ഗുൽമോഹർ, പേരാൽ, ബദാം... അഞ്ഞൂറോളം മരങ്ങൾ, പച്ചപ്പ് സുരക്ഷിതമാണ് ഈ മൂന്നാം ക്ലാസുകാരിയുടെ കൈകളിൽ

പേരാൽ, ഗുൽമോഹർ, ബദാം, പുളി, റംബൂട്ടാൻ, സപ്പോട്ട അങ്ങനെ നീളുന്നു ഒരു എട്ടു വയസ്സുകാരി നട്ടു പരിപാലിക്കുന്ന വൃക്ഷത്തൈകളുടെ പട്ടിക. കഴിഞ്ഞ ഒരു വർഷക്കാലമായി കുടുംബത്തിന്റെ പിന്തുണയോടെ മൂന്നാം ക്ലാസുകാരി ദേവിക ദീപക് പൊതുസ്ഥലങ്ങളിൽ നട്ടു പരിപാലിക്കുന്നത് 476 വൃക്ഷത്തൈകൾ ആണ്. അസാധാരണമായ പാരിസ്ഥിതിക അവബോധവും സാമൂഹിക ഉത്തരവാദിത്വവും പിന്തുടരുന്ന ഈ കുട്ടി പരിസ്ഥിതി സംരക്ഷക കോഴിക്കോടിന്റെ പച്ച മനുഷ്യൻ പ്രൊഫ. ടി ശോഭീന്ദ്രൻ മാസ്റ്ററുടെ ശിഷ്യകൂടിയാണ്. പ്രകൃതിയുടെ പച്ചപ്പുതപ്പ് തുടച്ചുമാറ്റപ്പെടുന്ന ഈ കാലത്ത്, ആ പരവതാനി സംരക്ഷിക്കാൻ പോരാളിയാവുകയാണ് ദേവിക. ദേവികയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് അഭിനന്ദനവും പ്രോത്സാഹനവുമായി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. ഇത്തവണത്തെ കണ്ടലമ്മച്ചി പരിസ്ഥിതി പുരസ്കാരവും ദേവികയ്ക്കാണ് ലഭിച്ചിട്ടുള്ളത്.
വേങ്ങേരി ദേവികനിലയത്തിൽ ദീപക്, സിൻസി ദമ്പതികളുടെ മൂത്ത മകളാണ് ദേവിക. ഒഴിവുദിവസങ്ങൾ ഈ കൊച്ചു മിടുക്കിക്ക് യാത്രകളുടേതാണ്. ഈ യാത്രയിൽ അവൾ കൈയിൽ കരുതുന്നത് തന്റെ കുഞ്ഞു തൂമ്പയും വൃക്ഷത്തൈകളും ട്രീഗാർഡും വെള്ളവും വളവുമൊക്കെയാണ്. കൂടെ തണലായി അച്ഛനും അമ്മയും അനിയൻ ഒന്നര വയസ്സുകാരൻ നിലനും ഉണ്ടാവും. സന്തോഷത്തോടെ ആത്മസംതൃപ്തിയോടെ ഓരോ തൈകളും നടുന്നു. നട്ടതുകൊണ്ട് മാത്രം ഉത്തരവാദിത്വം കഴിയുന്നില്ലെന്ന് അവൾക്കറിയാം. മുടങ്ങാതെ അവയെ കൃത്യമായി പരിപാലിച്ചുവരുന്നു. പൊതുവിടങ്ങളിൽ നാളെ തണലായി പടർന്നുപന്തലിക്കുന്ന വൃക്ഷങ്ങളാണ് ഈ കൊച്ചു മിടുക്കിയുടെ സ്വപ്നം.
Content Highlights: Young Girl Plants 476 Trees, young environmentalist devika