പീരുമേട്ടിൽ വാഴൂർ സോമന്റെ ലെഗസി ആര് വോട്ടാക്കും?, മണ്ഡലം പിടിച്ചെടുക്കാൻ എത്തുമോ അലോഷ്യസ് സേവ്യർ

#ഇലക്ഷൻ ഡെസ്ക്
അലോഷ്യസ് സേവ്യർ,വാഴൂർ സോമൻ,കെ. സലിം കുമാർ
അലോഷ്യസ് സേവ്യർ,വാഴൂർ സോമൻ,കെ. സലിം കുമാർ

ഇ.എസ് ബിജിമോൾ മൂന്ന് ടേമായും അതിന് ശേഷം 2021-ൽ 1,835 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാഴൂർ സോമൻ വിജയിക്കുകയും ചെയ്ത  മണ്ഡലമാണ് ഇടുക്കി ജില്ലയിലെ പീരുമേട്. എന്നാൽ, എംഎൽഎ പദവിയിലിരിക്കെ 2025 ഓഗസ്റ്റ് 21-ന് അദ്ദേഹം അന്തരിച്ചു. ഇത്തവണ ആരാകും പീരുമേട്ടിൽ ഇടതിനു വേണ്ടി ഇറങ്ങുക?.

ജില്ലയിൽ സിപിഐ മത്സരിക്കുന്ന ഏകമണ്ഡലമാണ് പീരുമേട്. പാർട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങൾ പരസ്യമായ രഹസ്യമായതുകൊണ്ടുതന്നെ സ്ഥാനാർഥി നിർണയത്തിലും പാർട്ടി പ്രത്യേക ജാഗ്രത വയ്ക്കും.

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിം കുമാർ, മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, എഐവൈഎഫ് സ്റ്റേറ്റ് കമ്മിറ്റി അംഗം ആശ ആന്റണി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് തുടങ്ങി പല പേരുകൾ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നുകഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, വാഴൂർ സോമന്റെ ഭാര്യയോ മക്കളിൽ ഒരാളെ നിർത്തിയാലോ എന്ന ആലോചനയും നടക്കുന്നുണ്ട്‌.

ഇനി കോൺഗ്രസിന്റെ കാര്യമെടുത്താൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ കെഎസ്‌യു പാർട്ടി നേതൃത്വത്തോട് മത്സരിക്കാൻ ചോദിച്ച സീറ്റുകളിലൊന്നും പീരുമേടാണ്‌. ഇതിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനുവേണ്ടിയാണ് പീരുമേട് സീറ്റിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌. ഇടുക്കി അടിമാലി മച്ചിപ്ലാവ് സ്വദേശിയാണ് അലോഷ്യസ്. കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റ് പദത്തിൽ നിന്നാണ് സംഘടനയുടെ അധ്യക്ഷസ്ഥാനത്തെത്തുന്നത്. വർഷങ്ങളായി എ ഗ്രൂപ്പ് കയ്യടക്കിവെച്ചിരുന്നതാണ് കെഎസ്‌യു അധ്യക്ഷസ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആശീർവാദത്തോടെയാണ് അലോഷ്യസ് എത്തിയത്. തേവര എസ്എച്ച് കോളജ് യൂണിയൻ മുൻ ചെയർമാൻ കൂടിയാണ് അലോഷ്യസ്.

2021-ലെ കണക്ക് ഇങ്ങനെ

  • വാഴൂർ സോമൻ (സിപിഐ)-60,141
  • അഡ്വ. സിറിയക് തോമസ് (കോൺഗ്രസ്)-58,306
  • ശ്രീനഗരി രാജൻ (ബിജെപി)- 7,126

കോടതി കയറിയ പീരുമേട് തിരഞ്ഞെടുപ്പ്

2021-ലെ തിരഞ്ഞെടുപ്പിന് പിന്നാലെ സിറിയക് തോമസ്, വാഴൂർ സോമനെതിരേ കോടതിയെ സമീപിച്ചു. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സോമൻ, വസ്തുതകൾ മറച്ചുവെച്ചെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നുമായിരുന്നു സിറിയക്കിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം നൽകുന്ന സത്യവാങ്മൂലത്തിൽ വാഴൂർ സോമൻ പൂർണവിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല എന്നതായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. ഭാര്യയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ്, പാൻ കാർഡ് തുടങ്ങിയവ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയിട്ടില്ല, ഇൻകംടാക്സ് റിട്ടേൺ ഒരു കൊല്ലത്തെ മാത്രമാണ് ഫയൽചെയ്തിട്ടുള്ളത് എന്നീ ആരോപണങ്ങളും ഹർജിയിലുണ്ടായിരുന്നു. വെയർ ഹൗസിങ് കോർപറേഷന്റെ ചുമതലകൂടി വഹിച്ചിരുന്ന സമയത്താണ് സോമൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇരട്ടപ്പദവി ആരോപണവും സിറിയക് തോമസ് ഹർജിയിൽ ഉന്നയിച്ചിരുന്നു.സിറിയക്കിന്റെ പരാതി ഹൈക്കോടതി തള്ളിയെങ്കിലും അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു.

വാഴൂർ സോമൻ അന്തരിച്ച പശ്ചാത്തലത്തിൽ, കേസിൽ ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നോട്ടീസ് അയക്കാൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതാണ് കേസിലെ അവസാനത്തെ അപ്‌ഡേറ്റ്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 116-ാം വകുപ്പ് പ്രകാരം വാഴൂർ സോമൻ ഒഴികെയുള്ള കേസിലെ മറ്റ് നാല് കക്ഷികൾക്ക് നോട്ടീസ് അയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. കേസിലെ എതിർകക്ഷികളായ എസ്. രാജൻ, ബിജു തോമസ്, ഗോപാലകൃഷ്ണൻ, സോമൻ കുഞ്ഞുകുഞ്ഞു എന്നിവർക്ക് നോട്ടീസ് അയക്കാനാണ് നിർദേശം നൽകിയിരുന്നത്.

സിപിഐ-കോൺഗ്രസ് മുന്നൊരുക്കങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റിൽ വിജയം നേടുമെന്ന പ്രഖ്യാപനത്തോടെയാണ് എൽഡിഎഫിന്റെ മുന്നൊരുക്കങ്ങൾ. അതുകൊണ്ടുതന്നെ അനുകൂലസാഹചര്യങ്ങൾ പരമാവധി മുതലെടുക്കാനാണ് അവർ ശ്രമിക്കുക എന്നതിൽ സംശയമില്ല. അതേസമയം, പ്രാദേശിക വിഷയങ്ങളും പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും സിപിഐയെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 2016-ൽ 314 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജിമോൾ, അഡ്വ. സിറിയക് തോമസിനെ തോൽപിച്ചത്. എന്നാൽ 2021-ൽ പൊതുവേയുണ്ടായിരുന്ന ഇടത് അനുകൂല തരംഗവും വാഴൂർ സോമൻ എന്ന നേതാവിന്റെ വ്യക്തിപ്രഭാവവും താരതമ്യേന ഭേദപ്പെട്ട വിജയത്തിലേക്ക് പാർട്ടിയേയും മുന്നണിയേയും നയിച്ചു. വാഴൂർ സോമൻ ഇഫക്ട് നിലനിർത്താനും അതിന്റെ കൂടെ ബലത്തിൽ വിജയം ഉറപ്പാക്കാനുമാണ് സിപിഐയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് വാഴൂർ സോമന്റെ ഭാര്യ, മക്കൾ എന്നിവരെയും സ്ഥാനാർഥിത്വത്തിനായി പരിഗണിക്കുന്നത്. എൻഡിഎ മുന്നണിയിൽ ബിജെപി മത്സരിക്കുന്ന സീറ്റാണ് പീരുമേട്. കഴിഞ്ഞ തവണ ശ്രീനഗരി രാജനായിരുന്നു സ്ഥാനാർഥി. ഇക്കുറി ആരെയാകും ബിജെപി രംഗത്തിറക്കുക എന്നതും അറിയാനുണ്ട്.

Content Highlights: who will be the candidates of peerumade constituency in assembly election 2026