എവിടെയോ കണ്ട മുഖച്ഛായയും മുടിയും, നിശാശലഭത്തിന് ഒടുവിൽ പേരിട്ടു; ഡോണാൾഡ് ട്രംപി

CREATURE CHRONICLES
#ഡോ. പി. കെ. സുമോദന്‍
ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ തലമുടിയോടു സാദൃശ്യമുള്ള നിശാശലഭവും
ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ തലമുടിയോടു സാദൃശ്യമുള്ള നിശാശലഭവും

ഡൊണാള്‍ഡ് ട്രംപ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുതുടങ്ങി. ഈ വര്‍ഷം നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ട്രംപായിരിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. 2017 ജനുവരി ഇരുപതിനാണ് കഴിഞ്ഞ തവണ അദ്ദേഹം പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്തത്. അതിന് കൃത്യം മൂന്ന് ദിവസം മുന്‍പ് 'സൂ കീസ്' (Zoo Keys) എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലൂടെ അമേരിക്കയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും കണ്ടെത്തിയ ഒരു പുതിയ നിശാശലഭം ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടു. ആള്‍ കുഞ്ഞനാണെങ്കിലും പേര് വലുതാണ്. സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ പേരാണ് അതിന്റെ സ്രഷ്ടാവായ വാസ്‌റിക്ക് നാസറി (Vazrick Nazari) അതിന് ചാര്‍ത്തിക്കൊടുത്തത്: നിയോപാല്‍പ്പാ ഡൊണാള്‍ഡ് ട്രംപി (Neopalpa donaldtrumpi). ജീവികളുടെ പേരിടുമ്പോള്‍ പുരുഷനാമമാണെങ്കില്‍ അവസാനത്തെ ശബ്ദം 'ഇ' ആയിരിക്കണമെന്നാണ് നിയമം. അങ്ങനെയാണ് 'ട്രംപ്' 'ട്രംപി' ആയത്. അമേരിക്കയിലെ ദക്ഷിണ കാലിഫോര്‍ണിയയിലും മെക്‌സിക്കോയിലെ ബാജാ കാലിഫോര്‍ണിയയിലും മാത്രമേ ഇവയെ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ചിറകുവിരിച്ചാല്‍ രണ്ടറ്റങ്ങള്‍ക്കുമിടയിലെ  നീളം ഒരു സെന്റീമീറ്ററില്‍ കുറവായിരിക്കും. തലയിലെ സ്വര്‍ണനിറമുള്ള ശല്‍ക്കങ്ങളും മുന്‍ ചിറകുകളുടെ മേല്‍ഭാഗത്തെ ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറവുമാണ് പ്രത്യേകതകള്‍. ഭക്ഷണമെന്തെന്നും ജീവിതചക്രം എങ്ങനെയെന്നും ഇപ്പോഴും അറിയില്ല. നിയോപാല്‍പ്പ ജനുസ്സില്‍ കൂട്ടിന് മറ്റൊരു സ്പീഷീസ് കൂടിയുണ്ട്- നിയോപാല്‍പ്പാ നിയോനേറ്റ (Neopalpa neonata).    

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: Neopalpa donaldtrumpi, moth, creature chronicles, moth, environment, sumodan

Continue reading