പഴങ്ങനാട്ടിൽ താറാവുവളർത്തൽകുറയുന്നു, ആവശ്യക്കാർ ഏറെ

കിഴക്കമ്പലം : സംസ്ഥാനത്ത് കൂടുതൽ താറാവുകൃഷിയും വിപണനവും നടന്നിരുന്ന കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട് ഇപ്പോൾ താറാവുകൃഷിയിൽ പിന്നിലായി. താറാവുകൃഷി (വളർത്തൽ) കുറവെങ്കിലും ആഴ്ചയിൽ പതിനായിരത്തോളം താറാവുകളെയാണ് ഇവിടെ വിറ്റഴിക്കുന്നത്.
തമിഴ്‌നാട്ടിൽനിന്നാണ് ഇവിടെ താറാവുകളെ വിൽപ്പനയ്ക്ക് കൊണ്ടുവരുന്നത്.
നാട്ടിൽ നെൽകൃഷി ഇല്ലാതായതോടെ താറാവ് വളർത്തൽ പൂർണമായും ഇല്ലാതായി. കുട്ടനാട്ടിൽ ഉത്പാദിപ്പിക്കുന്ന ഒരുമാസം പ്രായമായ താറാവുകുഞ്ഞുങ്ങളെ തമിഴ്‌നാട്ടിലെത്തിച്ച് വളർത്തി മൂന്നുമാസം വളർത്തിയശേഷം കേരളത്തിലെത്തിച്ചാണ് നാട്ടിൽ ഇറച്ചിത്താറാവിനെ വിൽപ്പനയ്ക്ക് തയ്യാറാക്കുന്നത്. അവിടെനിന്നും മുട്ട, ഇറച്ചി ആവശ്യത്തിനുള്ള താറാവുകൾ കൊണ്ടുവരുന്നുണ്ട്. പഴങ്ങനാട്ടിൽ പ്രധാനമായി 3 മൊത്ത ചില്ലറ വിൽപ്പനക്കാരാണുള്ളത്.
മുൻകാലങ്ങളിൽ പഴങ്ങനാട് പ്രദേശത്തെ 90 ശതമാനം കുടുംബങ്ങളിലും താറാവുകൃഷിയുണ്ടായിരുന്നു. നെൽകൃഷി ചെയ്തിരുന്ന ആയിരക്കണക്കിന് പാടശേഖരങ്ങളും ഒഴുക്കുള്ള ചെറുതോടുകളും താറാവുകൃഷിയെ പരിപോഷിപ്പിച്ചിരുന്നു. അക്കാലങ്ങളിൽ വീടുകളിൽ മുട്ടവിരിയിച്ച് വളർത്തുന്നരീതിയായിരുന്നു. ഇങ്ങനെ വളർത്തുന്ന താറാവുകളെ കൂട്ടമായി പ്രധാന നെൽകൃഷിയിടങ്ങളായ പാലക്കാട്, കുട്ടനാട് പ്രദേശങ്ങളിലേക്ക് കൊണ്ടുപോയി വളർത്തുന്ന രീതിയായിരുന്നു. എന്നാൽ നാട്ടിലെ നെൽകൃഷിയിടങ്ങൾ തരിശായതോടെ താറാവുകൃഷിയും ഈ പ്രദേശങ്ങളിൽ ഇല്ലാതായി. അന്നത്തെ താറാവുകർഷകരിൽ പലരും ഇന്ന് വിദേശത്തും മറ്റും ജോലികൾ ചെയ്യുന്ന ഉയർന്ന ഉദ്യാഗസ്ഥരുമാണ്.
പഴങ്ങനാട്ടിൽ മുട്ടയിടാൻ പാകമായ ഒരുതാറാവിന് 350 രൂപയാണ് വില. ഡ്രസ്ചെയ്ത ഇറച്ചിത്താറാവിന് 450 രൂപയുമുണ്ട്. ഒഴുക്കുള്ള വെള്ളത്തിൽ വളരുന്ന താറാവുകളുടെ ഇറച്ചിക്ക് രുചിക്കൂടുതലുണ്ടാകുമെന്ന് ഈ മേഖലയിലെ താറാവ് വിൽപ്പനക്കാരനായ ജോസ് ആന്റണി പറഞ്ഞു.