ഡൽഹിയിൽ സമരത്തിൽ പങ്കെടുക്കാൻ പോകുന്ന CJP പ്രവർത്തകരുടെ ദൃശ്യങ്ങളോ ഇത്? | Fact Check

#ഫാക്‌ട് ചെക്ക് ഡെസ്‌ക്ക്

ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ  പങ്കെടുക്കാനായി പ്രവർത്തകർ അപകടകരമായ രീതിയിൽ ട്രെയ്നിന്‍റെ മുകളിൽ കയറി യാത്ര ചെയ്ത് വരുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമമായ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യാത്രക്കാരാൽ നിറഞ്ഞു കവിഞ്ഞ ട്രെയിൻ യാത്രയുടെ ഈ വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിലെ കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്ത് അന്വേഷിച്ചു. സമാനമായ അവകാശവാദങ്ങളോടെ മറ്റ് പലരും ഈ വീഡിയോ ഫേസ്‌ബുക്ക് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായി കണ്ടെത്തി. വീഡിയോ സൂക്ഷമമായി പരിശോധിച്ചാൽ അതിൽ RRBD എന്നൊരു വാട്ടർമാർക്ക് കാണാൻ സാധിക്കും. ഈ സൂചന അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിൽ Railway Road Bangladesh എന്ന ഫെയ്‌സ്ബുക്ക് പേജിൽ എത്തിച്ചേർന്നു.

ബംഗ്ലാദേശിലെ ധാക്കയിൽനിന്നുള്ള ഫെയ്‌സ്ബുക്ക് പേജിൽ ഇതേ വീഡിയോ സെപ്റ്റംബർ 5-ന് തന്നെ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. ബംഗ്ലാദേശ് റെയിൽവെയുമായി ബന്ധപ്പെട്ട വീഡിയോകൾ പതിവായി പങ്കുവെക്കുന്ന പേജാണിത്. സിജെപി പ്രതിഷേധം തുടങ്ങിയത് ഒക്ടോബറിലാണ് എന്നിരിക്കെ വൈറൽ വീഡിയോ സെപ്തംബർ മുതലേ ഇൻറർനെറ്റിൽ ലഭ്യമാണെന്ന് പരിശോധനയിൽ വ്യക്തമായി.

വാസ്തവം

വ്യാജപ്രചരണമാണ് ഇത്. ഒക്ടോബർ 10-ലെ ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വന്ന സിജെപി പ്രവർത്തകരുടെ ദൃശ്യങ്ങളെന്ന പേരിൽ പ്രചരിക്കുന്നത് ബംഗ്ലാദേശിൽനിന്നുള്ള പഴയ ദൃശ്യങ്ങളാണ്.

Content Highlights: A viral video claims CJP activists are traveling dangerously on a train to a Delhi protest., Mathrubhumi Fact Check found the video is actually from Bangladesh, dated September., The video originates from the 'Railway Road Bangladesh' Facebook page., The claim linking the video to the October 10 Jantar Mantar protest is completely false.