സ്വാദൂറും മാങ്ങയിഞ്ചി ചമ്മന്തിയും ചൗ ചൗ പുളിങ്കറിയും

രുചികരമായ മാങ്ങയിഞ്ചി ചമ്മന്തിയും ചൗ ചൗ പുളിങ്കറിയും എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
മാങ്ങയിഞ്ചി ചമ്മന്തി
ചേരുവകൾ
മാങ്ങയിഞ്ചി - 2 വലിയ കഷ്ണം
നാളികേരം ചിരകിയത് - ഒന്നര കപ്പ്
ചുവന്നുള്ളി - 6-7 എണ്ണം
പച്ചമുളക് - 1
വറ്റൽമുളക് - 3-4 എണ്ണം
വാളൻപുളി - ഒരു നെല്ലിക്ക വലിപ്പത്തിൽ
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ മാങ്ങയിഞ്ചി, ചുവന്നുള്ളി, പച്ചമുളക്, വറ്റൽമുളക് എന്നിവ വഴറ്റുക. വാടി വരുമ്പോൾ തീ അണച്ച് അതിലേക്ക് ചിരകിയ നാളികേരം കൂടെ ചേർത്ത് ചൂടാക്കുക. കൂട്ട് നന്നായി തണുത്ത ശേഷം അൽപം പുളിയും പാകത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കുക. (വെള്ളം ചേർക്കേണ്ടതില്ല). ചോറ്, കഞ്ഞി എന്നിവയ്ക്കൊപ്പം വിളമ്പാം.
ചൗ ചൗ പുളിങ്കറി
ചേരുവകൾ
ചൗ ചൗ - 1 വലുത്
സവാള - 2 (ഇടത്തരം വലുപ്പം)
ഇഞ്ചി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 2 എണ്ണം
മുളക്പൊടി - 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി - മുക്കാൽ ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
ഉലുവ പൊടിച്ചത് - ഒരു നുള്ള്
ജീരകം പൊടിച്ചത് - ഒരു നുള്ള്
കടുക് - 1/2 ടീസ്പൂൺ
വാളൻ പുളി - ഒരു ചെറുനാരങ്ങ വലിപ്പത്തിൽ
പഞ്ചസാര/ശർക്കര - 1 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാക്കി, അതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ചുവന്നു വരുമ്പോൾ അതിലേക്ക് മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് തൊലി കളഞ്ഞു നീളത്തിൽ അരിഞ്ഞ ചൗ ചൗ കഷണങ്ങൾ ചേർത്ത് യോജിപ്പിക്കുക.
പുളി പിഴിഞ്ഞ വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കുക.വെന്ത് കുറുകി വരുമ്പോൾ ഉലുവപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക. അൽപം പഞ്ചസാര/ ശർക്കര കൂടെ ചേർത്ത ശേഷം അടുപ്പിൽ നിന്നും മാറ്റാം. ചോറ്, ചപ്പാത്തി എന്നിവയ്ക്കൊപ്പം വിളമ്പാം.
Content Highlights: manga inchi chammanthi and Chow Chow pulinkari