വരും തലമുറയ്ക്ക് മാതൃക; മലയോര കർഷകൻ ഒരുക്കിയ നാലേക്കർ നിബിഡ വനം

#സ്വന്തം ലേഖകൻ

ചിറ്റാരിക്കാൽ: ഓരോ പ്രകൃതി സൗഹൃദ പ്രവർത്തനവും നാളത്തെ തലമുറക്കുള്ള വലിയ സമ്മാനമാണെന്ന് വിശ്വസിക്കുന്ന മലയോര കർഷകൻ ഒരുക്കിയത് നാലേക്കർ നിബിഡ വനം. കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ സ്വദേശിയും കർഷകനുമായ ദേവസ്യാച്ചൻ എന്നു വിളിപ്പേരുള്ള കാവുംപുറത്ത് സെബാസ്റ്റ്യനാണു ചിറ്റാരിക്കാൽ ടൗണിനടുത്ത് വനം ഒരുക്കിയത്.

30 കൊല്ലം മുമ്പാണ് മരം വച്ചുപിടിപ്പിക്കുന്ന പ്രവർത്തനം ആരംഭിച്ചത്. തന്റെ കൃഷിഭൂമിയിലെ തെങ്ങും കവുങ്ങുകളും വിവിധ രോഗങ്ങളാലും കാലപ്പഴക്കത്തിനാലും നശിക്കാൻ തുടങ്ങിയപ്പോൾ മഹാഗണിയും തേക്കും പ്ലാവും മറ്റു വൃക്ഷങ്ങളും നട്ടുവളർത്തി. കോടികൾ വിലവരുന്ന വലുതും ചെറുതുമായ 2000 ലധികം മരങ്ങൾ സെബാസ്റ്റ്യന്‍റെ തോട്ടത്തിലുണ്ട്.

വേനലിൽ ചൂടിൽ നിന്നു രക്ഷ തേടി ധാരാളം ആളുകൾ ഇവിടെ സന്ദർശനത്തിനെത്തുന്നു. കുട്ടികളും മുതിർന്നവരും വിവിധ പരിസ്ഥിതി പ്രവർത്തകരും ഇവിടെ സന്ദർശനത്തിന് എത്താറുണ്ട്. ഭാര്യാ ബിജിയും ഉദ്യോഗസ്ഥരായ നാലു മക്കളും പിതാവിന്റെ പരിസ്ഥിതി പ്രവർത്തനത്തിന് പിന്തുണ നൽകാറുണ്ട്.

Content Highlights: Discover how a Kerala farmer transformed his land into a 4-acre lush forest with over 2,000 trees.