കരിങ്കൽ ക്വാറിയിലേക്ക് ജനകീയ മാർച്ച്

അങ്കമാലി : പാലിശ്ശേരിയിൽ ആരംഭിക്കുന്ന കരിങ്കൽ ക്വാറിയിലേക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. പാലിശ്ശേരി ഗവ. ആശുപത്രിയുടെയും ലക്ഷം വീടിന്റെയും സ്കൂളിന്റെയും നേരെ മുകളിലായാണ് ക്വാറി ആരംഭിക്കുന്നത്. കിഴുക്കാംതൂക്കായ സ്ഥലത്ത്
ഏത് നിമിഷവും വലിയ ഉരുളൻ കല്ലുകൾ താഴേക്ക് പതിക്കാവുന്ന പ്രദേശത്താണ് നിർദിഷ്ട കരിങ്കൽ ക്വാറി. തൊട്ടുതാഴെ 100 കണക്കിന് രോഗികൾ ചികിത്സ തേടുന്ന ഗവ. ഹോസ്പിറ്റലും 100 കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഗവ. ഹൈസ്കൂളും ലക്ഷംവീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. യാതൊരു സുരക്ഷാ മുൻകരുതലും എടുക്കാതെ ഏത് നിമിഷവും വലിയ ഉരുളൻ കല്ലുകൾ താഴേക്ക് പതിക്കാവുന്ന രീതിയിൽ കല്ലുകൾ പൊട്ടിച്ച് കൂട്ടിയിരിക്കുകയാണ്. അടിയന്തരമായി ഖനനം അസാനിപ്പിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിന് നാട് സാക്ഷിയാകുമെന്ന് ജനകീയ സമിതി ഭാരവാഹികൾ പറയുന്നു. അടിയന്തരമായി കളക്ടറും എം.എൽ.എ.യും പഞ്ചായത്തും ഇടപെട്ട് ഖനനം തടയണമെന്നാവശ്യപ്പെട്ടാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്.
വാർഡംഗം കെ.പി. അനീഷ് സമരം ഉദ്ഘാടനം ചെയ്തു. മുൻ അംഗം രനിത ഷാബു അധ്യക്ഷയായി. ജനകീയ സമിതി കൺവീനർ ഷാജു കുഴൂക്കാരൻ, പഞ്ചായത്തംഗം ഷാജു മേലാപ്പിള്ളി, മുൻ അംഗങ്ങളായ ജോണി മൈപ്പാൻ, കെ.കെ. മുരളി, മേരി ആന്റണി, പൊതുപ്രവർത്തകരായ ടി. സോമൻ, ജോബി ജോസഫ്, സിനി ആട്ടിസ്റ്റ് ഐശ്വര്യ ലൈബി എന്നിവർ സംസാരിച്ചു.