ദീപാവലി ദിവസം 'ചുർമ്മുണ്ടോ' കഴിക്കാം.. കൊങ്കണി വിഭവം പരീക്ഷിച്ചാലോ?

വീണ്ടുമൊരു ദീപാവലി. ദീപങ്ങളുടെ ഉത്സവം ആണെങ്കിലും ദീപാവലി എന്ന് കേൾക്കുമ്പോൾ നമ്മൾ ഓർക്കുക മധുര പലഹാരങ്ങൾ തന്നെയാകും. അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും മധുര പലഹാരങ്ങൾ സ്നേഹത്തിന്റെ പര്യായമെന്നോണം നമ്മൾ വിതരണം ചെയ്യും. അവ നമ്മൾ വീട്ടിലുണ്ടാക്കുന്നതാണെങ്കിൽ സ്വാദ് അൽപം കൂടിയുമിരിക്കും. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഇത്തരം ആഘോഷങ്ങൾ ഉപകരിക്കുമെന്നതാണ് വാസ്തവം.
കൊങ്കണികൾക്കും ദീപാവലി ഒരു പ്രധാന ആഘോഷം തന്നെയാണ്. മധുരം മാത്രമല്ല, മുറുക്ക്, പക്കോട, ഡയമൻ, ശേവോ, പോലുള്ള പലഹാരങ്ങളും ദീപാവലി പ്രമാണിച്ചുണ്ടാക്കും. പല തരം ലഡ്ഡു, മൈസൂർ പാക്ക്, ബർഫികൾ ഒക്കെ നേരത്തേ കാലത്തെ ഉണ്ടാക്കിവെയ്ക്കും. മലബാറിലെ കാജയോട് സാദർശ്യമുള്ള 'ഫെണോരി' യും കൊങ്കണികൾ ഉണ്ടാക്കും. ഇവയൊന്നുമല്ലെങ്കിൽ അവിൽ ശർക്കര പാനിയിൽ വിളയിച്ചതെങ്കിലും അന്നേ ദിവസമുണ്ടാക്കും.
ഇന്നത്തേ വിഭവം 'ചുർമ്മുണ്ടോ'. ഉണ്ടോ എന്നാൽ കൊങ്കണിയിൽ ലഡ്ഡു എന്നർത്ഥം. സാധാരണ ലഡ്ഡുവിൽ നിന്നും ഇതിനെ മാറ്റിനിർത്തുന്നത് ഇതിൻ്റെ പരുവം തന്നെയാണ്. ചുർമ്മുണ്ടോയ്ക്ക് അധികം ഉറപ്പ് കാണില്ല. ഒന്നമർത്തി പിടിച്ചാൽ ചിലപ്പോ പൊടിഞ്ഞുപോവാനും സാധ്യതയുണ്ട്. ചുർമ്മുണ്ടോ രണ്ട് തരത്തിൽ കൊങ്കണികൾ ഉണ്ടാക്കും. രണ്ടിലും ഗോതമ്പ് പൊടി തന്നെ താരം. എങ്കിലും കൂടുതൽ പ്രചാരത്തിലുള്ള രീതിയിൽ ഗോതമ്പ് മാവ് നെയ്യിൽ വറുത്തുശേഷം പൊടിച്ച പഞ്ചസാരയും ചേർത്ത് യോജിപ്പിച്ചു ഉരുട്ടി എടുക്കും. എന്നാലിന്നു അധികമാരും ഉണ്ടാക്കാത്ത ഈ രീതിയിൽ ഗോതമ്പ് മാവ് ഉരുട്ടി, പരത്തിയ ശേഷം എണ്ണയിൽ വറുത്തു കോരി പിന്നീട് പൊടിച്ചെടുക്കും. ആദ്യത്തെ രീതിയെക്കാളും ഒരുപാട് സമയം ഇതിനു വേണ്ടിവരും. അധികമാളുകളും മറന്നു തുടങ്ങിയ ഈ രുചി അതീവ വിശേഷപ്പെട്ടതാകുന്നു.
അല്പം അധ്വാനവും സമയവും ചെലവഴിക്കാൻ സാധിക്കുമെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കേണ്ട രുചി തന്നെയാണ് ഈ ചുർമ്മുണ്ടോ.
ചേരുവകൾ
1.ആട്ട 1/2 കിലോ
2.പഞ്ചസാര 1/2 കിലോ
3.ഡാൽഡാ 500 ഗ്രാം
4.നെയ്യ് 150 ഗ്രാം
5.ഏലയ്ക്ക 8 - 10
തയ്യാറാക്കുന്ന വിധം
- ആട്ട ചപ്പാത്തിക്കൊക്കെ കുഴയ്ക്കും പോലെ എന്നാൽ അല്പം കട്ടിയായി ആവശ്യത്തിന് വെള്ളം ചേർത്ത് കുഴയ്ക്കുക. ഉപ്പൊന്നും ചേർക്കരുത്.
- ഇനി ഇതിൽ നിന്നും ഓരോ വലിയ ചെറുനാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളെടുത്തു പൂരിയുടെ വലുപ്പത്തിൽ പരത്തുക. അല്പം കട്ടിയായി തന്നെ ഇരുന്നോട്ടെ.
- ഇനി ഒരു ഫോർക്ക് കൊണ്ട് ഇതിന് മീതെ അവിടവിടെയായി കുത്തുക.
- എണ്ണയിൽ വറുക്കുമ്പോൾ പൂരി പോലെ പൊങ്ങി വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
- ഇനി വനസ്പതി ചൂടാക്കി ഓരോ പൂരികളായി വറുത്തെടുക്കുക. ഈ സ്റ്റേജ് ആണ് സമയമെടുത്തു ചെയ്യേണ്ടത്. ഗ്യാസ് അടുപ്പിന്റെ തീ ഏറ്റവും കുറഞ്ഞു തന്നെ വേണം.
- ഈ പൂരികൾ പുറമെ നന്നായി മൊരിഞ്ഞും അതേസമയം അകത്ത് അത്ര തന്നെ നന്നായി പാകമായും കിട്ടണം. വളരെ ക്ഷമയോടെ വറുത്തു എടുക്കുക.
- ഇനി പഞ്ചസാര ഏലയ്ക്ക കൂടെ ചേർത്ത് നന്നായി പൊടിക്കുക.
- വറുത്തെടുത്ത പൂരികൾ മിക്സിയിലിട്ട് നന്നായി പൊടിക്കുക. ഈ രണ്ടു പൊടികളും കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക.
- ഇനി നെയ്യ് അല്പം ചൂടാക്കി ഉരുക്കി ഇതിൽ അൽപ്പാൽപ്പമായി ഒഴിച്ച് ലഡു ഉരുട്ടിയെടുക്കുക.
ശ്രദ്ധിക്കുക
- ലഡു ഉരുട്ടിയെടുക്കുന്നതും അല്പം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഒരു കൈവെള്ളയിൽ വെച്ച് ഉരുട്ടുകയും മറുകൈയിലെ തള്ളവിരലിന്റെ താഴ്ഭാഗം കൊണ്ട് അമർത്തുകയും വേണം.
- നെയ്യ് ഒറ്റയടിക്ക് ചേർക്കാതെ അല്പാല്പമായി ചേർത്ത് തന്നെ വേണം ലഡു ഉരുട്ടിയെടുക്കാൻ.
- ഓർക്കുക, ലഡുക്കൂട്ട് അല്പം പോലും നനവ് ഇല്ലാതെ വരണ്ട രൂപത്തിലാണ് തയ്യാറാക്കേണ്ടത്. നെയ്യിന്റെ നനവിൽ വേണം ലഡു ഉണ്ടാക്കാൻ.
Content Highlights: Explore the traditional Konkani sweet, Churmundos, a unique wheat-based laddoo perfect for Diwali.