ഒരു ഭാഗത്ത് പട്ടിണിമരണം; മറുഭാഗത്ത് പാഴാകുന്ന ഭക്ഷണം ഭൂമിക്കുതന്നെ ഭീഷണി

ലോകമെമ്പാടുമുള്ള 34.5 കോടിയിലധികം ആളുകൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല എന്നാണ് വേൾഡ് ഫുഡ് പ്രോഗാം കണക്കാക്കുന്നത്. 82.8 കോടി ആളുകളാകട്ടെ ഓരോ രാത്രിയും ഭക്ഷണമില്ലാതെയാണ് തള്ളിനീക്കുന്നത്. ഭക്ഷ്യദൗർലഭ്യം ലോകത്ത് എല്ലായിടത്തുമുണ്ട്. കുറഞ്ഞ വരുമാനമുള്ള 48 രാജ്യങ്ങളിൽ ഇത് അത്യന്തം ഗുരുതരവുമാണ്. ബുർക്കിന ഫാസോ, മാലി, സൊമാലിയ, ദക്ഷിണ സുഡാൻ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയ വിഭാഗം ജനങ്ങൾ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവരാണ്. പ്രതിവർഷം 31 ലക്ഷം കുട്ടികൾ ഉൾപ്പെടെ ഏകദേശം 90 ലക്ഷം ആളുകൾ പട്ടിണിമൂലം മരിക്കുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പട്ടിണി നേരിടുന്നവരുടെ എണ്ണവും അവർക്ക് സഹായം എത്തിക്കാൻ ആവശ്യമായ ചെലവും തമ്മിൽ പൊരുത്തപ്പെടാൻ സാധ്യതയില്ലാത്ത വേഗതയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് ഇക്കാര്യത്തിൽ നേരിടുന്ന വലിയ വെല്ലുവിളി. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില വർദ്ധിച്ചതോടെ ഭക്ഷ്യസഹായം വിതരണം ചെയ്യുന്നതിനുള്ള ചെലവ് എക്കാലത്തെയും ഉയർന്ന നിലയിലാണ്.
അതേസമയം, ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഏതെങ്കിലുമൊരു തരത്തിൽ നഷ്ടപ്പെടുകയോ പാഴായിപ്പോകുകയോ ചെയ്യുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഭക്ഷണം പാഴാക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുന്നതിന് പുറമേ വലിയ സാമ്പത്തിക നഷ്ടവും നമ്മുടെ ഭൂമിക്കും വലിയ വെല്ലുവിളിയുമാണ്. ഭക്ഷണം പാഴാക്കുന്നത് കേവലം മാനുഷികമോ സാമൂഹികമോ ആയ ഒരു പ്രശ്നം മാത്രമല്ല, അതൊരു കടുത്ത പാരിസ്ഥിതിക പ്രശ്നം കൂടിയാണ്. അത് നമ്മുടെ ചവറ്റുകുട്ടയിൽ മാത്രം അവസാനിക്കുന്ന ഒന്നല്ല. മാലിന്യക്കൂമ്പാരങ്ങളിൽ അവശേഷിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ വലിയ അളവിൽ മീഥെയ്ൻ ഉത്പാദിപ്പിക്കുന്നു, കാർബൺ ഡൈ ഓക്‌സൈഡിനേക്കാൾ ശക്തമായ ഹരിതഗൃഹ വാതകം. മാലിന്യകൂമ്പാരത്തിൽ നമ്മൾ പാഴാക്കുന്ന ഭക്ഷ്യമാലിന്യമാണ് ആഗോള തലത്തിൽ മീഥെയ്ൻ ഉത്പാദനത്തിന്റെ ഏകദേശം 8 ശതമാനത്തിനും കാരണമെന്ന് മനസിലാക്കുമ്പോഴാണ് ഈ കണക്ക് ഗുരുതരമാകുന്നത്. കൂടാതെ, ഭക്ഷണം വലിച്ചെറിയുമ്പോൾ അത് ഉണ്ടാക്കുന്നതിനായി ചെലവഴിച്ച സമയവും വിഭവങ്ങളും ഊർജ്ജവും നമ്മൾ പാഴാക്കുന്നു.
Content Highlights: How Does Food Waste Affect the Environment?Food Waste