സ്ലെന്‍ഡര്‍-ബില്‍ഡ് കര്‍ല്യൂ വംശമറ്റതായി പഠനം

കാലാവസ്ഥാ വ്യതിയാനം, വേട്ടയാടല്‍, മലിനീകരണം- മനുഷ്യന്റെ കൈയൊപ്പ് പതിഞ്ഞിടങ്ങളില്‍ നിന്ന് പലകാരണങ്ങളാല്‍ അപ്രത്യക്ഷരായ ജീവികളുടെ പട്ടികയിലേക്ക് ഒരു പേരുകൂടി. തെക്കുകിഴക്കന്‍ യൂറോപ്പില്‍ കണ്ടുവന്നിരുന്ന, ചാരത്തില്‍ വെള്ളകലര്‍ന്ന നിറവും നീണ്ട കൊക്കുകളുമുള്ള സ്ലെന്‍ഡര്‍-ബില്‍ഡ് കര്‍ല്യൂ.
1995-ലാണ് ഈ പക്ഷികളെ അവസാനമായി ലോകം കണ്ടത്. 1995-നുശേഷവും സ്ലെന്‍ഡര്‍ ബില്‍ഡ് കര്‍ല്യൂവിനെ കണ്ടതായി രേഖകളുണ്ടെങ്കിലും ഇവയ്‌ക്കൊന്നും കൃത്യമായ തെളിവുകള്‍ ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ ജീവിവര്‍ഗം മണ്‍മറഞ്ഞുപോയ വിവരം അറിയുന്നത്.
കാണാന്‍ ഏകദേശം ഒരേപോലെയുള്ള യൂറേഷ്യന്‍ കര്‍ല്യൂവിനെയാണ് സ്ലെന്‍ഡര്‍ ബില്‍ഡെന്ന് തെറ്റിദ്ധരിച്ചതത്രേ.
1500-കള്‍ക്ക് ശേഷം യൂറോപ്യന്‍ മെയിന്‍ലാന്‍ഡില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ആദ്യ പക്ഷിവര്‍ഗമാണിവ. ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിനായി കര്‍ല്യൂവിനെ തേടിപ്പോയ ഡോ.അലക്‌സ് ബോണ്ട് ആണ് വംശനാശത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
Content Highlights: slender billed curlew extinction