വളർത്തുനായയുടെ ശരീരം തളർന്നു, ചികിത്സാപിഴവെന്നു പരാതി

വരാപ്പുഴ : ചികിത്സാപിഴവുമൂലം വളർത്തുനായയുടെ ശരീരം തളർന്നുപോയതായി പരാതി. കോട്ടുവള്ളി കൈതാരം സ്‌കൂൾപ്പടിക്ക് സമീപം ‘അഞ്ജലി’യിൽ എ.പി. വിഷ്ണുപ്രസാദിന്റെ സൈബീരിയൻ ഹസ്‌കി ഇനത്തിൽപ്പെട്ട 'അകിര' എന്ന നായയാണ് ശരീരം തളർന്ന നിലയിലായത്. മൃഗസംരക്ഷണ വകുപ്പിന്റെ ആലുവയിലുള്ള ജില്ലാ ഓഫീസിലും തിരുവനന്തപുരത്തെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലും നോർത്ത് പറവൂർ പോലീസ് സ്‌റ്റേഷനിലും ഇതുസംബന്ധിച്ചു പരാതി നൽകി.
ഓഗസ്റ്റ് 29 മുതലാണ് നായ ഭക്ഷണം കഴിക്കാതായത്. വിരലുകളിലുൾപ്പെടെ അസ്വസ്ഥതകൾ കണ്ടുതുടങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് നോർത്ത് പറവൂരിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ച് നായയുടെ രക്തവും പ്ലേറ്റ്‌ലെറ്റുകളും പരിശോധിച്ചത്. നായയ്ക്ക് ടിക് ഫീവറാ (ചെള്ളുപനി) ണെന്നു ഡോക്ടർ പറയുകയും കുത്തിവെപ്പും മരുന്നുകളും നൽകുകയും ചെയ്തു. പിറ്റേന്നുതന്നെ നായയുടെ ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. അഞ്ചുദിവസത്തെ കുത്തിവെപ്പുകൾ കൂടി ഡോക്ടർ നിർദേശിക്കുകയും അതെടുക്കുകയും ചെയ്‌തെങ്കിലും നായയുടെ ശരീരം പൂർണമായും തളർന്നുപോയതായി വിഷ്ണുപ്രസാദ് പറയുന്നു. തുടർന്നു തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് നായയ്ക്ക് ചെള്ളുപനിയല്ലെന്ന സംശയമുണ്ടായത്. നാഡീസംബന്ധമായ ഗുരുതരപ്രശ്‌നങ്ങൾ നായയിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് മണ്ണുത്തി വെറ്ററിനറി കോളേജിലെത്തിച്ച് പരിശോധനകൾ നടത്തി. ചെന്നൈയിൽ കൊണ്ടുപോയി സി.ടി. സ്‌കാൻ പരിശോധനയ്ക്ക് ശേഷം മാത്രമേ തുടർചികിത്സ സാധ്യമാകൂവെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. നായയെ ചെന്നൈയിലെത്തിച്ച് സി.ടി. സ്‌കാൻ നടത്താനുള്ള തയ്യാറെടുപ്പിലാണ് വിഷ്ണുപ്രസാദ്.