ഇസ്രയേലിനെ പിന്തുണയ്ക്കുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞോ? | Fact Check

ഇസ്രയേൽ- ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലെയും യുക്രൈനിലേയും യുദ്ധങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, ഇസ്രയേലിനെ ഇന്ത്യ പിന്തുണയ്ക്കുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞുവെന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ഒരു പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ രാജ്നാഥ് സിങ് ഇക്കാര്യം പരസ്യമായി സമ്മതിച്ചുവെന്ന തരത്തിലാണിത്.
പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത് :
“പ്രധാനമന്ത്രി മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് പിന്നാലെ ഇറാനിലുണ്ടായ ആക്രമണം, ഇന്ത്യ തങ്ങളുടെ പങ്കാളിയോടുള്ള ഐക്യദാർഢ്യം വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ സുരക്ഷയ്ക്കും സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിനും ഇന്ത്യയുടെ പിന്തുണയുണ്ട്.”
എന്നാൽ, പ്രചരിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥമല്ലെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
"کوئی کُتا بھی مسلمانوں کے خلاف کھڑا ہو جائے تو یہ اُس کے ساتھ کھڑے ہو جاتے ہیں"
Indian defense minister Rajnath Singh is expressing support for Israel’s attack against Iran.
It has been very clear that india is in favor of killing Muslims. #IranIsraelWar #TelAviv pic.twitter.com/Ra8GKN4sHQ— Aaisha 🇵🇰 (@AaishaaSoomro) March 3, 2026
അന്വേഷണം
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഫെബ്രുവരി 28-ന് പ്രസ്താവന ഇറക്കിയിരുന്നു.സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാൻ രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം എന്നുമായിരുന്നു പ്രസ്താവനയിൽ ഉന്നിപ്പറഞ്ഞത്.
തുടർന്ന്, മാർച്ച് 1-ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ-ഇസ്രയേൽ വിഷയത്തിൽ തന്റെ ആദ്യ പ്രതികരണം നടത്തിയിരുന്നു. മേഖലയിലെ സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, നയതന്ത്ര ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്രയേലിനെ ഇന്ത്യ പിന്തുണയ്ക്കുന്നതായി പരസ്യ നിലപാടെടുത്തിട്ടില്ല. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന പോലൊരു പ്രസ്താവന കേന്ദ്രമന്ത്രി രാജ്നാഥ് സിങ് നടത്തിയിരുന്നെങ്കിൽ അത് വാർത്തയായേനെ. അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല.
വൈറലായ ദൃശ്യങ്ങളിൽ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയുടെ ലോഗോ കാണാം. തുടർന്ന് എഎൻഐ ഈ വീഡിയോ പങ്കുവച്ചിരുന്നോ എന്ന് പരിശോധിച്ചു. എഎൻഐയുടെ ഔദ്യോഗിക എക്സ് പേജിൽ 2025 നവംബർ 23-ന് പങ്കുവച്ച പോസ്റ്റ് കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന അതേ പശ്ചാത്തലത്തിൽ രാജ്നാഥ് സിങ് പ്രസംഗിക്കുന്ന ദൃശ്യങ്ങളാണിതിൽ.
“ഇന്ന് സിന്ധ് പ്രദേശം ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, എന്നാൽ, സാംസ്കാരികമായി സിന്ധ് എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂപ്രദേശത്തിന്റെ കാര്യം പറയുകയാണെങ്കിൽ, അതിർത്തികൾ മാറാവുന്നതേയുള്ളൂ. ആർക്കറിയാം, നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാം: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്” എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം.
#WATCH | Delhi: Defence Minister Rajnath Singh says, "...Today, the land of Sindh may not be a part of India, but civilisationally, Sindh will always be a part of India. And as far as land is concerned, borders can change. Who knows, tomorrow Sindh may return to India again..."… pic.twitter.com/9Wp1zorTMt
— ANI (@ANI) November 23, 2025
വിശദമായ പരിശോധനയിൽ രാജ്നാഥ് സിങ്ങിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ 2025 നവംബർ 23-ന് ഇതേ വീഡിയോ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. ഡൽഹിയിലെ സിന്ധി സമാജ് സമ്മേളനത്തിൽ രാജ്നാഥ് സിങ് നടത്തിയ പ്രസംഗം എന്നാണ് വീഡിയോയുടെ തലക്കെട്ട്. അതായത് നിലവിലെ ഇറാൻ-ഇസ്രയേൽ സംഘർഷങ്ങൾക്ക് എത്രയോ മാസങ്ങൾ മുൻപുള്ളതാണ് ഈ വീഡിയോ. ഇതിൽനിന്നു പ്രചരിക്കുന്ന വീഡിയോ എഡിറ്റഡ് ആണെന്ന് വ്യക്തമായി.
തുടർന്ന് വൈറൽ വീഡിയോ എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചു. വൈറൽ വീഡിയോയിലെ സംഭാഷണം 99.7 ശതമാനം എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്. പരിശോധനാഫലം ചുവടെ കാണാം.
ഇസ്രയേലിനെ ഇന്ത്യ പിന്തുണയ്ക്കുന്നു എന്ന പ്രസ്താവന രാജ്നാഥ് സിങ് നടത്തിയിട്ടില്ല. രാജ്നാഥ് സിങ്ങിൻ്റെ പേരിൽ നടക്കുന്ന പ്രചാരണം തീർത്തും വ്യാജമാണെന്ന് കേന്ദ്ര സർക്കാറിന്റെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയും ഔദ്യോഗിക എക്സ് ഹാൻറിലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
A digitally manipulated video of Defence Minister @rajnathsingh is being circulated online by Pakistani propaganda accounts, falsely claiming that he made remarks supporting Israel’s attack on Iran.#PIBFactCheck
✅ Defence Minister Rajnath Singh has made no such statement.
👉… pic.twitter.com/9B87JL8ODi— PIB Fact Check (@PIBFactCheck) March 3, 2026
വാസ്തവം
ഈ പ്രചാരണം വ്യാജമാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിൻ്റെ പ്രസംഗ ദൃശ്യങ്ങളിൽ എഐ ഉപയോഗിച്ച് വ്യാജ ഓഡിയോ ചേർത്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Debunks a viral video claiming Defence Minister Rajnath Singh supports Israel., Confirms the video's audio is an AI-generated fake, with 99.7% AI detection., The original footage is from a Sindhi Samaj event in November 2023., Reiterates India's official stance calling for de-escalation and diplomacy in West Asia.