കൂരാച്ചിത്തോട് കൈയേറി നിർമാണം നടത്തിയതായി പരാതി

കോലഞ്ചേരി : ഐക്കരനാട് പഞ്ചായത്തിൽ തോട് കൈയേറി സ്വകാര്യവ്യക്തി നിർമാണം നടത്തുന്നതായി പരാതി. കൂരാച്ചിത്തോട് കൈയേറിയാണ് നിർമാണം നടത്തുന്നതെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാന തോടിനോട് ചേർന്നുകിടക്കുന്നതും വർഷങ്ങളായി പ്രദേശത്തെ കാർഷികാവശ്യങ്ങൾക്കും മറ്റ് ഉപയോഗങ്ങൾക്കുമായി നാട്ടുകാർ ആശ്രയിച്ചിരുന്നതുമായ പരമ്പരാഗത തോട് സ്വകാര്യവ്യക്തി സ്ഥലത്തിന്റെ അതിർത്തി നിർമാണവുമായി ബന്ധപ്പെട്ട് തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ കൈയേറ്റം നടത്തുന്നതായാണ് പരാതി. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഐക്കരനാട് പഞ്ചായത്ത് അധികൃതരും വില്ലേജ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് തർക്കസ്ഥലത്ത് നടന്നുവന്നിരുന്ന എല്ലാവിധ നിർമാണജോലികളും അടിയന്തരമായി നിർത്തിവെയ്ക്കാൻ അധികൃതർ നിർദേശം നൽകി. സ്ഥലത്ത് റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ അളന്നുതിട്ടപ്പെടുത്തൽ ഉടൻ നടത്തുമെന്നും അധികൃതർ അറിയിച്ചു.
കൈയേറ്റം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും തോടിന്റെ പൂർവസ്ഥിതി വീണ്ടെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.