കാട്ടെരുമകളിൽ ആണും പെണ്ണും ഉണ്ട്, കാട്ടു പോത്തൊരു പോത്തല്ല| കാട്ടി,പോത്ത്, മിഥുൻ കൺഫ്യൂഷൻ തീർക്കാം

ബാഹുബലി സിനിമയിൽ ബല്ലാലദേവനുമായി പൊരുതി കീഴടങ്ങുന്ന ദൃഢപേശികളുള്ള ഒരു കാട്ടിയെ കാണിക്കുന്നുണ്ട്. എണ്ണക്കറുപ്പിൽ മിനുങ്ങുന്ന ശരീരവും മുട്ടോളം വെള്ള സോക്‌സിട്ടതുപോലുള്ള കാലുകളുമായി കുതിച്ച് വരുന്ന മൃഗം. അത് 3D അനിമേഷൻ ഉപയോഗിച്ച് ഉണ്ടാക്കിയ സാങ്കല്പിക ജീവിയാണെങ്കിലും അതിന് നമ്മുടെ കാട്ടിലെ കാട്ടിയോട് നല്ല സാമ്യം ഉണ്ട്. കാട്ടുപോത്ത് എന്ന് നമ്മൾ ഉപയോഗിച്ച് ശീലമായ പേര് 'കാട്ടി' എന്ന മൃഗത്തിന് ചേരുമോ എന്ന സംശയം പലരും മുമ്പും പറഞ്ഞിട്ടുണ്ട്. പശുവും കാളയും പോലെ നമ്മൾ വളർത്തു മൃഗമായി കൂടെ നടത്തുന്ന എരുമയും പോത്തും ആണ് നമ്മൾ 'കാട്ടുപോത്ത് 'എന്ന വിളിക്കുന്ന മൃഗത്തിന്റെ കാട്ട് വേർഷൻ എന്നാണ് പലരും കരുതുന്നത്. കൂടാതെ 'പോത്ത്' എന്നത് ആൺമൃഗത്തിന് ഉപയോഗിക്കുന്നതിനാൽ - കാട്ടുപോത്ത് പ്രസവിച്ചു എന്ന വാർത്ത മുമ്പുണ്ടായപ്പോൾ കാര്യമറിയാതെ പലരും ട്രോളുകയും ചെയ്തിരുന്നു. gaur എന്നും Indian bison എന്നും വിളിക്കുന്ന അതിശക്ത മൃഗമാണ് Bos gaurus എന്ന നമ്മുടെ കാട്ടി. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആളുകൾ വളർത്തുന്ന മിഥുൻ ആണ് ഇവരോട് ബന്ധമുള്ള മൃഗം, അല്ലാതെ നമ്മുടെ നാടൻ പോത്തല്ല. ഗൗറുകളെ മെരുക്കിയാണ് മിഥുൻ എന്ന Bos frontalis ഉണ്ടായതെന്നും അതല്ല കാട്ടിയും വളർത്ത് കന്നുകാലികളും തമ്മിൽ ഇണ ചേർന്ന് ഉണ്ടായ ഹൈബ്രിഡ് ആണ് ഇവ എന്നും, അതുമല്ല വംശനാശം സംഭവിച്ചു പോയ ബൊവിൻ വിഭാഗത്തിലെ ഏതോ മൃഗത്തിന്റെ പിൻതുടർച്ചക്കാരാണ് ഇവർ എന്നും പല വാദങ്ങൾ ഉണ്ട്. എന്നാൽ 2020-ൽ നടന്ന മൈറ്റോകോൺഡ്രിയൽ ജീനോം സിക്വൻസ് പഠനങ്ങൾ മിഥുൻ അമ്മവഴിയിൽ കാട്ടി തന്നെ എന്ന് തെളിഞ്ഞു.
Content Highlights: Bandhukkal Mithrangal Column, Asian bufallo, gaur Mithun, Vijayakumar Blathur, katti, pothu