രുചിയോടെ കഴിക്കാം മസാല വെജിറ്റബിള്‍ പുലാവിനൊപ്പം ഗോബി 65

ചോറ് കഴിച്ച് മടുത്തെങ്കില്‍ ഇനി മസാല വെജിറ്റബിള്‍ പുലാവുണ്ടാക്കാം. കൂടെ കൊതിയൂറുന്ന രുചിയില്‍ ഗോബി 65 -ഉം ഉണ്ടെങ്കില്‍ കുശാലായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെയിഷ്ടപ്പെടും. വളരെ എളുപ്പത്തില്‍ തയ്യാറാക്കാം ഈ വെജിറ്റബിള്‍ പുലാവ്.
ചേരുവകള്‍
ബസുമതി അരി - 1 1/2 കപ്പ്
കാരറ്റ് - 1
ഉരുളക്കിങ്ങ് - 1
ബീന്‍സ് - 5-6 എണ്ണം
ഗ്രീന്‍പീസ്(ഫ്രോസന്‍) 1/4 കപ്പ്
കോളിഫ്‌ളവര്‍ അടര്‍ത്തിയത് - 1/2 കപ്പ്
തക്കാളി - 1
സവാള - 1
ഇഞ്ചി വെളത്തുള്ളി ചതച്ചത് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് - 2 എണ്ണം
മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
ഷാജീരകം - 1 ടീസ്പൂണ്‍
കറുകപട്ട - 1 കഷണം
ഏലക്ക - 5-6 എണ്ണം
ഗ്രാമ്പൂ - 5-6 എണ്ണം
ജാതിപത്രി - 1/2
കറുകയില - 1
ജീരകപ്പൊടി - ഒരു നുള്ള്
നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
നെയ്യ് - 1 ടേബിള്‍സ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ - 2 ടേബിള്‍സ്പൂണ്‍
വെള്ളം - 2 1/4 കപ്പ്
ഉപ്പ് - പാകത്തിന്
പാചകരീതി
കുക്കര്‍ ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് അതിലേക്ക് ഷാജീരകം, കറുകയില, കറുകപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രി എന്നിവ മൂപ്പിച്ച് അരിഞ്ഞ സവാള, നീളത്തില്‍ അരിഞ്ഞ പച്ചമുളക്. ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് ചുവക്കെ വഴറ്റുക. ഇവ വഴന്നു വരുമ്പോള്‍ അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കുരുമുളക്‌പൊടി, അല്പം ജീരകപ്പൊടി എന്നിവ കൂടെ ചേര്‍ത്ത് മൂപ്പിക്കുക.
അതിലേക്ക് ഇടത്തരം വലിപ്പത്തില്‍ നുറുക്കിയ പച്ചക്കറികള്‍ എല്ലാം ചേര്‍ത്ത് മൂന്നു മിനുട്ട് വഴറ്റുക.ശേഷം അതിലേക്ക് കഴുകി വെള്ളം വാര്‍ന്നു വച്ച അരി കൂടെ ചേര്‍ത്ത് 2 മിനുട്ട് വീണ്ടും വഴറ്റുക.
ഇതിലേക്ക് രണ്ടേകാല്‍ കപ്പ് തിളച്ച വെള്ളവും പാകത്തിന് ഉപ്പും, നാരങ്ങാനീരും കൂടെ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് നെയ്യും അരിഞ്ഞ മല്ലിയിലയും കൂടെ ചേര്‍ത്ത് അടച്ച് വച്ച് ഒരു വിസില്‍ വരുന്ന വരെ ഉയര്‍ന്ന തീയിലും ശേഷം അടുത്ത ഒരു വിസില്‍ വരുന്ന വരെ ചെറുതീയിലും വച്ച് വേവിച്ചെടുക്കുക.
അതിനു ശേഷം കുക്കറിലെ വെയിറ്റ് മാറ്റി, 15-20 മിനുട്ട് അടച്ച് തന്നെ വച്ച ശേഷം മൂടി തുറന്നു മേലെ അല്പം മല്ലിയില കൂടെ വിതറി വിളമ്പാം.
ഗോബി 65
ചേരുവകള്‍
കോളിഫ്‌ളവര്‍ - 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടേബിള്‍സ്പൂണ്‍
വെളുത്തുളളി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് - 3-4
കശ്മീരി മുളകുപൊടി - 1/2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
സോയ സോസ് - 1 ടീസ്പൂണ്‍
ടൊമാറ്റോ കെച്ചപ് - 2 ടീസ്പൂണ്‍
ചില്ലി സോസ് - 1 ടീസ്പൂണ്‍
ജീരകപ്പൊടി - 1/4 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
അരിപ്പൊടി - 1/2 കപ്പ്
കോണ്‍ഫ്‌ളോര്‍ - 1/4 കപ്പ്
ഉപ്പ് - പാകത്തിന്
എണ്ണ - വറുക്കാന്‍ പാകത്തിന്
പാചകരീതി
തിളച്ച വെള്ളത്തില്‍ അല്പം ഉപ്പ് ചേര്‍ത്ത് കോളിഫ്‌ളവര്‍ അതിലേക്ക് 10 മിനുട്ട് ഇറക്കി വെക്കുക.ചൂടാറിയ ശേഷം ഇടത്തരം വലുപ്പത്തില്‍ ഓരോ ഇതളുകള്‍ ആയി അടര്‍ത്തി വെക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, സോയ സോസ്, കെച്ചപ്പ്, ചില്ലി സോസ്, ഉപ്പ്, ചെറുതായി അരിഞ്ഞ കറിവേപ്പില, അരിപ്പൊടി എന്നിവ 1/2 കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വെക്കുക.
കോളിഫ്‌ളവറില്‍ കോണ്‍ഫ്‌ളോാര്‍ വിതറി ഓരോ കഷ്ണത്തിലും കാണ്‍ഫ്‌ളോാര്‍ പൊതിയും വിധം യോജിപ്പിച്ച ശേഷം തയ്യാറാക്കി വച്ച മസാലയിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചൂടായ എണ്ണയില്‍ വറുത്ത് കോരുക.
ഒരു പാന്‍ ചൂടാക്കി അതിലേക്ക് കോളിഫ്‌ളവര്‍ വറുത്ത എണ്ണ ഒരു ടേബിള്‍സ്പൂണ്‍ ഒഴിച്ച് ചെറുതായി അരിഞ്ഞ വെളുത്തുളളി, പച്ചമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് അതിലേക്ക് വറുത്ത് വച്ചിരിക്കുന്ന കോളിഫ്‌ളവര്‍ കൂടെ ചേര്‍ത്ത് യോജിപ്പിക്കുക .ചൂടോടെ വിളമ്പാം .
Content Highlights: masala vegetable pulao,gobi 65 recipe,gobi,lunch,food