കർഷകരുടെ വരുമാനം കൂട്ടും, നഷ്ടപരിഹാരം ഇരട്ടിയാക്കും- മന്ത്രി ടി. സിദ്ദിഖ്

ഹോർട്ടികോർപ്പിന്റെ സംയോജിത പാക്ക്ഹൗസ് തുറന്നു

കാക്കനാട് : കാർഷികമേഖലയെ ആധുനികീകരിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുകയാണ് മുഖ്യലക്ഷ്യമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. സർക്കാർ നടപ്പാക്കുന്ന 100 ദിന കർമപരിപാടിയുടെ ഭാഗമായി ഹോർട്ടികോർപ്പ് കാക്കനാട്ട് നിർമിച്ച സംയോജിത പാക്ക്ഹൗസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൃഷിവകുപ്പിന്റെ വിവിധ ലാബുകളിലായി നടത്തിയ പരിശോധനയിൽ 1258 ഇനം പച്ചക്കറി-ഭക്ഷ്യോത്പന്നങ്ങളിൽ 62 എണ്ണത്തിൽ അപകടകരമായ രീതിയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി മന്ത്രി വെളിപ്പെടുത്തി. പണം നൽകി വിഷം വാങ്ങുന്ന അവസ്ഥ ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിന് പരിഹാരമായി കേരളത്തിന്റെ നഷ്ടപ്പെട്ട കാർഷികസംസ്കാരം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാവ്യതിയാനം മൂലമുള്ള വിളനാശത്തിന് കർഷകർക്കുള്ള നഷ്ടപരിഹാരത്തുക ഇരട്ടിയാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. വിളവെടുപ്പിന് മുൻപും ശേഷവും കർഷകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാക്ക്‌ഹൗസ് തയ്യാറാക്കിയിരിക്കുന്നത്.

ഉമാ തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻ ഡയറക്ടർ എസ്. ആശ, കെ.എൽ.ഡി.സി. മാനേജിങ് ഡയറക്ടർ ബീന ലളിത, തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർ എസ്. സിന്ധു, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷെറീനാ ഷുക്കൂർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. അനിൽകുമാർ, ജില്ലാ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, ആത്മാ പ്രോജക്ട് ഡയറക്ടർ ഇന്ദു പി. നായർ, ഹോർട്ടികോർപ്പ് റീജണൽ മാനേജർ സി.വി. ജിതേഷ് എന്നിവർ സംസാരിച്ചു.