ഭ്രൂണകൈമാറ്റത്തിലൂടെ കാണ്ടാമൃഗം ഗർഭിണിയായി; തെളിഞ്ഞത് വൈറ്റ് റൈനോകളെ സംരക്ഷിക്കാനുള്ള വഴി

നയ്റോബി (കെനിയ): പരീക്ഷണശാലയിൽ തയ്യാറാക്കിയ ഭ്രൂണം കാണ്ടാമൃഗത്തിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് നടത്തിയ പരീക്ഷണം വിജയം. സതേൺ വൈറ്റ് റൈനോകളിലാണ് പരീക്ഷണം നടത്തിയത്. വിജയമായതോടെ വംശനാശഭീഷണി നേരിടുന്ന നോർത്തേൺ വൈറ്റ് റെെനോകളെ സംരക്ഷിക്കാനുള്ള വഴി തെളിഞ്ഞതായി ഗവേഷകർ പറഞ്ഞു. ആൺ ഭ്രൂണത്തിന് ഇപ്പോൾ 70 ദിവസം (രണ്ടരമാസം) പ്രായമുണ്ട്.
കാണ്ടാമൃഗങ്ങളുടെ ഗർഭകാലഘട്ടം ഏകദേശം 16-18 മാസം വരെയാണ്. വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട കാണ്ടാമൃഗങ്ങളിൽനിന്ന് ശേഖരിച്ച ബീജവും അണ്ഡവും ഉപയോഗിച്ചാണ് ഗവേഷകർ ഭ്രൂണം വികസിപ്പിച്ചത്. ഇത് കഴിഞ്ഞ സെപ്റ്റംബർ 24-ന് കെനിയയിലെ ഒൽ-പെജേറ്റ വന്യജീവി സംരക്ഷണകേന്ദ്രത്തിലെ സതേൺ വെെറ്റ് റെെനോയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയായിരുന്നു.
വംശനാശത്തിന്റെ വക്കിലുള്ള നോർത്തേൺ വെെറ്റ് റെെനോകളെ സംരക്ഷിക്കാൻ പരീക്ഷണം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. 27 വയസ്സുള്ള നജിൻ എന്ന പെൺ കാണ്ടാമൃഗവും മകളായ 17 വയസ്സുള്ള ഫാതു എന്നീ രണ്ട് നോർത്തേൺ വെെറ്റ് റെെനോകൾ മാത്രമാണ് നിലവിൽ ലോകത്ത് ശേഷിക്കുന്നത്. എന്നാൽ, ഇവയ്ക്ക് രണ്ടിനും പ്രത്യുത്പാദനശേഷിയില്ല.
ഈ വിഭാഗത്തിലെ അവസാന ആൺ കാണ്ടാമൃഗം ‘സുഡാൻ’ 2018 -ൽ 45-ാം വയസ്സിൽ ചത്തിരുന്നു. പ്രായാധിക്യത്തെത്തുടർന്നുള്ള ബുദ്ധിമുട്ടുകൾ അലട്ടിയ കാണ്ടാമൃഗത്തെ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു. എന്നാൽ, സുഡാന്റെ ബീജം ഗവേഷകർ സൂക്ഷിച്ചിട്ടുണ്ട്. നിലവിലുള്ള പെൺ നോർത്തേൺ വെെറ്റ് റെെനോകളിൽനിന്ന് ശേഖരിക്കുന്ന അണ്ഡവുമായി ചേർത്ത് ഭ്രൂണങ്ങളെ സൃഷ്ടിക്കാനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്.
ഈ ഭ്രൂണങ്ങൾ സതേൺ വൈറ്റ് റൈനോകളുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കും. ഇതിലൂടെ ഈ ഉപജീവിവർഗത്തെ വംശനാശത്തിൽനിന്ന് സംരക്ഷിക്കാനാകുമെന്നും ഗവേഷകർ കണക്കുകൂട്ടുന്നു. 20,000-ത്തോളം സതേൺ വൈറ്റ് റൈനോകൾ ആഫ്രിക്കയിൽ ഇപ്പോൾ ശേഷിക്കുന്നുണ്ട്. കൊമ്പുകൾക്കായി വേട്ടയാടപ്പെടുന്നതാണ് കാണ്ടാമൃഗങ്ങളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം.
Content Highlights: first ivf rhino pregnancy could save species