ബിജെപിയിൽ ചേർന്നതിന് ശേഷം രാഘവ് ഛദ്ദ നടത്തിയ ക്ഷേത്രദർശനത്തിന്‍റെ ദൃശ്യങ്ങളോ ഇത്? | Fact Check

രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് എംപിമാർ ബിജെപിയിൽ ചേർന്നത് എഎപിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതോടെ രാജ്യസഭയിൽ എഎപി അംഗങ്ങളുടെ എണ്ണം പത്തിൽനിന്നു മൂന്നായി ചുരുങ്ങി. ഈ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ, രാഘവ് ഛദ്ദയും അദ്ദേഹത്തിൻ്റെ ഭാര്യയും ചലചിത്രതാരവുമായ പരിനീതി ചോപ്രയും ക്ഷേത്രദർശനം നടത്തി എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങി സമൂഹമാധ്യമങ്ങളിൽ സമാന അവകാശവാദത്തോടെ ഇതേ വീഡിയോ പ്രചരിക്കുന്നതായി കണ്ടെത്തി. അക്കൂട്ടത്തിൽ, വാർത്താ ചാനലായ എൻഡിടിവി ഇതേ വീഡിയോ 2023 ഓഗസ്റ്റ് 26-ന് പ്രസിദ്ധീകരിച്ചതായി കണ്ടു. രാഘവ് ഛദ്ദയും ഭാര്യ പരിനീതി ചോപ്രയും മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രം സന്ദർശിച്ചു എന്ന വിവരണത്തോടെയാണിത്. ശ്രാവണ മാസത്തോടനുബന്ധിച്ചായിരുന്നു അവരുടെ ക്ഷേത്രദർശനം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2026 ഏപ്രിലിലാണ് രാഘവ് ഛദ്ദ എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. പ്രചരിക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം ബിജെപിയിൽ ചേരുന്നതിനു മൂന്ന് വർഷങ്ങൾക്ക് മുൻപുള്ളതാണെന്ന് വ്യക്തമായി.
പങ്കാളിക്കൊപ്പം നടത്തിയ ക്ഷേത്ര ദർശനത്തിൻ്റെ ഈ വീഡിയോ ഇക്കഴിഞ്ഞ ശിവരാത്രിയോട് (2026 ഫെബ്രുവരി 15 ) അനുബന്ധിച്ച് രാഘവ് ഛദ്ദ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ വീണ്ടും പങ്കുവച്ചിരുന്നു. അത് ചുവടെ കാണാം.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. 2023-ലെ ദൃശ്യങ്ങളാണ് രാഘവ് ഛദ്ദ ബിജെപിയിൽ ചേർന്ന ശേഷം പങ്കാളിക്കൊപ്പം ക്ഷേത്രദർശനം നടത്തി എന്ന വാദത്തോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
Content Highlights: Viral claim suggests Raghav Chadha visited a temple after joining BJP in April 2026., Investigation confirms the video is from August 2023, filmed at Mahakaleshwar Temple., The video predates his switch to BJP by three years., The footage was recently reposted by Chadha during Shivratri 2026, leading to the misinformation.