അരിപ്പൊടി വേണ്ട, എളുപ്പത്തിൽ ഉണ്ടാക്കാം; ചക്കയുടെ തനത് രുചിയിൽ കൊങ്കണി 'ഗരാവോടോ'

വീണ്ടുമൊരു ചക്കക്കാലം വരവാകുന്നു. അടുക്കളകളിൽ ചക്കയുടെ വിഭവങ്ങൾ പല രൂപത്തിൽ അവതരിക്കും. അന്നുമിന്നുമിനിയെന്നും മലയാളികൾക്ക്, ചക്ക ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു പ്രതിഭാസമാണെന്ന് തന്നെ പറയാം.
കൊങ്കണികളും ചക്ക വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. പച്ച ചക്ക കൊണ്ട് അച്ചാർ, തോരൻ, ഉപ്പേരി, പപ്പടം തുടങ്ങി പായസോം ഉണ്ണിയപ്പവും വരേ ചക്കക്കാലത്തെ പ്രധാനികൾ. എന്തിനേറെ, ഇനി ചക്കക്കാലം കഴിഞ്ഞാൽ പോലും ചക്കപ്രേമികൾക്ക് രുചിക്കുവാൻ വേണ്ടി ചക്ക ചുളകൾ ഉപ്പിലിട്ടും ഭരണികളിൽ സൂക്ഷിക്കും.
ഇന്നത്തെ വിഭവം പഴുത്ത ചക്ക കൊണ്ടുള്ള രുചികളിൽ മുൻപന്തിയിൽ നിൽക്കുന്ന ‘ഗരാവോടോ’ എന്ന് കൊങ്കണിയിൽ വിളിക്കുന്ന ചക്ക ഉണ്ണിയപ്പം അല്ലെങ്കിൽ വടകൾ. നേരിട്ട് കഴിക്കാൻ താരതമ്യേനെ പാടുള്ള കൂഴച്ചക്കയാണ് ഗരാവോടോയ്ക്ക് ഉത്തമം. എങ്കിലും വരിക്ക ചക്കചുളകളും ഇതിനു വേണ്ടി എടുക്കാവുന്നതാണ്.
സാധാരണ അരിപ്പൊടി കൊണ്ടും ഗരാവോടോ തയ്യാറാക്കാറുണ്ട്. പച്ചരി കുതിർത്ത് ശേഷം പൊടിച്ചെടുത്തതിൽ ചക്ക ശർക്കര തേങ്ങാ ചേർത്തരച്ച് ഉണ്ടാക്കും. എന്നാലിന്നു പരിചയപ്പെടുത്തുന്നത് അല്പം കൂടേ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഗരാവോടോയുടെ മറ്റൊരു രീതി ആണ്. ഇതിൽ റവ ആണ് പ്രധാന ചേരുവ.നേരിയ വറുത്ത റവ ആണിതിനു വേണ്ടത്. നാലു മണി പലഹാരമായി കഴിക്കാം. മൂന്നു ദിവസങ്ങളെങ്കിലും കേടില്ലാതെ സൂക്ഷിക്കാനും സാധിക്കും.
പാചകരീതിയിലേക്ക്:
ചേരുവകൾ
1.പഴുത്ത ചക്കചുളകൾ- 15 -20 എണ്ണം
2.വറുത്ത റവ - 3 കപ്പ്
3.തേങ്ങ - 1/2 കപ്പ്
4.ശർക്കര- ആവശ്യത്തിന്
5.ഉപ്പ് ഒരു നുള്ള്
6.എണ്ണ- വറുക്കാനുള്ള ആവശ്യത്തിന്
ശർക്കര ഉരുക്കി അരിച്ചു കരടോക്കെ കളഞ്ഞു വീണ്ടും ചൂടാക്കി ഒരുനൂൽ പരുവത്തിലുള്ള പാനിയാക്കുക.
തേങ്ങയും ചക്കയും നന്നായി അരയ്ക്കുക.
ഉപ്പ് ചേർക്കാം.
ഇതിലേക്ക് ചൂടാറിയ ശർക്കര പാനി ചേർത്ത് നന്നായി യോജിപ്പിക്കുക.
ഇനി ഇതിലേക്ക് റവ അല്പാല്പമായി ചേർക്കുക.
മാവിന്റെ അയവ് അധികം കട്ടിയായും തീരെ നേർത്തു പോവാതെയും സൂക്ഷിക്കുക.
റവ അല്പംനേരം കഴിയുമ്പോൾ ഇത്തിരി കൂടെ വികസിക്കും.അന്നേരം മാവ് കുറച്ചൂടെ കട്ടിയാകും.അതുകൊണ്ട് അതൊക്കെ മനസ്സിൽ കണ്ടുകൊണ്ട് മാവിൽ റവ ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ അടച്ചു വെയ്ക്കുക.
അതിനു ശേഷം നല്ല ചൂടായ എണ്ണയിൽ മാവിൽ നിന്ന് അല്പാല്പമായി പിച്ചി എടുത്തു വറുത്തു കോരാം .
ഗരാവോടോ തയ്യാർ.
ശ്രദ്ധിക്കുക :
1.ചക്ക വിഭവങ്ങളിൽ ഞാൻ ഏലയ്ക്ക ചേർക്കാറില്ല.ചക്കയുടെ തനതു മണം നഷ്ടമാകുന്ന പോലെ തോന്നും. ഏലയ്ക്ക ഒഴിവാക്കാൻ പറ്റാത്തവർക്ക് വേണമെങ്കിൽ ചേർക്കാം.
2.റവയുടെ അളവ് നിങ്ങളുടെ ശർക്കര. പാനിയുടെ അയവ് അനുസരിച്ചിരിക്കും. അതുകൊണ്ട് റവയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോചെയ്യാം. ഒരു ഏകദേശ അളവ് മാത്രമാണ് മേലെ കൊടുത്തിരിക്കുന്നത്.
Content Highlights: Traditional Konkani-style snack using ripe jackfruit.