നെല്ലാട് സ്വകാര്യ ബസ് മതിലിലിടിച്ച് യുവതിക്ക് പരിക്കേറ്റു

കോലഞ്ചേരി : എറണാകുളം-തേക്കടി സംസ്ഥാന പാതയിലെ കിഴക്കമ്പലം നെല്ലാട് റോഡിൽ നെല്ലാട് അമ്പലം ഭണ്ഡാരത്തിനു സമീപം സ്വകാര്യ ബസ് മതിലിലിടിച്ച് ബസ് യാത്രികയ്ക്കു പരിക്കേറ്റു. പട്ടിമറ്റം സ്വദേശി ഹെന്ന വിൽസ(26)നാണ് പരിക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ മതിലും തകർത്തു.
പരിക്കേറ്റ ഹെന്നയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന മരിയ ബസാണ് തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെ നെല്ലാട് പറക്കുടിയിൽ ജോർജിന്റെ മതിൽ തകർത്ത് അപകടത്തിൽപെട്ടത്.
രണ്ട് വലിയ വാഹനങ്ങൾക്ക് കഷ്ടി കടന്നുപോകാൻ സ്ഥലമുള്ള ഇവിടെ എതിർവശത്തുനിന്ന് വന്ന കസബ ബസിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. വീതി കുറവുള്ള ഈ റോഡിൽ നെല്ലാടുമുതൽ മഞ്ചനാടുവരെ ഇതിനോടകം അൻപതിലധികം ചെറുതും വലുതുമായ അൻപതോളം അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
അടുത്തിടെ ഉന്നത നിലവാരത്തിൽ ടാർ ചെയ്ത ഈ റോഡിൽ വാഹനപ്പെരുപ്പവും അമിത വേഗവും റോഡിന്റെ വീതിയില്ലായ്മയും മൂലമാണ് നിരന്തരം അപകടം നടക്കുന്നത്. റോഡിൽ ഗതാഗത നിയന്ത്രണമോ റോഡിൽ ആവശ്യമായ നവീകരണമോ നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.