രസം സാദവും കോവയ്ക്ക പൊരിയലും; തമിഴ്‌നാട് സ്‌റ്റൈലില്‍ ഊൺ തയ്യാറാക്കാം

ഇന്ന് തമിഴ്‌നാട് സ്‌റ്റൈലില്‍ ഒരു ലഞ്ച് പരീക്ഷിക്കാം...
രസം സാദം
പൊന്നി അരി - 1/2 കപ്പ്
തുവരപ്പരിപ്പ് - 2 ടേബിള്‍സ്പൂണ്‍
തക്കാളി - 1 വലുത്
വെളുത്തുള്ളി - 4-5 അല്ലി
പച്ചമുളക് - 1-2 എണ്ണം
വാളന്‍പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
മല്ലി - 2 ടീസ്പൂണ്‍
ജീരകം - 1/2+1/2 ടീസ്പൂണ്‍
കുരുമുളക് - 1 ടീസ്പൂണ്‍
കായപ്പൊടി - 3/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
വറ്റല്‍ മുളക് - 2-3 എണ്ണം
കറിവേപ്പില - 2 തണ്ട്
മല്ലിയില അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
നെയ്യ് - 1 ടേബിള്‍സ്പൂണ്‍
എണ്ണ - 1 ടേബിള്‍സ്പൂണ്‍
മല്ലി, കുരുമുളക്, 1/2 ടീസ്പൂണ്‍ ജീരകം എന്നിവ പൊടിച്ച് വെക്കുക. ചൂടായ കുക്കറില്‍ എണ്ണ, നെയ്യ് എന്നിവ ഒഴിച്ച് കടുക്, ജീരകം എന്നിവ ഇട്ട് പൊട്ടി വരുമ്പോള്‍ വെളുത്തുള്ളി, പച്ചമുളക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വഴറ്റുക. പൊടിച്ച് വച്ച മല്ലി കുരുമുളക് കൂട്ടുകൂടെ ചേര്‍ത്ത് കൊടുക്കുക. അവ മൂത്ത് വരുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക.
അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, കായപ്പൊടി എന്നിവ കൂടെ ചേര്‍ത്ത് മൂപ്പിക്കുക. പുളി പിഴിഞ്ഞ വെള്ളം ഉള്‍പ്പടെ 4 കപ്പ് വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോള്‍ അതിലേക്ക് കഴുകി വച്ചിരിക്കുന്ന അരി, പരിപ്പ് എന്നിവ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. പാകമായ ശേഷം ഒരു തവി ഉപയോഗിച്ച് ഉടച്ച് എടുക്കുക. മല്ലിയില വിതറി ചൂടോടെ വിളമ്പാം.
കോവയ്ക്ക പൊരിയല്‍
കോവയ്ക്ക - 1/2 കിലോ
തക്കാളി - 1 ചെറുത്
സവാള - 1
പച്ചമുളക് - 1
ചിരകിയ തേങ്ങ - 2 ടേബിള്‍സ്പൂണ്‍
മുളക്‌പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
എണ്ണ - 2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യാനുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് എണ്ണയൊഴിച്ച് കടുക് , ജീരകം എന്നിവ മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, കോവയ്ക്ക, തക്കാളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് കൊടുക്കുക. ചെറുതീയില്‍ അടച്ച് വച്ച് വേവിക്കുക. വെന്ത് ചെറുതായി മൊരിഞ്ഞു വരുമ്പോള്‍ അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, ചിരകിയ തേങ്ങ എന്നിവ ചേര്‍ത്ത് കൊടുക്കുക. അല്‍പസമയം കൂടെ അടച്ച് വച്ച് വേവിക്കുക. ചോറിനൊപ്പം വിളമ്പാം.
Content Highlights: Rasam sadam and kovakka poriyal recipe