തീരപ്രദേശത്തെ അധിനിവേശ ജീവിവർഗങ്ങളെ നിയന്ത്രിക്കുന്നതിന് പഠനംനടത്താൻ ജൈവവൈവിധ്യ ബോർഡ്

#സ്വന്തം ലേഖിക

കോഴിക്കോട്: സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ അധിനിവേശ സസ്യങ്ങളെയും ജീവികളെയും കണ്ടെത്താനും അതുണ്ടാക്കുന്ന ആഘാതം പഠിച്ച് പ്രതിരോധനടപടികൾ തയ്യാറാക്കാനും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്. ഇതിനായി ഗവേഷണസ്ഥാപനങ്ങളെ തിരഞ്ഞെടുക്കുകയും അവർ പഠനം നടത്തുകയും ചെയ്യും. കേരളത്തിന്റെ 590 കിലോമീറ്റർ തീരപ്രദേശങ്ങളിലാണ് പഠനം. തീരമേഖലയിലെ ആവാസവ്യവസ്ഥയിൽ സുസ്ഥിരമായ ഇടപെടൽ നടത്താൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

തീരപ്രദേശങ്ങളിലുടനീളമുള്ള അധിനിവേശ ജീവിവർഗങ്ങളുടെ വ്യാപനം, വളർച്ച, പാരിസ്ഥിതിക ആഘാതങ്ങൾ എന്നിവ മാപ്പ് ചെയ്യുകയും വിലയിരുത്തുകയും ചെയ്യും. കണ്ടൽക്കാടുകൾ, അഴിമുഖങ്ങൾ, കടൽപ്പുൽത്തകിടികൾ, മണൽത്തീരങ്ങൾ, വേലിയേറ്റ-വേലിയിറക്ക മേഖലകൾ, പവിഴപ്പുറ്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന തീരദേശ ആവാസവ്യവസ്ഥകളിലെ അധിനിവേശ ജീവിവർഗങ്ങളെ (സസ്യ-ജന്തുജാലങ്ങൾ) തരംതിരിക്കും.

അധിനിവേശ ജീവിവർഗങ്ങളുടെ ‘ഹോട്ട്സ്പോട്ടു’കൾ എടുത്തുകാണിക്കുന്ന ജിഐഎസ് അധിഷ്ഠിത പ്രത്യേക മാപ്പുകൾ വികസിപ്പിക്കുക, ജൈവവൈവിധ്യം, മത്സ്യബന്ധനം, ടൂറിസം, പ്രാദേശിക ഉപജീവനമാർഗങ്ങൾ എന്നിവയിൽ പാരിസ്ഥിതികവും സാമൂഹികവുമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്തുക എന്നിവയെല്ലാമാണ് പഠനത്തിന്റെ ലക്ഷ്യം.

അധിനിവേശസസ്യങ്ങളുടെ പ്രതിരോധം, നിയന്ത്രണ സംവിധാനം, ലഘൂകരണം എന്നിവയ്ക്കായി ശാസ്ത്രാധിഷ്ഠിത സംവിധാനങ്ങൾ നിർദേശിക്കുകയും വേണം. ഈ മേഖലയിൽ വൈദഗ്ധ്യമുള്ള സംസ്ഥാനതല ഗവേഷണസ്ഥാപനങ്ങൾ, സർവകലാശാലകൾ, അക്കാദമിക് വകുപ്പുകൾ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പഠനം. ഇതിനുള്ള താത്പര്യപത്രം നേരത്തേ ക്ഷണിച്ചിരുന്നു. ഗവേഷണസ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതേയുള്ളൂവെന്ന് സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ പറഞ്ഞു.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരമേഖലയിൽ ഫീൽഡ്‌തലത്തിൽ സർവേ നടത്തണം. ഡേറ്റാശേഖരണത്തിനും സാധൂകരണത്തിനുമായി പ്രാദേശികപിന്തുണ ഉറപ്പാക്കും. മത്സ്യത്തൊഴിലാളികൾ, തീരമേഖലയിലുള്ളവർ എന്നിവരുടെകൂടി സഹായത്തോടെയായിരിക്കും പഠനം. മൂന്നുവർഷംകൊണ്ടാണ് ഇത് പൂർത്തിയാക്കുക.

Content Highlights: Kerala Coastal Biodiversity Board Launches Major Study on Invasive Species Threat