കാലടി സർവ്വകലാശാല സമരം തീർക്കാൻ രക്തസാക്ഷി വേണമെന്ന് എ.എ റഹീം പറഞ്ഞോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണം എന്ന ആവശ്യവുമായി സമരം ചെയ്ത 16 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടക്കുകയാണ്. കാലടിയിലെ വിദ്യാർഥികളുടെ പ്രശ്നങ്ങൾ കോടതി തീരുമാനിക്കട്ടെ എന്നായിരുന്നു ഉന്നതവിദ്യാഭ്യസ മന്ത്രി റോജി എം. ജോൺ പ്രതികരിച്ചത്.

ഇതിനിടെ കാലടി സമരവുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ ഫെസ്ബുക്കിൽ വൈറലാണ്. “ഒരു രക്തസാക്ഷി ഉണ്ടായെങ്കിൽ മാത്രമേ ഈ സമരത്തിനൊരു പരിഹാരമുള്ളൂ, ഗവൺമെൻറിന്‍റെ കണ്ണ് തുറപ്പിക്കാൻ കഴിയുകയുള്ളൂ എങ്കിൽ അതിനും തയ്യാർ” എന്ന് സിപിഎം രാജ്യസഭാ എംപി എ.എ. റഹീം പറയുന്നതാണ് വീഡിയോയിൽ. “കാലടി കോളേജിലെ ഏതോ പാവപ്പെട്ട വീട്ടിലെ എസ്എഫ്ഐകാരനെ ഇവന്മാർ നോക്കിവെച്ചിട്ടുണ്ട്, മാതാപിതാക്കളെ നിങ്ങളുടെ മക്കളെ നിങ്ങൾ തന്നെ സൂക്ഷിക്കുക” എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് പ്രചാരണമേറെയും.

എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർഥ്യം.

പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്
 
 

അന്വേഷണം

എ.എ. റഹീം എംപി മാധ്യമങ്ങളോട് പ്രതികരിച്ചതിന്‍റെ ദൃശ്യങ്ങളാണ് വൈറൽ പോസ്റ്റിൽ. ‘ഒരു രക്തസാക്ഷി ഉണ്ടായെങ്കിൽ മാത്രമേ കാലടി സർവ്വകലാശാല സമരത്തിന് പരിഹാരം ഉണ്ടാവുകയുള്ളൂ’ എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ അത് വലിയ വാർത്തയായേനെ. എന്നാൽ അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. വൈറൽ ദൃശ്യങ്ങൾ എപ്പോൾ, എവിടെ നിന്നുള്ളതാണെന്ന് തുടർന്ന് അന്വേഷിച്ചു. ഇക്കഴിഞ്ഞ നവംബർ 6-ന് റഹീം ഉൾപ്പടെയുള്ള ഡിവൈഎഫ്ഐ നേതാക്കൾ സെക്രട്ടറിയേറ്റിന് മുന്നിലെ എൽ.പി.എസ്.ടി. സമരപ്പന്തൽ സന്ദർശിക്കുകയും വളർമതി ടീച്ചർ അടക്കമുള്ള ഉദ്യോഗാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു, അതിനുശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നു.

നിരാഹാര സമരം നടത്തുന്ന വളർമതി ടീച്ചറുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക പങ്കുവച്ച അദ്ദേഹം സമരക്കാരുടെ മാനസീകാവസ്ഥയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഉദ്യാഗാർത്ഥികളുമായി സംസാരിച്ചതിൽനിന്നു മനസ്സിലായത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം ഇത് പറയുന്നത് - “പന്ത്രണ്ട് ദിവസമായി നിരാഹാര സമരം അനുഷ്ഠിക്കുന്ന വനിത എന്നോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. സമരം തുടരുന്നത് മെൻറൽ കപ്പാസിറ്റി കൊണ്ടാണ് മരണംവരെയും അത് തുടരും. ഒരു രക്തസാക്ഷി ഉണ്ടായാൽ മാത്രമേ സർക്കാറിന്‍റെ കണ്ണ് തുറപ്പിക്കാൻ കഴിയുകയുള്ളൂ എങ്കിൽ അതുവരെയും തയ്യാറാണ് എന്ന നിലയാണ് അവർ സ്വീകരിക്കുന്നത്. സർക്കാർ ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിച്ചാൽ നിരാഹാരം കിടക്കുന്ന ടീച്ചറുടെ ആരോഗ്യ നിലയിലുള്ള ആശങ്ക ഡിവൈഎഫ്ഐ കേരളത്തിന്‍റെ പൊതുസമൂഹത്തോട് വിശദീകരിക്കും.”

എൽ.പി.എസ്.ടി. സമരപ്പന്തൽ സന്ദർശിച്ചശേഷം സമരക്കാർ തന്നോട് പറഞ്ഞ കാര്യങ്ങൾ റഹീം മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു. ഇതിൽനിന്നുള്ള ഒരു ഭാഗം മാത്രം സന്ദർഭം വ്യക്തമാക്കാതെ അടർത്തിയെടുത്താണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.

ഈ വിഷയത്തിൽ പ്രതികരണം തേടി എ.എ റഹീമുമായി ഫോണിൽ ബന്ധപ്പെട്ടു. പ്രചാരണം വ്യാജമാണെന്നും ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്നും എംപി പറഞ്ഞു. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ അവസാന കാലത്ത് ഇതേ ഉദ്യോഗാർത്ഥികൾ സമരവുമായി മുന്നോട്ടു വന്നിരുന്നു. അന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം നേരിട്ട് സമരസമിതി നേതാക്കളുമായി ആശയവിനിമയം നടത്തി അവർക്ക് ഒപ്പംനിന്നു. അന്നത്തെ മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിലും തുടർന്ന് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിക്കുമ്പോഴും താനും അവർക്കൊപ്പമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ഇതിന്‍റെ തുടർച്ചയായാണ് ഡിവൈഎഫ്ഐ പ്രതിനിധികൾ സമരപ്പന്തൽ സന്ദർശിക്കുകയും അവർ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തതെന്നും റഹീം വ്യക്തമാക്കി.

വാസ്തവം

കാലടി സർവ്വകലാശാല സമരവുമായി ബന്ധപ്പെടുത്തി എ.എ റഹീം എംപിയുടെ പേരിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. എൽ.പി.എസ്.ടി. ഉദ്യാഗാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അവർ പറഞ്ഞ കാര്യങ്ങൾ എംപി മാധ്യമങ്ങളോട് വിവരിച്ചിരുന്നു. ഇതിൽനിന്നു രക്തസാക്ഷി പരാമർശം മാത്രം അടർത്തിയെടുത്താണ് കാലടി സമരവുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നത്.

Content Highlights: A viral video falsely claims MP AA Rahim stated a martyr is needed for the Kalady University strike., The video actually shows Rahim quoting an LPST protesting teacher during a Secretariat visit in November., Rahim confirmed the video is out of context and stated he will file a complaint with the DGP.