കെ.എഫ്.ഡി.സി. വാണിജ്യസ്ഥാപനമാണെന്ന വാദം തെറ്റ്; പ്രധാനചുമതല വനസംരക്ഷണം

#രതീഷ് രവി
പ്രതീകാത്മകചിത്രം | ഫോട്ടോ: എ.എഫ്.പി.
പ്രതീകാത്മകചിത്രം | ഫോട്ടോ: എ.എഫ്.പി.

കൊല്ലം: കേരള വനംവികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി.) വാണിജ്യസ്ഥാപനമാണെന്ന വനംവകുപ്പിന്റെയും മന്ത്രിയുടെയും വാദം തെറ്റ്. വനപരിപാലനവും വന്യജീവി സംരക്ഷണവുമാണ് കോർപ്പറേഷന്റെ ചുമതലയെന്ന് 45 വർഷംമുൻപ്‌ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 1979 മേയ് രണ്ടിന് ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറക്കി.

കെ.എഫ്.ഡി.സി.യുടെ തോട്ടങ്ങളിലെ വന്യജീവി പരിപാലനം സംബന്ധിച്ച കത്ത് ഇടപാടുകൾക്കു മറുപടിയായാണ് ഉത്തരവിറക്കിയത്. വന്യജീവി സംരക്ഷണവും പരിപാലനവും ഏറ്റെടുത്തുകൊള്ളാമെന്ന്, ഇതിനുശേഷം സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഉറപ്പും നൽകിയിട്ടുണ്ട്.വനഭൂമിയിൽ തോട്ടങ്ങളുള്ള ഫാമിങ് കോർപ്പറേഷൻ, പ്ലാൻറേഷൻ കോർപ്പറേഷൻ എന്നിവയിൽനിന്നു വ്യത്യസ്തമായി വനം വികസന കോർപ്പറേഷന് വനസുരക്ഷാ ചുമതലയും നൽകിയിട്ടുണ്ട്. കെ.എഫ്.ഡി.സി. ഫീൽഡ് ജീവനക്കാർക്ക് വനംവകുപ്പിനു സമാനമായി യൂണിഫോമും നൽകിയത് ഇതിനാണ്. വേട്ടയടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കാനുള്ള അധികാരവും ഇവർക്കുണ്ട്.

1975-ൽ വിവിധ സംസ്ഥാനങ്ങളിൽ വനംവികസന കോർപ്പറേഷനുകൾ രൂപവത്‌കരിച്ചതുതന്നെ ദേശീയ വനനയത്തിന്റെ ഭാഗമായാണ്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന ഇപ്പോഴത്തെ വാദം ദേശീയ വനനയത്തിന് കടകവിരുദ്ധമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷ്യക്ഷാമം ഉണ്ടായിരുന്ന 1970-കളിൽ വനഭൂമിയിലെ തോട്ടങ്ങൾക്കിടയിൽ കിഴങ്ങുവിളകളും മറ്റും കൃഷിചെയ്യുകയും ഉത്പാദന പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുകയും ചെയ്തിരുന്നു. 1980-ൽ വനസംരക്ഷണനിയമം നിലവിൽവന്നതോടെ വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് രാജ്യവ്യാപകമായി വിലക്കി. ആ കാലയളവിൽത്തന്നെ ഉത്പാദന പ്രവർത്തനങ്ങളിൽനിന്ന് പിന്മാറുകയും പരിപാലന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ വനംവികസന കോർപ്പറേഷനുകൾ ഇത് നടപ്പാക്കി.

Content Highlights: Main aim of KFDC is forest conservation