മഹാരാജാസ് വിവാദം; പ്രതിഷേധക്കാരെ സ്റ്റേജിലേക്ക് വിട്ടത് അധ്യാപികയെന്ന് വ്യാജപ്രചാരണം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

മഹാരാജാസ് കോളേജിൽ ബിരുദദാനച്ചടങ്ങിനിടെ മന്ത്രി റോജി ജോണിനെതിരെ പ്രതിഷേധിച്ച രണ്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തിരുന്നു. യൂണിയൻ ചെയർപേഴ്സൺ വി. പ്രനീൽരാജ്, വൈസ് ചെയർപേഴ്‌സൺ നഫീസത്തുൽ മിസ്രിയ എന്നിവരെയാണ് അന്വേഷണവിധേയമായി 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്‌തത്‌. നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കാമ്പസിൽ മാർച്ച് നടത്തുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “എസ് എഫ് ഐക്ക് തെമ്മാടിത്തരം കാണിക്കാൻ സ്റ്റേജിലേക്ക് കയറ്റി വിടുന്ന കോളേജ് അധ്യാപികക്ക് എതിരെയും കേസെടുക്കണം” എന്ന വാദത്തോടെയാണ് വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. എന്നാൽ അധ്യാപികയാണ് എസ്എഫ്ഐ പ്രവർത്തകരെ വേദിയിലേക്ക് കയറ്റി വിട്ടതെന്ന പ്രചാരണം വ്യാജമാണെന്ന് വസ്തുത പരിശോധനയിൽ കണ്ടെത്തി.

അന്വേഷണം

വൈറൽ വീഡിയോയിൽ ഒരു സാരിയുടുത്ത ഒരു യുവതിയെ കാണാം. ഇവർ അധ്യാപികയാണെന്നും പ്രതിഷേധക്കാരെ മന്ത്രിയുടെ അടുത്തേക്ക് കയറ്റി വിട്ടത് ഇവരാണ് എന്നുമാണ് പോസ്ററിലെ വാദം. ബിരുദദാനച്ചടങ്ങിൽ‌ നിന്നുള്ള ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സംപ്രേഷണം ചെയ്ത വാർത്താ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. പ്രചരിക്കുന്ന വീഡിയോയിൽ കാണപ്പെടുന്ന അതേ യുവതിയെ വാർത്താ ദൃശ്യങ്ങളിലും കാണാം.

ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിൽ മഹാരാജാസ് കോളേജ് എസ്എഫ്ഐ യൂണിറ്റിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ നിന്നും ഒരു ഫോട്ടോ ലഭിച്ചു. കഴിഞ്ഞ സെപ്തംബർ 20-ന് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ വീഡിയോയിലുള്ള അതേ പെൺകുട്ടിയാണുള്ളത്. "എസ്എഫ്ഐ മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഖാവ് സെയ്താലി രക്തസാക്ഷി അനുസ്മരണ ചടങ്ങ് എസ്എഫ്ഐ എറണാകുളം ഏരിയ സെക്രട്ടറിയേറ്റ് അംഗം സഖാവ് അധീന ഉദ്ഘാടനം ചെയ്തു" എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന വിവരണം.

ഈ ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ അധീന മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞു. തുടർന്ന് അധീനയുമായി ഫോണിൽ ബന്ധപ്പെട്ടു. ഈ പ്രചാരണം വ്യാജമാണെന്നും താൻ ഉൾപ്പെട്ട ബാച്ചിന്‍റെ കോൺവൊക്കേഷനായിരുന്നു അന്ന് കോളേജിൽ നടന്നതെന്നും അവർ വ്യക്തമാക്കി. ഇതിലൂടെ, സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അവകാശപ്പെടുന്നത് പോലെ വീഡിയോയിൽ കാണുന്ന യുവതി കോളേജിലെ അധ്യാപികയല്ലെന്നും മറിച്ച് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നെന്നും വ്യക്തമായി.

വാസ്തവം

ഈ പ്രചാരണം വ്യാജമാണ്. വൈറൽ വീഡിയോയിൽ കാണുന്ന യുവതി കോളേജ് അധ്യാപികയല്ല മറിച്ച് മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്. അവർ ഉൾപ്പെട്ട ബാച്ചിന്‍റെ ബിരുദദാന ചടങ്ങിനിടെയായിരുന്ന വിദ്യാർത്ഥി പ്രതിഷേധം നടന്നത്.

Content Highlights: Two SFI student leaders were suspended following a protest against Minister Roji John at Maharaja's College convocation., A viral social media claim stated that a college teacher helped students get on stage to protest., Fact-checking revealed that the woman in the video is not a teacher, but a former student and SFI leader named Adheena.