ഉച്ചയ്ക്ക് കഴിക്കാന്‍ ചോറ് വേണ്ടേ? ലഞ്ച് ബോക്‌സില്‍ ഒരുക്കാം ഗോബി പറാത്തയും പുതിന ചട്‌നിയും

ഉച്ചയ്ക്ക് ലഞ്ച് ബോക്‌സ് ഒരുക്കുന്നത് അല്‍പ്പം കഷ്ചം പിടിച്ച പണിയാണ്. തയ്യാറാക്കുന്ന ഭക്ഷണം കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടപ്പെടണം എന്നത് മറ്റൊരു കാര്യം. ചോറ് കൊണ്ടുപോവാന്‍ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാനായി കോളിഫ്‌ളവര്‍ ഉപയോഗിച്ചു കൊണ്ട് തയ്യാറാക്കാവുന്ന ഗോബി പറാത്തയും പുതിന കൊണ്ടുള്ള ചട്‌നിയുമാണ് ഇന്നത്തെ ലഞ്ച് ബോക്‌സില്‍. വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ സാധിക്കുന്ന ഈ റെസിപ്പി പരിചയപ്പെടാം
ഗോബി മട്ടർ പറാത്ത
ചേരുവകള്‍
- ഗോതമ്പ്പൊടി - 2 കപ്പ്
- കോളിഫ്ലവർ (ഗോബി) അടർത്തിയത് - 1 കപ്പ്
- ഫ്രഷ് ഗ്രീൻപീസ് (മട്ടർ) - 1 കപ്പ്
- വെളുത്തുള്ളി - 4-5 അല്ലി
- പച്ചമുളക് - 2
- മല്ലിയില അരിഞ്ഞത് - 1 ടേബിൾസ്പൂൺ
- ജീരകം - 1 ടീസ്പൂൺ
- കായപ്പൊടി - ഒരു നുള്ള്
- മല്ലിപ്പൊടി - 1/2 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- വെജിറ്റബിൾ എണ്ണ
തയ്യാറാക്കുന്ന വിധം
- ഗോതമ്പ്പൊടി, അൽപം ഉപ്പ് പാകത്തിന് വെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ച് വെക്കുക.
- കോളിഫ്ലവർ, ഗ്രീൻപീസ് എന്നിവ മിക്സിയിൽ ചെറുതായി പൊടിച്ചെടുക്കുക.(അരഞ്ഞു പോകരുത്)
- ഒരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ജീരകം ഇട്ട് കൊടുക്കുക. അതിലേക്ക് ഒരു നുള്ള് കായപ്പൊടി കൂടെ ചേർത്ത് മൂപ്പിക്കുക (കായപ്പൊടി ചേർക്കുമ്പോൾ തീ കൂടാതെ ശ്രദ്ധിക്കുക)
- അതിലേക്ക് അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
- അതിലേക്ക് ഗോബി- മട്ടർ കൂട്ട് ചേർത്ത് ഇളക്കി യോജിപ്പിക്കുക. പച്ചമണം മാറി വരുമ്പോൾ മസാല പൊടുകളും
- പാകത്തിന് ഉപ്പും ചേർത്ത് വേവിക്കുക.
- ആവശ്യമെങ്കിൽ അൽപം വെള്ളം കുടഞ്ഞ് കൊടുക്കാം.
- വെന്ത് കഴിഞ്ഞാൽ അതിലേക്ക് അരിഞ്ഞ മല്ലിയില ചേർത്ത് കൊടുക്കുക.
- (തയ്യാറാക്കിയ കൂട്ടിൽ വെള്ളം, എണ്ണ എന്നിവ കൂടി പോകാതെ ശ്രദ്ധിക്കുക)
- ഇനി കുഴച്ച് വച്ചിരിക്കുന്ന മാവിൽ നിന്നും ഓരോ ഉരുളകളാക്കി എടുത്ത് കയ്യിൽ വച്ച് പരത്തി അതിലേക്ക് തയ്യാറാക്കിയ ഗോബി മട്ടർ കൂട്ട് വച്ച് മസാല ഉള്ളിൽ വരുന്ന രീതിയിൽ പൊതിഞ്ഞ് വെക്കുക. ശേഷം പരത്തി ചുട്ടെടുക്കുക.
- ചുട്ട ശേഷം അൽപം വെണ്ണ പറാഠയിൽ തൂകി കൊടുക്കാം.
പുതിന ചട്‌നി
ചേരുവകള്‍
- പുളിയില്ലാത്ത കട്ടി തൈര് - 1 കപ്പ്
- പുതിനയില - 1 കപ്പ്
- മല്ലിയില - 1/2 കപ്പ്
- ഇഞ്ചി - 1/4 ഇഞ്ച് വലിപ്പത്തിൽ
- വെളുത്തുള്ളി - 1 അല്ലി
- പച്ചമുളക് - 1
- പഞ്ചസാര - 1 നുള്ള്
- ജീരകം പൊടിച്ചത് - 1/4 ടീസ്പൂൺ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
- മല്ലിയില, പുതിന, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി അരച്ച് വെക്കുക.
- നന്നായി കടഞ്ഞ തൈരിലേക്ക് അരച്ച കൂട്ട് ചേർക്കുക. അതിലേക്ക് ജീരകം പൊടിച്ചത് , പഞ്ചസാര, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക.
- ആവശ്യമെങ്കിൽ അൽപം ചാട്ട് മസാല കൂടെ ചേർക്കാം.
Content Highlights: gobi paratha and pudina chatni recipe