പാർക്കിലിരുന്ന കമിതാക്കളെ അടിച്ചോടിച്ച ആൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ ദൃശ്യങ്ങളോ ഇത്? | Fact Check

മുംബൈയിലെ കുർളയിൽ പ്രമോദ് മഹാജൻ ഗാർഡനിൽവച്ച് ഫോട്ടോ എടുക്കുകയായിരുന്ന കമിതാക്കളെ ആൺകുട്ടികളുടെ സംഘം അശ്ലീല കമൻ്റുകൾ പറഞ്ഞ് ശല്യം ചെയ്യുകയും പിന്നീട് ആക്രമിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നവംബർ 20-ന് നടന്ന സംഭവത്തിന് പിന്നാലെ എട്ട് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ എന്ന വാദത്തോടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില വാർത്താ മാധ്യമങ്ങളടക്കം ഇതേ വാദത്തോടെ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, വസ്തുതാ പരിശോധനയിൽ ഈ ദൃശ്യങ്ങൾ കുർള സംഭവവുമായി ബന്ധപ്പെട്ടതല്ല എന്ന് കണ്ടെത്തി.
അന്വേഷണം
കമിതാക്കളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട ആൺകുട്ടികൾ പോലീസ് പിടികൂടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, വൈറൽ വീഡിയോയിൽ കാണുന്നപോലെ ഇവരെ പൊതുനിരത്തിലൂടെ നടത്തിച്ച് മാപ്പ് പറയിച്ചതായി കണ്ടെത്താനായില്ല. തുടർന്ന് പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രയ്മുകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്ത് പരിശോധിച്ചു. പ്രചരിക്കുന്ന വീഡിയോയുടെ കൂടുതൽ ക്ലാരിറ്റിയുള്ള പതിപ്പുകൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ സൂക്ഷമായി പരിശോധിച്ചാൽ, ഇതിൽ കാണുന്ന പോലീസുകാരുടെ യൂണിഫോം ബാഡ്ജിൽ ഗുജറാത്ത് പോലീസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.
പ്രചരിക്കുന്ന വീഡിയോ ഗുജറാത്തിൽ നിന്നുള്ളതാകാം എന്ന ഈ സൂചന അടിസ്ഥാനമാക്കി അന്വേഷിച്ചു. കീവേർഡ് സർച്ച് ചെയ്തതിൽനിന്നു ഗുജറാത്ത് ലൈവ് എന്ന പ്രാദേശിക മാധ്യമത്തിൽ ഇതേ ദൃശ്യങ്ങൾ അടങ്ങിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 2026 നവംബർ 14-നാണ് ഇത് പോസ്റ്റ് ചെയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഗുജറാത്തിലെ സൂറത്ത് നഗരത്തിൽനിന്നുള്ള ദൃശ്യങ്ങളാണിത്. ദീപാവലി ദിവസം പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 18 വയസ്സുകാരനായ സന്തോഷ് മോറെ കൊല്ലപ്പെട്ടിരുന്നു. ഈ കൊലക്കേസിലെ പ്രതികളെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളാണിത്.
നവംബർ 20-നായിരുന്നു മുംബൈയിലെ സംഭവം നടന്നതെങ്കിൽ പ്രചരിക്കുന്ന ഈ വീഡിയോ നവംബർ 14 മുതൽ ഇൻർനെറ്റിൽ ലഭ്യമാണ്. ഇതിൽനിന്നെല്ലാം പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. മുംബൈയിലെ പാർക്കിൽ കമിതാക്കളെ ആക്രമിച്ച ആൺകുട്ടികളെ പോലീസ് പിടികൂടിയതിന്റെ ദൃശ്യങ്ങളല്ല ഇത്. മറിച്ച് ഗുജറാത്തിലെ സൂറത്തിൽ ദീപാവലി ദിവസം 18-കാരൻ കൊല്ലപ്പെട്ട കേസിൽ ഉൾപ്പെട്ട പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിൻറേതാണ്.
Content Highlights: Viral video claims to show the arrest of boys who assaulted a couple in Mumbai's Kurla garden on November 20., Fact check reveals the video actually shows Gujarat police arresting suspects in an 18-year-old's murder case in Surat., The viral video dates back to November 14, 2026, predating the Mumbai incident., Police uniforms in the video clearly display Gujarat Police badges.