ഇന്ത്യൻ സൈനികനെ ചൈനീസ് ആർമി പിടികൂടുന്ന ദൃശ്യങ്ങളോ ഇത്? | Fact Check

അരുണാചലിലെ പല അതിർത്തി പ്രദേശങ്ങളിലും ചൈന കടന്നുകയറിയെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബോസിറാം ശ്രീറാം ആരോപിച്ചിരുന്നു. ഈ വാദം സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നുമില്ല എന്നായിരുന്നു അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പ്രതികരിച്ചത്. ചൈനീസ് നുഴഞ്ഞുകയറ്റം സംബന്ധിച്ച് വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ പല വ്യാജ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നുണ്ട്. അത്തരത്തിൽ പ്രചരിക്കുന്നൊരു വീഡിയോയാണ് ചൈനീസ് സൈന്യം ഇന്ത്യൻ സൈനികനെ പിടികൂടി എന്നത്. എന്നാൽ ഈ വീഡിയോ ഇപ്പോഴത്തേതല്ല എന്ന് പരിശോധനയിൽ കണ്ടെത്തി.
മലകളാൽ ചുറ്റപ്പെട്ടൊരു തടാകക്കരയിൽ സൈനിക വേഷത്തിൽ ഏതാനും പേർ നിൽക്കുന്നതും ഇവർക്ക് സമീപത്തായി കൈകാലുകൾ ബന്ധിച്ച ഒരാൾ കിടക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തിൽ. കൂട്ടത്തോടെ നിൽക്കുന്നവരുടെ യൂണിഫോമിൽ ചൈനീസ് സൈന്യത്തിന്റെ (പിഎൽഎ) ചിഹ്നവും പശ്ചാത്തലത്തിൽ കാണുന്ന ബോട്ടിൽ ചൈനീസ് പതാകയുമുണ്ട്. സംഘത്തിലെ ഒരു സൈനികൻ മറ്റുള്ളവരോട് സംസാരിക്കുന്നതും തുടർന്ന് നിലത്തു കിടക്കുന്നയാളെ ബന്ധിച്ചിരുന്ന കയറുകൾ അഴിച്ച് മാറ്റി മറ്റു നാലുപേർ ചേർന്ന് ഇയാളെ ചുമന്നുകൊണ്ടു പോകുന്നതും കാണാം. ചൈനീസ് സൈനികർ നിൽക്കുന്നതിന് എതിർവശത്തായി ദൂരെമാറി വലിയൊരു സംഘം ആൾക്കാർ നിൽക്കുന്നതും വീഡിയോയിലുണ്ട്. “പാങ്കോങ് തടാകക്കരയിൽ ഇന്ത്യ-ചൈന സംഘർഷം: പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) പിടികൂടിയ രണ്ടാമത്തെ ഇന്ത്യൻ സൈനികൻ. ഇന്ത്യൻ സൈനികനെ മോചിപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ.” എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന വിവരണം.
ലഡാക്കിൽ ഹിമാലയൻ നിരകളിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഉപ്പുവെള്ള തടാകമാണ് പാങ്കോങ്. ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാർത്ഥ നിയന്ത്രണ രേഖ (LAC) ഇതിലൂടെ കടന്നുപോകുന്നതിനാൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒരു മേഖലയാണിത്. പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നതുപോലെ ഇവിടെ ഇന്ത്യ-ചൈന സൈന്യം തമ്മിൽ പ്രശ്നങ്ങൾ നടന്നതായി റിപ്പോർട്ടുകളൊന്നുമില്ല.
പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിച്ചതിൽ നിന്നും ഇതേ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ കഴിഞ്ഞ വർഷം പങ്കുവച്ചതായി കണ്ടെത്തി. ‘പർവതപ്രദേശത്ത് ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് സമീപം ഡ്യൂട്ടിയിലായിരുന്ന ഇന്ത്യൻ സൈനികൻ ബോധരഹിതനായി വീഴുകയും, പരിക്കേറ്റ് കിടന്ന ഇയാൾക്ക് ചൈനീസ് സൈനികർ പ്രഥമശുശ്രൂഷ നൽകി അദ്ദേഹത്തിന്റെ യൂണിറ്റിന് സുരക്ഷിതമായി കൈമാറി’ എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം.
ഹിന്ദി വാർത്താ മാധ്യമമായ ന്യൂസ് 18, 2025 ഡിസംബർ 16-ന് ഇത് സംബന്ധിച്ച ഒരു വാർത്ത നൽകിയിരുന്നു. മേൽപ്പറഞ്ഞിരിക്കുന്ന വിവരങ്ങൾ തന്നെയാണ് വാർത്തയിലും പറയുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 15-ലെ ഒരു എക്സ് പോസ്റ്റിനെ ഉദ്ധരിച്ചുകൊണ്ടാണ് വാർത്ത. ചൈനീസ് അനുകൂല എക്സ് അക്കൗണ്ടാണിതെന്ന് പരിശോധനയിൽ വ്യക്തമായി. പ്രമേഹരോഗിയായ ഇന്ത്യൻ സൈനികൻ വഴിതെറ്റി കുഴഞ്ഞുവീണുവെന്നും ചൈനീസ് സൈനികർ അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം നൽകുകയും ഇന്ത്യൻ സൈനികന്റെ റൈഫിൾ പിടിച്ചെടുത്തതായുമാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്.
വൈറൽ ദൃശ്യങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും പഴയ ദൃശ്യങ്ങളാണ് ഇപ്പോഴത്തേതെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.
Content Highlights: The viral video claiming Chinese PLA captured an Indian soldier is old and misleadingly shared., Reports indicate the footage is from a previous incident near the Line of Actual Control (LAC)., No recent clashes or captures of Indian soldiers by the Chinese army have been reported in the region.