ഇന്ത്യൻ ചൂര സുരക്ഷിതമെന്ന് സി.എം.എഫ്.ആർ.ഐ.

ശരിയായ രീതിയിൽ വൃത്തിയാക്കി വേവിച്ച് ഉപയോഗിക്കാം
കൊച്ചി : ബ്രസീലിലെ ചൂരമീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്തകളുടെപേരിൽ ആശങ്കവേണ്ടെന്നും ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) വ്യക്തമാക്കി.
ഇന്ത്യൻ തീരങ്ങളിലെ ചൂര ഉൾപ്പെടെയുള്ള മത്സ്യങ്ങളെ സി.എം.എഫ്.ആർ.ഐ. ശാസ്ത്രജ്ഞർ കൃത്യമായി നിരീക്ഷിക്കാറുണ്ടെന്നും ഇവയിൽ മനുഷ്യർക്ക് ഹാനികരമാകുന്ന തരത്തിലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.
കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങൾ, മറ്റ് ജീവികളുടെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചാണ് ഓരോ പ്രദേശത്തെയും മത്സ്യങ്ങളിൽ പരാദജീവികളുടെ സാന്നിധ്യം കാണുന്നത്. ശരിയായ രീതിയിൽ വൃത്തിയാക്കി വേവിച്ച് ഉപയോഗിച്ചാൽ മത്സ്യത്തിന്റെ പോഷകഗുണങ്ങൾ സുരക്ഷിതമായി പ്രയോജനപ്പെടുത്താമെന്നും സി.എം.എഫ്.ആർ.ഐ. വ്യക്തമാക്കി.