ചേമ്പ്-ബീറ്റ്റൂട്ട് മുളകൂഷ്യം പരീക്ഷിച്ചാലോ?

അടുക്കളയ്ക്കപ്പുറം കിഴക്കേ തൊടിയിൽ നിറയെ ചേമ്പ് നടാറുണ്ട്. അര - മുക്കാൽ അടി വലുപ്പമുള്ള ബ്രൗൺ നിറമുള്ള വിത്തുള്ള ചെമ്പിനെ ഞങ്ങൾ ശീമ ചേമ്പ് എന്നും മുഴുത്ത നെല്ലിക്കയുടെ വലുപ്പമുള്ള ചെമ്പിനെ ചെറു ചേമ്പ് എന്നുമാണ് വിളിച്ചിരുന്നത്. വെറുതെ പുഴുങ്ങി തിന്നാനും, പയറും ചേനയും കാച്ചിലും ചെറു കിഴങ്ങും കൂർക്കയും എത്തയ്‌ക്കയും ഒക്കെ ചേർത്ത് പുഴുക്ക് ഉണ്ടാക്കാനും പൊതുവേ ശീമ ചേമ്പാണ് ഉപയോഗിക്കാറ്. കറി വയ്ക്കാൻ വഴുവഴുപ്പ് കൂടുതലുള്ള ചെറു ചേമ്പും. ചെറു ചേമ്പ് ഇല്ലെങ്കിൽ ശീമ ചേമ്പ് കൊണ്ടും മുളകൂഷ്യം ഉണ്ടാക്കാറുണ്ട്.
മുളകൂഷ്യം അല്ലെങ്കിൽ മുളകോഷ്യം എന്നറിയപ്പെടുന്ന ഈ നാടൻ വീട്ടു കറി (വീട്ടിൽ മാത്രം ഉണ്ടാക്കാറുള്ള, പൊതുവെ ഹോട്ടലുകളിൽ കിട്ടാത്ത കറി) പല നാടുകളിൽ/ വീടുകളിൽ പല തരത്തിലാണ് ഉണ്ടാക്കാറുള്ളത്. കറിയ്ക്കരയ്ക്കാൻ തേങ്ങ ഇല്ലാത്ത നാളുകളിൽ മുളകും മഞ്ഞളും അമ്മിക്കല്ലിൽ അരച്ചു ചേർത്ത് അമ്മ എളുപ്പം ഉണ്ടാക്കി തരാറുള്ള കറിയാണ് ചേമ്പ് മുളകൂഷ്യം.
കറി ഏതായാലും, കറി കാണാനുള്ള സൗന്ദര്യവും കൊതിപ്പിക്കുന്ന മണവും കറിയുടെ രുചി കൂട്ടും എന്നാണല്ലോ. പെങ്ങളുടെ കുഞ്ഞുങ്ങൾ ചെറുതായിരുന്ന കാലത്ത് അവർക്ക് ഈ ചേമ്പ് മുളകൂഷ്യത്തോട് താത്പര്യം തോന്നുന്നതിനായി (വിളറിയ മഞ്ഞ നിറത്തിനു പകരം ബീറ്റ് റൂട്ടിന്റെ മോഹിപ്പിക്കുന്ന മജന്ത നിറം കിട്ടുന്നതിനായി) അമ്മ ഒരു ബീറ്റ് റൂട്ട് കൂടി ചേർക്കാറുണ്ട്. ഇന്നു കിട്ടിയത് കുറച്ചു ശീമ ചേമ്പ് ബീറ്റ് റൂട്ട് ചേർത്ത് മുളകൂഷ്യം വച്ചത് ഇങ്ങനെയാണ്.
ചേരുവകൾ (നാലു പേർക്ക്)
- ശീമ ചേമ്പ് - 400 gm (തൊലി നീക്കം ചെയ്ത് ഇടത്തരം കഷണങ്ങളായി നുറുക്കിയത്)
- ബീറ്റ് റൂട്ട് - 100 gm ( ഒന്ന്, ഇടത്തരം വലുപ്പമുള്ളത്, തൊലി നീക്കം ചെയ്ത് നുറുക്കിയത്)
- ചുവന്നുള്ളി - 50 gm (തൊലി നീക്കം ചെയ്ത് കഴുകി നീളത്തിൽ കീറിയത്)
- പച്ച മുളക് - 2 (കഴുകി നീളത്തിൽ കീറിയത്)
- വാളൻ പുളി - ഒരു ചെറു നെല്ലിക്കാ വലുപ്പത്തിൽ
- മുളക് പൊടി - ഒരു ടീ സ്പൂൺ
- മഞ്ഞൾ പൊടി - അര ടീ സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- കടുക് താളിക്കാൻ - വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
- വറ്റൽ മുളക് - രണ്ട്
- വട്ടത്തിൽ അരിഞ്ഞ ചുവന്നുള്ളി - നാല്
- കറിവേപ്പില - ഒരു തണ്ട്,
- കടുക് അര ടീ സ്പൂൺ.
പാചക ക്രമം
നുറുക്കിയ ചേമ്പും ബീറ്റ് റൂട്ടും ഉള്ളിയും പച്ച മുളകും മുളക് പൊടിയും മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ചേമ്പ് വെന്തു വരുമ്പോൾ പുളി പിഴിഞ്ഞൊഴിച്ച് ഒരു മിനിറ്റ് കൂടി തിളപ്പിച്ച ശേഷം വാങ്ങാം. ചീനച്ചട്ടിയിൽ എണ്ണ മൂപ്പിച്ച് കടുക് പൊട്ടിച്ച് രണ്ടായി മുറിച്ച വറ്റൽ മുളകും നുറുക്കിയ ഉള്ളിയും കറിവേപ്പിലയും വറുത്ത് ഒഴിക്കുക കൂടി ചെയ്‌താൽ പണി കഴിഞ്ഞു. മുളകൂഷ്യം തയ്യാർ.
Content Highlights: Learn how to make Chembu Mulakusia, a flavorful Kerala-style taro root curry with a touch of beetroo