ്തിരുന്ന കാലത്ത് പച്ചക്കപ്പ എല്ലാക്കാലത്തും ഉണ്ടാകാറില്ല. പ്രത്യേകിച്ചും മഴക്കാലത്ത്.

അതു കൊണ്ടു തന്നെ കുംഭ മാസത്തിലെ (ഫെബ്രുവരി - മാർച്ച്) പുതുമഴയോടെ നടുന്ന കപ്പ, നന്നായി മൂപ്പെത്തുന്ന അടുത്ത വേനൽക്കാലത്ത് അരിഞ്ഞ് ഉണങ്ങി സൂക്ഷിക്കും. പച്ചയ്ക്ക് ഉണക്കി സൂക്ഷിക്കുന്നത് "വെള്ളു കപ്പ", വാട്ടി ഉണക്കി സൂക്ഷിക്കുന്നത് ‘വാട്ടു കപ്പ’. അയൽക്കാരെല്ലാം ഒത്തുചേർന്ന് മൂപ്പെത്തിയ കപ്പ പറിച്ച് അരിഞ്ഞു വാട്ടി ഉണക്കുന്നത് (രാവിലെ മുതൽ രാത്രി വരെ നീളുന്ന ജോലി) കാർഷിക ഗ്രാമങ്ങളിൽ "കപ്പവാട്ട് കല്യാണം / കപ്പവാട്ട് ഉത്സവം" എന്നാണ് അറിയപ്പെട്ടിരുന്നത്.

മഴക്കാലം ആകുന്നത്തോടെ മിക്കവാറും (സാമ്പത്തികശേഷി കുറവുള്ള) കുടുംബങ്ങളിലെ പ്രധാന ആഹാരം തേങ്ങ അരച്ചുചേർത്ത് ഉണ്ടാക്കുന്ന വാട്ട് കപ്പ പുഴുക്കോ അല്ലെങ്കിൽ വെറുതെ പുഴുങ്ങിയ വാട്ട് കപ്പയോ ഒക്കെ ആയിരുന്നു. വാട്ട് കപ്പയും കടലയും കൊണ്ട് അമ്മ അതി രുചികരമായ പുഴുക്കുണ്ടാക്കാറുള്ളത് ഇങ്ങനെയാണ്. 

ചേരുവകൾ (നാലു പേർക്ക്)

  • വാട്ടു കപ്പ - 500gm (ആറു മണിക്കൂർ കുതിർത്തി കഷണങ്ങളായി നുറുക്കിയത്)
  • കടല - 250gm (ആറു മണിക്കൂർ കുതിർത്തിയത്)
  • തേങ്ങ - ഒരു കപ്പ്
  • കാന്താരി - 20 എണ്ണം (വലുപ്പവും എരിവും അനുസരിച്ച്, കാന്താരി ഇല്ലെങ്കിൽ പച്ച മുളക് 3 എണ്ണം)
  • വെളുത്തുള്ളി - 3 അല്ലി
  • ജീരകം - 1 ടീ സ്പൂൺ
  • കറിവേപ്പില - 1 തണ്ട്, മഞ്ഞൾ പൊടി - 1 ടീ സ്പൂൺ, വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ, ഉപ്പ് വെള്ളം ആവശ്യത്തിന്

‘മീനില്ലാത്ത ദിവസങ്ങളിൽ പപ്പായകൊണ്ട് അമ്മ പരീക്ഷിക്കുന്ന ‘മീനില്ലാത്ത മീൻകറി’’; റെസിപ്പി

പാചകക്രമം

(1) തേങ്ങയും ജീരകവും വെളുത്തുള്ളിയും കാ‍ന്താരി/ പച്ചമുളകും ചെറുതായൊന്ന് അരച്ച് അരപ്പ് തയ്യാറാക്കുക.

(2) കുതിർത്തിയ കടലയും കുതിർത്തി കഷണങ്ങളാക്കിയ വാട്ടു കപ്പയും ഉപ്പും മഞ്ഞൾ പൊടിയുമിട്ട് വേവിക്കുക.

(3) കപ്പയും കടലയും വേവുന്ന മുറയ്ക്ക് അരപ്പ് ചേർത്ത് ഇളക്കി തിള വരുമ്പോൾ തീ ഓഫ് ആക്കി, വെളിച്ചെണ്ണ തൂവി, കറിവേപ്പില തിരുമ്മിയിട്ട് ഇളക്കി യോജിപ്പിച്ച് വാങ്ങാം

Content Highlights: Learn to make `Vattu Kappa` Puzhukku, a traditional Kerala tapioca and chickpea stew, with coconut, chilies, and spices.