ആഗോള ഫോസില്‍ ഇന്ധന ബഹിര്‍ഗമനം; 2024-ല്‍ 3740 കോടി ടണ്ണായി ഉയരുമെന്ന് പഠനം

പ്രതീകാത്മക ചിത്രം | Photo-Gettyimage
പ്രതീകാത്മക ചിത്രം | Photo-Gettyimage

ന്യൂഡല്‍ഹി: ആഗോള ഫോസില്‍ ഇന്ധന ബഹിര്‍ഗമനം ഈ വര്‍ഷം സര്‍വകാല റെക്കോഡിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഫോസില്‍ ഇന്ധന ബഹിര്‍ഗമനത്തില്‍ ഇന്ത്യയുടെ വിഹിതം 4.6 ശതമാനം ഉയരുമെന്നും 'ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്ട്' എന്നറിയപ്പെടുന്ന അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ആഗോള താപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ ഫോസില്‍ ഇന്ധനങ്ങളുടെ ബഹിര്‍ഗമനം 2024-ല്‍ 3740 കോടി ടണ്ണായി ഉയരുമെന്നാണ് പുതിയ പഠനം. ഇത് 2023-ലേതില്‍നിന്ന് 0.8 ശതതമാനം കൂടുതലാണ്. ഭൂവിനിയോഗ മാറ്റം കാരണം അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവുകൂടി പരിഗണിച്ചാല്‍ ആഗോള കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം ഈ വര്‍ഷം 4160 കോടി ടണ്ണിലെത്തുമെന്നാണ് 'ആഗോള കാര്‍ബണ്‍ ബജറ്റ് 2024' റിപ്പോര്‍ട്ട് പറയുന്നത്. 2023-ല്‍ ഇത് 4060 കോടി ടണ്ണായിരുന്നു.

കഴിഞ്ഞമാസം പുറത്തുവന്ന റിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയുടെ കാര്‍ബണ്‍ ബഹിര്‍ഗമനം 2023-ല്‍ 6.1 ശതമാനം ഉയര്‍ന്ന് ആഗോളതല ബഹിര്‍ഗമനത്തിന്റെ എട്ട് ശതമാനത്തിലെത്തിയിരുന്നു. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. 2070-ഓടെ നെറ്റ് സീറോ ബഹിര്‍ഗമനം കൈവരിക്കുമെന്നും 2030-ഓടെ 500 ഗിഗാവാട്ട് പുനരുപയോഗ ഊര്‍ജശേഷി കൈവരിക്കുമെന്നും ഇന്ത്യ പ്രതിജ്ഞയെടുത്തിരുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ആഗോളതല ബഹിര്‍ഗമനത്തിന്റെ 32 ശതമാനം പുറന്തള്ളുന്ന ചൈനയുടെ ബഹിര്‍ഗമനം 0.2 ശതമാനം ഉയരാനും ചിലപ്പോള്‍ കുറയാനും സാധ്യതയുണ്ട്. യൂറോപ്യന്‍ യൂണിയന്റെയും യു.എസിന്റെയും പുറന്തള്ളല്‍ യഥാക്രമം 3.8 ശതമാനവും 0.6 ശതമാനവും കുറയും. കല്‍ക്കരി, എണ്ണ എന്നിവകാരണം പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവും 2024-ല്‍ കൂടാനാണ് സാധ്യത. വനനശീകരണമടക്കമുള്ള ഭൂവിനിയോഗ മാറ്റം കാരണം അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കഴിഞ്ഞ പതിറ്റാണ്ടില്‍ 20 ശതമാനം കുറഞ്ഞെങ്കിലും ഈ വര്‍ഷം ഉയരും. തീപിടിത്തം കാരണം അന്തരീക്ഷത്തിലെത്തിയ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവും ഈ വര്‍ഷം ശരാശരിയിലും മുകളിലായിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

Content Highlights: Global Fossil Fuel Emissions to Hit Record High in 2024