കുപ്പികള്‍, ക്യാനുകള്‍, ബാറ്ററികള്‍..; സമുദ്രത്തിനടിയില്‍ മാലിന്യം വാസസ്ഥലമാക്കി നീരാളികള്‍

മനുഷ്യന്‍ വലിച്ചെറിഞ്ഞ് കടലിനടിയില്‍ എത്തുന്ന ബോട്ടില്‍, ക്യാന്‍ തുടങ്ങിയ മാലിന്യങ്ങളെ ചില സമുദ്രജീവികള്‍ വാസസ്ഥലമാക്കുന്നതായി കണ്ടെത്തല്‍. നീരാളികളാണ് കൂടുതലായി പാഴ്വസ്തുക്കളെ വീടാക്കിമാറ്റുന്നത്. മുട്ടയിടാന്‍ വേണ്ടിയും ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളെ നീരാളികള്‍ ആശ്രയിക്കുന്നുണ്ട്. മറൈന്‍ പൊല്യൂഷന്‍ ബുള്ളറ്റിനിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
മറൈന്‍ ബയോളജിസ്റ്റുകളുടെയും സ്‌കൂബാ ഡൈവിങ് സംഘത്തിന്റെയും സഹായത്തോടെ ശേഖരിച്ച ചിത്രങ്ങളുപയോഗിച്ചാണ് ഗവേഷകര്‍ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിവിധ ഇനത്തില്‍പ്പെട്ട 24-ഓളം നീരാളികളെ ഇത്തരത്തില്‍ പ്ലാസ്റ്റിക് ബോട്ടിലുകളും ക്യാനുകളും മറ്റും വാസസ്ഥലമാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വേട്ടക്കാരില്‍ നിന്ന് രക്ഷനേടുന്നതിനും ഇവ പ്ലാസ്റ്റിക് ബോട്ടിലുകളുപയോഗിക്കുന്നുണ്ട്.
ഏത് സാഹചര്യവുമായും പൊരുത്തപ്പെടാനുള്ള നീരാളികളുടെ കഴിവിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിദ്ഗധര്‍ പറയുന്നത്. പ്രകൃതിദത്ത അഭയകേന്ദ്രങ്ങളായ കക്കകളുടെ ലഭ്യതക്കുറവ് വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളുപയോഗിച്ചാണ് നീരാളികള്‍ നികത്തുന്നത്. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാറ്ററി, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ടയര്‍ എന്നിവയിലുള്ള വാസംമൂലം മാരക രാസപദാര്‍ത്ഥങ്ങള്‍ക്ക് നീരാളികള്‍ വിധേയമാകാനുള്ള സാധ്യത ഏറെയാണെന്നും ഗവേഷകര്‍ പറയുന്നു.
Content Highlights: octopus use litter on seabed for shelter