ചത്താല്‍ തള്ളിവിടുന്നത് പുഴയിലേക്ക്; കോവിഡ് കാലത്തോടെ കാലിത്തൊഴുത്തായ ഭാരതപ്പുഴ

രണ്ടുദിവസത്തിനുള്ളില്‍ തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് അഴുകിയനിലയില്‍ കണ്ടെത്തിയത് രണ്ട് പോത്തുകളുടെ ജഡങ്ങളാണ്. കുടിവെള്ളത്തെ ബാധിക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് തടയിടാന്‍ അധികൃതര്‍ക്കാവുന്നില്ല. മാലിന്യപ്പുഴയാവുകയാണ് ഭാരതപ്പുഴ. ഏറെ പദ്ധതികളുയരുമ്പോഴും സംരക്ഷിക്കാനാരുമില്ലാത്ത അവസ്ഥയിലാണ് നിള. നിളയോരത്തെ കാഴ്ചകളെക്കുറിച്ച് 'മാതൃഭൂമി ' നടത്തുന്ന അന്വേഷണം, നാഥനില്ലാതെ നിള.
പുഴയിലേക്ക് തുറന്നുവിടുന്ന അഴുക്കുചാല്‍ മാലിന്യം, അലഞ്ഞുതിരിയുന്ന കന്നുകാലികള്‍, കാടുവളരുന്ന മണല്‍ത്തിട്ടകള്‍, ഇരുട്ടിന്റെ മറവില്‍ മാലിന്യം തള്ളാനുള്ള ഇടങ്ങള്‍...കേരളത്തിന്റെ പൈതൃകപ്പെരുമയായ ഭാരതപ്പുഴയുടെ അവസ്ഥ കഴിഞ്ഞ കുറേകാലങ്ങളായി ഇങ്ങനെയാണ്. ഒറ്റവാക്കില്‍ നിളയൊരു നാഥനില്ലാക്കളരി. അറവുകാര്‍ കന്നുകാലികളെ കൂട്ടത്തോടെ മേയാന്‍ വിടുന്നത് പുഴയിലേക്കാണ്. പുഴയോരങ്ങളില്‍ അതിര്‍ത്തി കെട്ടി കന്നുകാലികളെ പാര്‍പ്പിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
പ്രഭാതത്തില്‍ മേയാന്‍ വിട്ടാല്‍ കന്നുകാലികള്‍ പുഴയിലെ പുല്ലും വെള്ളവും ഭക്ഷണമാക്കി സായാഹ്നംവരെ അലഞ്ഞുതിരിയും. അറവുകാര്‍ക്ക് ലാഭം മാത്രം. ഇവയിലേതെങ്കിലും ഒന്ന് ചത്താല്‍ പുഴയോരത്ത് കുഴിച്ചുമൂടും. അല്ലെങ്കില്‍ പുഴയ്ക്കുള്ളിലേക്ക് തള്ളിവിടും. കുടിവെള്ളത്തെ ബാധിക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് തടയിടാന്‍ അധികൃതര്‍ക്കാവുന്നില്ല.
2018-ല്‍ സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഭാരതപ്പുഴ ഏറ്റവുമധികം മലിനമാക്കപ്പെടുന്നത് പട്ടാമ്പി ഭാഗത്താണെന്ന് രേഖപ്പെടുത്തിയിരുന്നു. ഭാരതപ്പുഴയില്‍ ബയോളജിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് ലിറ്ററിന് ആറ് എം.ജിയേക്കാള്‍ കൂടുതലാണെന്നും പുഴയോരങ്ങളില്‍ നിറയെ ഖരമാലിന്യങ്ങളാണെന്നും പറഞ്ഞിരുന്നു. നഗരത്തില്‍നിന്നുള്ള മാലിന്യവാഹികളായ അഴുക്കുചാലുകളും പട്ടാമ്പി ഭാഗത്താണ് പുഴയില്‍ ചേരുന്നത്.
സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ : https://mbi.page.link/mbes
കോവിഡ് കഴിഞ്ഞപ്പോള്‍ കാലിത്തൊഴുത്ത്
മാലിന്യത്തിന്റെ ദോഷം നേരിടുമ്പോഴാണ് കോവിഡ് കാലത്തിനുശേഷം കാരക്കാടിനും വെള്ളിയാങ്കല്ലിനുമിടയില്‍ ഭാരതപ്പുഴയോരത്ത് കന്നുകാലിവളര്‍ത്തല്‍ വ്യാപകമായത്. 40 ഡിഗ്രി സെല്‍ഷ്യസ് വരെ വേനല്‍ക്കാലത്ത് ചൂടുകൂടിയപ്പോള്‍ ഇവ സുഖമായി വെള്ളത്തില്‍ നീരാടി. തൊട്ടുതാഴെ പട്ടാമ്പി നഗരത്തിലേക്ക് കുടിവെള്ളം നല്‍കുന്ന മിനി ശുദ്ധജല വിതരണ പദ്ധതിയുണ്ടെന്ന കാര്യം കൂടി അധികൃതര്‍ മറന്നു.
റവന്യൂവകുപ്പ് ഇടപെട്ടതിനാല്‍ പട്ടാമ്പി പാലത്തിനുതാഴെയുള്ള തൃത്താല ഭാഗത്ത് പോത്തുകളെ വളര്‍ത്തല്‍ നിലച്ചുവെങ്കിലും പട്ടാമ്പി നമ്പ്രം ഭാഗത്ത് കന്നുകാലി വളര്‍ത്തല്‍ വിപുലമായി. കിഴായൂരില്‍ വേനല്‍ക്കാല പച്ചക്കറി മുഴുവന്‍ രാത്രി പുഴയില്‍നിന്ന് കയറിയ ഇവ തിന്നുതീര്‍ത്തു. കര്‍ഷകര്‍ ഇക്കുറി പോത്തുശല്യത്തെ പേടിച്ച് പച്ചക്കറിക്കൃഷി ഉപേക്ഷിക്കുകയും ചെയ്തു.
പുഴസംരക്ഷണം വാക്കുകളില്‍ മാത്രം
ഭാരതപ്പുഴ സംരക്ഷണം പ്രഖ്യാപനങ്ങളിലും മാത്രമൊതുങ്ങുന്ന സ്ഥിതിയാണ് നിലവില്‍. റവന്യൂ, ജലസേചനം, ജലവിഭവം, തദ്ദേശം തുടങ്ങി വിവിധ വകുപ്പുകള്‍ക്ക് കീഴിലാണ് ഭാരതപ്പുഴയുള്ളത്. ഇവരില്‍ ആര് പുഴയെ സംരക്ഷിക്കുമെന്നതില്‍ ആര്‍ക്കും വ്യക്തതയില്ല.
മണലെടുപ്പുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പാണ് നടപടിയെടുക്കേണ്ടത്. ഉള്‍പ്രദേശങ്ങളില്‍ അനധികൃത മണലെടുപ്പ് വ്യാപകമാണ്. പുഴയിലെ കാടുകള്‍ വെട്ടിത്തെളിച്ച് സുഗമമായ ഒഴുക്കിന് വഴിയൊരുക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
നിലവിലെ പ്രധാന പ്രശ്‌നമായ പുഴയില്‍ പോത്തുകളെ അനിയന്ത്രിതമായി തള്ളുന്ന ഉടമസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും വിവിധ പഞ്ചായത്തുകളും നഗരസഭകളും ഒന്നിച്ച് എടുക്കേണ്ട തീരുമാനമായതിനാല്‍ തഹസില്‍ദാറുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും തൃത്താല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയ പറയുന്നു.
(തുടരും)
Read More: ചന്തയിലെയും ശൗചാലയത്തിലെയുമടക്കം മലിനജലം ഒഴുക്കുന്നത് കുടിവെള്ളത്തിലേക്ക് | ഭാഗം - 2
Content Highlights: devastating state of bharathappuzha 2024