കുണിയൻ പുഴയോരത്ത് വിരുന്നെത്തി വർണക്കൊക്കുകൾ

കരിവെള്ളൂർ: വംശനാശഭീഷണി നേരിടുന്ന വർണക്കൊക്കുകൾ ഇക്കുറിയും പതിവുതെറ്റിക്കാതെ കുണിയൻ പുഴയോരത്തെത്തി. കഴിഞ്ഞ രണ്ടുവർഷവും വന്ന വർണക്കൊക്കുകൾതന്നെയാണ് ഇക്കുറിയും വിരുന്നുവന്നിട്ടുള്ളതെന്ന് പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ കരിവെള്ളൂർ ചെറുമൂലയിലെ അഭിലാഷ് പദ്‌മനാഭൻ പറഞ്ഞു. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ദേശാടനപ്പക്ഷികൾ കുണിയനിൽ എത്തുന്നത്.
ഐ.യു.സി.എൻ. ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയ പക്ഷിയാണ് വർണക്കൊക്ക്. അപകടകരമാംവിധം വംശനാശഭീഷണി നേരിടുന്ന പക്ഷികളെയാണ് ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തുക. ഒക്ടോബർ മുതൽ ഏപ്രിൽ വരെ വർണക്കൊക്കുകൾക്ക് പ്രജനനകാലമാണ്. സുരക്ഷിതമായ ആവാസവ്യവസ്ഥ നോക്കിയാണ് വർണക്കൊക്കുകൾ കുണിയനിലെത്തിയത്.
ഇനി മാർച്ചുവരെ പ്രഭാതത്തിലും സായാഹ്നത്തിലും കുണിയൻ പുഴയോരത്തെത്തിയാൽ നിരവധി പക്ഷികളുടെ വർണക്കാഴ്ചകൾ കാണാൻ കഴിയും. വർണക്കൊക്കുകളെ പോലെ നിരവധി അപൂർവ ദേശാടനപ്പക്ഷികളും ഇത്തവണ കുണിയനിലെത്തിയിട്ടുണ്ട്.
യൂറോപ്യൻ ദേശാടനപ്പക്ഷിയായ പച്ചക്കാലി, സൈബീരിയയിൽനിന്നുള്ള സ്റ്റോൺ ചാറ്റ്, വലിയ എരണ്ട, വെള്ളക്കണ്ണി, പനങ്കാക്ക, ചാരമുണ്ടി, കാലിമുണ്ടി, മഞ്ഞക്കൊച്ച, ചാരക്കുട്ടൻ, ആട്ടക്കാരൻ, ആനറാഞ്ചി തുടങ്ങി നിരവധിയിനം പക്ഷികൾ കുണിയനിലെ വിരുന്നുകാരാണ്. കുണിയൻ പുഴ, വെള്ളൂർ പുഴ, പാടിയിൽ പുഴ എന്നിവയുടെ സംഗമസ്ഥലത്തിന് ചുറ്റുമുള്ള ചതുപ്പുപ്രദേശങ്ങളും കുറ്റിക്കാടുകളുമാണ് പക്ഷികളുടെ ആവാസകേന്ദ്രം
Content Highlights: cranes reach kuniyan river