നാലരയേക്കർ പുരയിടം, അപൂർവമായവയടക്കം മൂവായിരത്തോളം വൃക്ഷലതാദികൾ; പ്രകൃതിയോടലിഞ്ഞ് ദേവകിയമ്മ

#ജോസഫ് മാത്യു

പാട്ടുകളെ പൂക്കൾക്കൊണ്ട് അലങ്കരിച്ച ഗന്ധർവകവി വയലാർ രാമവർമ്മ ഒരിക്കൽ ഈ തപോവനത്തിൽ വന്നിരുന്നെങ്കിലെന്ന് ആരും സങ്കല്പിച്ചുപോകും. മലയാളിക്ക് ഇനിയുമേറെ പൂക്കൾ പാട്ടിലൂടെ ലഭിച്ചേനെ എന്നൊരു മോഹംതോന്നും. വെറുതേ മോഹിക്കാൻ മോഹമെന്ന് ഒ.എൻ.വി. എഴുതിയിട്ടുണ്ടല്ലോ. കായാമ്പൂ കണ്ണിൽ വിടരും, ചെത്തിമന്ദാരം തുളസി, പാരിജാതം തിരുമിഴി തുറന്നു, താഴമ്പൂമണമുള്ള തണുപ്പുള്ള രാത്രി, ഇന്ദ്രവല്ലരി പൂചൂടിവരും... ഇങ്ങനെ പൂക്കളും സസ്യലതാദികളുംകൊണ്ട് പാട്ടിൽ സുഗന്ധം വിതറിയയാളാണ് വയലാർ. ഇവയിൽ മിക്കവയും ആലപ്പുഴ കണ്ടല്ലൂരിലെ ‘തപോവനം’ എന്ന നാലരയേക്കർ പുരയിടത്തിലുണ്ട്. മൂവായിരത്തോളം വൃക്ഷലതാദികൾ. ഇനിയും തിരിച്ചറിയാത്തവയുമുണ്ട്. ഇതിനെല്ലാം കാവലാളായി കൊല്ലകൽ ദേവകിയമ്മ എന്ന തൊണ്ണൂറ്റിരണ്ടുകാരി ഇവിടെയുണ്ട്. കണ്ടല്ലൂരിലെ ചൊരിമണലിൽ ഇങ്ങനെയൊരു വനം വളർത്തിയെടുത്തതിന് രാജ്യം ഈവർഷം പദ്‌മശ്രീ നൽകി ദേവകിയമ്മയെ ആദരിച്ചു.

‘നിൻമേനി... നെൻമേനി വാകപ്പൂവോ’ എന്ന്‌ യൂസഫലി കേച്ചേരി എഴുതിയിട്ടുണ്ട്. പവിഴമല്ലി പൂത്തുലഞ്ഞതിനെക്കുറിച്ച് മുല്ലനേഴി വരികളെഴുതി. നെൻമേനിവാകയും പവിഴമല്ലിയുമൊക്കെ കാണാൻ ‘തപോവന’ത്തിലേക്കുവരാം. ‘കാട്ടുക്കുറിഞ്ഞി പൂവുംചൂടി...’ എന്നെഴുതിയ ദേവദാസും ‘ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു...’ എന്നെഴുതിയ ശ്രീകുമാരൻതമ്പിയും സമീപനാട്ടുകാർ. ഇതുമാത്രമല്ല, നാഗപ്പൂമരം, നാഗലിംഗമരം, തമ്പകം, പൊങ്ങ്, പുങ്ക്, നാഗവള്ളി, അശോകം, അങ്കോലം, ആറുതരം വേപ്പ്, മൂന്നുതരം വേങ്ങ, ലക്ഷ്മിതരു, രണ്ടുതരം കമണ്ഡലു, ഗുൽമോഹർ, ഇലഞ്ഞി, കൂവളം, ഇലിപ്പ, പുല്ലാനിവള്ളി, മെഴുകുതിരി മരം, തേമ്പാവ്, നീർമരുത്, ശിവകുണ്ഡലമരം തുടങ്ങി മലയാളികൾ കണ്ടിട്ടുള്ളതും കാണാത്തതുമായ എത്രയോ ചെടികളും വള്ളികളും വൃക്ഷങ്ങളും ഇവിടെയുണ്ട്.

തപോവനത്തിനൊരു ചരിതം

മുതുകുളത്തിനടുത്ത് പറവൂർ ജങ്ഷൻ-കീരികാട് ജെട്ടി റോഡിലാണ് കൊല്ലകൽ തറവാട്. ഇവിടെയിങ്ങനെയൊരു വനം ഉയർന്നുവന്നതിനുപിന്നിലൊരു കഥയുണ്ട്. തറവാട്ടിൽ ഏഴ് ആണുങ്ങൾക്കുശേഷമാണ് ഏക പെണ്ണായി 1934 ഓഗസ്റ്റ് 19-ന് ദേവകിയമ്മ ജനിച്ചത്. വിവിധ പ്രദേശങ്ങളിൽ ഏക്കറുകണക്കിന് കൃഷിചെയ്യുന്നവരാണ് കുടുംബം. അന്നത്തെ രീതിയനുസരിച്ച് ഇളയ പെൺകുട്ടിക്കാണ് തറവാട്. ഹരിപ്പാട് കരുവാറ്റ അണക്കാട്ടിൽ എം.കെ. ഗോപാലകൃഷ്ണപിള്ള ദേവകിയമ്മയെ വിവാഹംകഴിച്ച് തറവാട്ടിലേക്കുവന്നു. സർക്കാർസ്‌കൂൾ അധ്യാപകനായിരുന്ന അദ്ദേഹം പലയിടങ്ങളിലായിരുന്നു ജോലി. എന്നാൽ, ദേവകിയമ്മ തറവാട്ടിൽത്തന്നെ കൂടി. അങ്ങനെയിരിക്കേയാണ് ആ വാഹനാപകടമുണ്ടായത്.

ഒരു ഡ്രൈവിങ് സ്കൂളിന്റെ വാഹനം കായംകുളം ഗവ. ആശുപത്രിക്കു സമീപത്തുവെച്ച് ദേവകിയമ്മയുടെ വലതുകാൽപ്പത്തിയിലൂടെ കയറിയിറങ്ങി. കാൽപ്പത്തി മുറിച്ചുമാറ്റേണ്ടിവരുമെന്നു ഭയപ്പെട്ടു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നുമാസത്തെ ചികിത്സ. തുടർന്ന് മൂന്നുവർഷത്തോളം വീട്ടിൽകിടപ്പ്. സുഖംപ്രാപിച്ചപ്പോൾ വീട്ടിനുള്ളിൽ പതുക്കെ നടന്നുതുടങ്ങി. പിന്നെ പറമ്പിലേക്ക്. അന്നു കുറച്ചു തെങ്ങും മാവും കമുകും മാത്രമേയുള്ളൂ. ബാക്കിസ്ഥലം കൊയ്ത്തും മെതിയും വരുന്നതിനുമുൻപ് ഇടവിളക്കൃഷിയായി ചേമ്പും കാച്ചിലും കപ്പയുമൊക്കെ നടാനാണ് ഉപയോഗിച്ചിരുന്നത്. വിളവെടുപ്പു കഴിഞ്ഞാൽ കുറച്ചുനാൾ കാലിയായി കിടക്കും. പറമ്പിലൂടെ നടക്കുമ്പോൾ അവിടവിടെയായി മരങ്ങൾ നട്ടുതുടങ്ങി. വെള്ളമൊഴിച്ച് അവയുടെ വളർച്ച ആസ്വദിച്ചു. ഭർത്താവും അമ്മയുടെ താത്പര്യം കണ്ട് മക്കളും പുതിയതരം തൈകൾ കൊണ്ടുവന്നുതുടങ്ങി. അപൂർവ ഇനങ്ങൾ, വിദേശ ഇനങ്ങൾ എന്നിവയെല്ലാം വന്നു. മരങ്ങൾ വളർന്നുപന്തലിച്ചതോടെ അതിനു ‘തപോവനം’ എന്നു പേരിട്ടു. ഔദ്യോഗികമായി വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ ഒരു സ്വകാര്യവനം.

‘ബുദ്ധൻ’ വന്ന വഴി

മൺപാത പിന്നിട്ട് വീട്ടുവളപ്പിലേക്ക് കയറുമ്പോൾ ആദ്യംകാണുന്നത് കമണ്ഡലു മരമാണ്. താപസന്മാർ കമണ്ഡലുവായി ഉപയോഗിക്കുന്ന കായയുണ്ടാകുന്ന മരം. ഇപ്പോൾ നിറയെ കായ്ച്ചുനിൽക്കുന്നു. അതുപിന്നിട്ട് മുന്നോട്ടുചെല്ലുമ്പോൾ ഒരു കുളം. പിന്നെയും മുന്നോട്ടുനടന്നാൽ വനത്തിലെത്തും. നട്ടുച്ചയ്ക്കുപോലും തണുപ്പുനിറഞ്ഞ അന്തരീക്ഷം. ചില മരങ്ങളിലൊക്കെ പേരെഴുതിവെച്ചിട്ടുണ്ട്. ഒരിക്കൽ ശബരിമലയിൽ പോയിവന്നപ്പോൾ പേരറിയാത്ത ഒരു തൈ കൊണ്ടുവന്നു. മഴയത്ത് തടിയിൽ വെള്ളം പിടിച്ചുവെക്കുകയും വേനൽക്കാലത്ത് വേരിൽക്കൂടി മറ്റു മരങ്ങൾക്കു കൊടുക്കുകയുംചെയ്യുന്നുവെന്നാണ് ഈ വൃക്ഷത്തെക്കുറിച്ചു പറയുന്നത്. തനിക്കുള്ളതെല്ലാം മറ്റുള്ളവർക്കു കൊടുക്കുന്നു എന്ന അർഥത്തിൽ ഇതിനു ‘ബുദ്ധൻ’ എന്നു പേരിട്ടു. പിന്നീടാണ് ഇത് ‘വിങ്ഡ് ബൂട്ട് ട്രീ’ ആണെന്നു മനസ്സിലാക്കിയത്. കായംകുളം സി.പി.സി.ആർ.ഐ. ഡയറക്ടറായിരുന്ന അനിതാകുമാരിയാണ് ‘ബുദ്ധൻ’ എന്ന പേരു നിർദേശിച്ചത്.

ദേവകിയമ്മയ്ക്കും ഭർത്താവ് പരേതനായ ഗോപാലകൃഷ്ണപിള്ളയ്ക്കും അഞ്ചു മക്കളാണ്. തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജ്(സി.ഇ.ടി.) എൻവയൺമെന്റൽ എൻജിനിയറിങ് വിഭാഗം മേധാവിയായാണ് മൂത്തമകൾ ഡി. തങ്കമണി വിരമിച്ചത്. അമ്മയുടെ പാത പിന്തുടർന്ന് സി.ഇ.ടി.യിൽ ഒട്ടേറെ മരങ്ങൾ നടാൻ തങ്കമണി ചുക്കാൻപിടിച്ചിരുന്നു. 2002-ൽ സി.ഇ.ടി.ക്ക് മികച്ച വിദ്യാഭ്യാസസ്ഥാപനത്തിനുള്ള കേന്ദ്രസർക്കാരിന്റെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്‌കാരം ലഭിച്ചതിനുപിന്നിൽ തങ്കമണിയായിരുന്നു. 2003-ൽ ഇതേ പുരസ്കാരം വ്യക്തിഗത ഇനത്തിൽ ദേവകിയമ്മയ്ക്കു ലഭിച്ചു. രണ്ടു പുരസ്‌കാരങ്ങളുംകൂടി ഒന്നിച്ച് 2005-ലാണു നൽകിയത്. അമ്മയും മകളും ഒരേ വേദിയിൽ ഇവ ഏറ്റുവാങ്ങി. സംസ്ഥാനസർക്കാരിന്റെ വനമിത്ര പുരസ്‌കാരം, കേരള സ്വദേശി സയൻസ് മൂവ്‌മെന്റിന്റെ ഭൂമിമിത്ര പുരസ്‌കാരം, ജൈവവൈവിധ്യബോർഡിന്റെ ഹരിതവ്യക്തി പുരസ്‌കാരം, വനംവകുപ്പിന്റെ പ്രകൃതിമിത്ര പുരസ്‌കാരം, കേന്ദ്രസർക്കാരിന്റെ നാരീശക്തി പുരസ്‌കാരം എന്നിവയും ദേവകിയമ്മയ്ക്കു ലഭിച്ചു. ഭർത്താവ് 1999-ൽ മരിച്ചതിനുശേഷവും ദേവകിയമ്മ തന്റെ സപര്യ തുടർന്നു.

സംരക്ഷണംതേടുന്ന വനനന്മ

മഴക്കാലത്തു വെള്ളക്കെട്ടു നേരിടുന്നതാണ് 'തപോവനം' ഇപ്പോൾ നേരിടുന്ന പ്രശ്‌നം. തിരിച്ചറിയാത്ത മരങ്ങൾ തിരിച്ചറിയാനും 'തപോവന'ത്തിന്റെ സംരക്ഷണത്തിനും കുടുംബം സംസ്ഥാനസർക്കാരിന്റെ സഹായം അഭ്യർഥിക്കുന്നു. കടലിനോടുചേർന്നുള്ള പ്രദേശമാണെങ്കിലും ഇവിടേക്ക് ഉപ്പുവെള്ളം കയറില്ല. നിറയെ മരങ്ങളുള്ളതിനാൽ മഴവെള്ളം ഭൂമിയിലേക്കിറങ്ങുന്നതിനാൽ ഇത് ഉപ്പുവെള്ളം കയറുന്നത് തടയുമെന്ന് എൻവയൺമെന്റൽ എൻജിനിയർകൂടിയായ തങ്കമണി പറഞ്ഞു. ഏതാനും ദിവസംമുൻപാണ് ഡൽഹിയിൽപ്പോയി ദേവകിയമ്മ പത്മശ്രീ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് ഏറ്റുവാങ്ങിയത്. നാട്ടിൽ തിരിച്ചെത്തി വിശ്രമത്തിലാണ്. പണ്ട് അപകടം പറ്റിയ കാൽപ്പത്തിക്ക് ഇപ്പോഴും സംവേദനക്ഷമതയില്ല. രണ്ടുതവണ സ്‌ക്രിൻ ഗ്രാഫ്റ്റിങ് നടത്തിയതാണ്. പക്ഷേ, ഈ പരിസ്ഥിതിദിനത്തിലും അവർ തിരക്കിലാണ്. തിരുവനന്തപുരത്ത് പരിപാടികളുണ്ട്. മരങ്ങളെന്നും ചെടികളെന്നും കേട്ടാൽ ദേവകിയമ്മ ക്ഷീണമെല്ലാം മറക്കും.

ഇന്ദിരകുമാരി, ഉഷാകുമാരി, പത്മകുമാർ, നന്ദകുമാർ എന്നിവരാണ് ദേവകിയമ്മയുടെ മറ്റുമക്കൾ. കൊല്ലകൽ തറവാട്ടിൽ ഇപ്പോൾ ദേവകിയമ്മയ്‌ക്കൊപ്പം താമസിക്കുന്നത് തങ്കമണിയും നന്ദകുമാറുമാണ്. നന്ദകുമാറിന്റെ ഭാര്യ ജയ, മക്കളായ ശരണ്യ, സൂര്യ എന്നിവരുമുണ്ട്. ശരണ്യ ആലപ്പുഴ എസ്.ഡി.കോളേജിൽ സസ്യശാസ്ത്രം ഗവേഷണവിദ്യാർഥിയാണ്. ദേവകിയമ്മയുടെ മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം പുതിയ തൈകൾ നട്ടുപിടിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ്. വനവത്കരണം ഇവർക്കു വാക്കുകളിലല്ല, പ്രവൃത്തിയിലാണ്.

Content Highlights: 92-year-old Devaki Amma created a 4.5-acre forest in Alappuzha., Home to over 3,000 trees and rare plant species., Recipient of the prestigious Padma Shri award in 2026., Family-led conservation effort fostering biodiversity., The forest acts as a natural barrier against saltwater intrusion.