കോൺഗ്രസ് പ്രവർത്തകർ സോണിയ ഗാന്ധിയുടെ പുസ്തകം തെരുവ് കച്ചവടക്കാരന് വിറ്റോ? | Fact Check

#ഷിബിന വാസുദേവൻ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ 'Belonging: A Journey of Love' എന്ന പുസ്തകം വാങ്ങാനാളില്ലാതെ മുംബൈയിലെ തെരുവ് കച്ചവടക്കാരുടെ പക്കൽ കെട്ടിക്കിടക്കുന്നു എന്ന പരിഹാസത്തോടെ ഒരു വീഡിയോ എക്സിൽ വൈറലാണ്. കോൺഗ്രസ് പ്രവർത്തകർക്ക് വിതരണത്തിനായി നൽകിയ പുസ്തകങ്ങൾ അവർ ആക്രിസാധനം കണക്കെ തൂക്കിവിൽക്കുകയായിരുന്നുവെന്നാണ് ഇതിൽ ആരോപിക്കുന്നത്. സോണിയ ഗാന്ധിയുടെ ഓർമ്മപ്പുസ്തകത്തിന്‍റെ ഔദ്യോഗിക പ്രകാശനച്ചടങ്ങ് ഇക്കഴിഞ്ഞ ദിവസമായിരുന്നു ഡൽഹിയിൽ നടന്നത്. ഇതിനു തൊട്ടുപിന്നാലെയാണ് ഈ വീഡിയോ എക്സിൽ വൈറലായത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പല പരാമർശങ്ങളും ഇതിനകംതന്നെ വിവദമായിരുന്നു. തീവ്രവലതുപക്ഷ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പുസ്തകത്തിനെതിരായി വ്യാപക പ്രചാരണവും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരത്തിലൊരു സംഭവം നടന്നിരുന്നെങ്കിൽ തീർച്ചയായും അത് വാർത്തയായേനെ. എന്നാൽ, അത്തരത്തിലുള്ള വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. വീഡിയോയുടെ കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഹിന്ദുസ്ഥാൻ ടൈംസ് 2019 ഓഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഇതേ പശ്ചാത്തലത്തിലുള്ള ഒരു ചിത്രം ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. ഡൽഹിയിലെ തെരുവ് കച്ചവടക്കാർ നേരിടുന്ന ഉപജീവന പ്രതിസന്ധികളെയും ഒഴിപ്പിക്കൽ ഭീഷണികളെയും കുറിച്ചുള്ളതാണ് ഈ ലേഖനം. ഈ ചിത്രത്തിൽ കാണുന്ന വ്യക്തികളെ അതേ വസ്ത്രത്തിൽ തന്നെ വൈറൽ വീഡിയോയിലും കാണാം.

https://www.hindustantimes.com/opinion/about-time-we-made-space-for-street-vendors-in-delhi/story-Dh9ahwCdIMGHoWNlxFaZ0O.html

തുടർന്ന് വീഡിയോ സൂക്ഷമായി പരിശോധിച്ചപ്പോൾ എഐ ജനറേറ്റഡ് വീഡിയോകളിൽ കണ്ടുവരുന്ന ഒട്ടേറെ അപാകതകൾ ഇതിലും കണ്ടെത്താനായി. വീഡിയോയുടെ തുടക്കത്തിൽ ഉയരത്തിൽ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ ക്യാമറ നീങ്ങുമ്പോൾ പെട്ടെന്ന് അപ്രത്യക്ഷമാവുകയും മേശപ്പുറത്ത് നിരന്ന് കിടക്കുകയും ചെയ്യുന്നു. പുസ്തകത്തിന്‍റെ കവർ ചിത്രം പല ഫ്രെയിമുകളിലും വികൃതമാവുന്നുണ്ട്. ചില ഫ്രെയ്മുകളിൽ പുസ്തകത്തിന്റെയും ഗ്രന്ഥകർത്താവിന്റെയും പേര് വായിക്കാൻ കഴിയാത്തവിധം മങ്ങുന്നതായും കാണാം. കച്ചവടക്കാരൻ പുസ്തകം കയ്യിലെടുക്കുമ്പോൾ അത് നേർത്ത ഒരു ഷീറ്റ് പോലെ വളഞ്ഞു പോകുന്നു. ചില ഫ്രെയിമിലാകട്ടെ കടക്കാരന്‍റെ കൈവിരലുകളും പുസ്തകത്തിന്റെ അരികുകളും തിരിച്ചറിയാനാകാത്ത തരത്തിൽ ലയിച്ചു പോയിട്ടുമുണ്ട്. ഇയാളുടെ കൈകളുടെ ചലനങ്ങൾ കൃത്രിമവും കേൾക്കുന്ന സംഭാഷണവും ചുണ്ടുകളുടെ ചലനവും വ്യത്യസ്തവുമാണ്. അതായത്, വീഡിയോയുടെ അവസാന ഭാഗത്ത് ഹിന്ദിയിൽ സംസാരിക്കുന്ന ഓഡിയോ തുടരുമ്പോഴും കടക്കാരന്‍റെ ചുണ്ടുകൾ ചലിക്കുന്നില്ല.

ഇതൊല്ലാം പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതമാകാമെന്ന സൂചനയാണ് നൽകുന്നത്. തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് വീഡിയോ പരിശോധിച്ചു. ദൃശ്യങ്ങൾ 61 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതം.

Content Highlights: A viral video claimed Sonia Gandhi's memoir 'Belonging: A Journey of Love' was sold as scrap by Congress workers., Mathrubhumi Fact Check found the claim to be completely false., Reverse image search revealed the visuals were lifted from an unrelated 2019 Hindustan Times article about Delhi street vendors., AI detection tools and visual anomalies confirmed the viral video is AI-generated.