ലോറികയറി കാനയുടെ മേൽമൂടി പൊട്ടി

അരൂർ : ഉയരപ്പാതയുടെ ഭാഗമായി ദേശീയപാതയോരത്ത് നിർമിക്കുന്ന കാനയുടെ മേൽമൂടിയുടെ ബലം സംബന്ധിച്ച ആശങ്ക ഒഴിയുന്നില്ല. ചൊവ്വാഴ്ച എരമല്ലൂർ കൊച്ചുവെളിക്കവലയ്ക്ക് സമീപം മിനിലോറി കയറിയതിനെ തുടർന്ന് കാനയുടെ മേൽമൂടി പൊട്ടി.
എം സാൻഡുമായി പോയ മസ്ദ ലോറി യാർഡിൽ നിന്നും ദേശീയപാതയിലേക്കിറങ്ങുമ്പോഴായിരുന്നു സംഭവം. ഭാഗ്യംകൊണ്ടാണ് 150 അടി എം സാൻഡ് കയറ്റിയ ലോറി കാനയിൽ പെടാതിരുന്നത്. പൊട്ടൽവീണ മേൽമൂടി ഒരുമാസം മുൻപ് മാത്രം സ്ഥാപിച്ചതാണ്. ഇത് മാൻഹോളിനായി നിർമിച്ചതായതിനാൽ കനംകുറച്ച് നിർമിച്ചതാണോ എന്ന സംശയമുണ്ട്. തലങ്ങും വിലങ്ങും പൊട്ടൽവീണ മേൽമൂടിയിൽ മറ്റ് വാഹനങ്ങൾ കയറി അപകടം ഉണ്ടാകാതിരിക്കാൻ സമീപത്തെ ഹൈടെക് ട്രേഡിങ് ഏജൻസീസിലെ ആളുകൾ ഈ ഭാഗത്ത് ചുവന്ന കൊടിയും സ്ഥാപിച്ചു.
എരമല്ലൂർ ജങ്ഷനിൽ ദിവസങ്ങൾക്ക് മുൻപ് കുടിവെള്ളവുമായെത്തിയ ടാങ്കർ ലോറി മേൽമൂടി തകർന്ന് കാനയിൽപെട്ടിരുന്നു. ഒരുദിവസത്തിന് ശേഷം വാഹന ഉടമ സ്വന്തം പണംമുടക്കിയാണ് ലോറി കാനയിൽനിന്ന് യന്ത്രസഹായത്താൽ കയറ്റിയത്. അതിന് മുൻപ് എരമല്ലൂർ ജങ്‌ഷന് തെക്കുഭാഗത്തെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ചിറങ്ങിയ ടോറസ് ലോറിയും മേൽമൂടി തകർന്ന് കാനയ്ക്കുള്ളിൽ പെട്ടിരുന്നു. ദേശീയപാതയോരത്ത് ഇനിയും കാന നിർമാണം പൂർത്തിയായിവരുന്നതേയുള്ളൂ.
ഈ സാഹചര്യത്തിൽ വാഹനങ്ങൾ കയറുമ്പോൾ മേൽമൂടി തകരുന്നത് വാഹനയാത്രക്കാരെ ഭീഷണിയിലാഴ്ത്തുന്നുണ്ട്. എവിടെയൊക്കെയാണ് മാൻഹോളുകൾ എന്നത് സംബന്ധിച്ച് യാതൊരു സൂചനകളും ഇല്ലാത്തത് ഇനിയും അപകടങ്ങൾക്ക് കാരണമാകും.