പിതാവ് സമ്മാനിച്ച ചിമ്പാന്‍സിപ്പാവ മാറ്റിമറിച്ച ജീവിതം; ജെയ്ൻ ഗുഡാള്‍ ചിമ്പാന്‍സികളുടെ തോഴിയായ കഥ

എല്ലാ കുട്ടികളേയും പോലെ കാട്ടിലെ കഥകളും വിസ്മയങ്ങളും കുട്ടിക്കാലത്തേ ഏറെ ഇഷ്ടമായിരുന്നു ജെയ്ൻ ഗുഡാളെന്ന ബ്രീട്ടീഷ് പെണ്‍കുട്ടിക്ക്. ഒന്നിനും വാശി പിടിച്ചിരുന്നില്ലെങ്കിലും കഥകള്‍ കേള്‍ക്കാതെ ഒരുപോള കണ്ണടയ്ക്കാത്ത കുട്ടിക്കാലം ആസ്വദിച്ചവള്‍.
മകളുടെ കഥ കേള്‍ക്കാനുള്ള താല്‍പര്യം ഗുഡാളിന്റെ രക്ഷിതാക്കളേയും ഏറെ സന്തോഷിപ്പിച്ചു. അവരവള്‍ക്ക് ടാര്‍സന്റേയും ഡോ. ഡൂലിറ്റിലിന്റേയും വിസ്മയകഥകള്‍ പറഞ്ഞുകൊടുത്ത് സാങ്കല്‍പ്പിക ലോകത്തിന്റേയും കാടിന്റെ വന്യതയുടേയും വാതില്‍ തുറന്നുകൊടുത്തു. ഓരോ പിറന്നാള്‍ വരുമ്പോഴും അവളുടെ ഇഷ്ടകഥാപാത്രങ്ങളുടെ കളിപ്പാട്ടം സമ്മാനിച്ച് മകളെ ആ രക്ഷിതാക്കള്‍ സന്തോഷിപ്പിച്ചു. അങ്ങനെയൊരു സമ്മാനമായിരുന്നു പിതാവ് മോറിസ് ഗുഡാള്‍ സമ്മാനിച്ച ചിമ്പാന്‍സി കളിപ്പാട്ടം.