‘22-നെക്കാൾ താഴെയാണ് ഭായീ 63, ലീഗിന്റെ പാട്ടിനൊപ്പം തുള്ളുന്ന പാവ’; ലീഗിനെതിരേ വിമർശനവുമായി ബിജെപി

കൊച്ചി: വി.ഡി. സതീശൻ മുഖ്യമന്ത്രിസ്ഥാനത്തെത്തിയതിന് പിന്നാലെ മുസ്‌ലിം ലീഗിനെതിരേ വിമർശനവുമായി ബിജെപി. വി.ഡി സതീശന് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചതിൽ ലീഗിന്റെ ഇടപെടൽ ഉണ്ടെന്ന പരോക്ഷ ആരോപണവുമായാണ് ബിജെപിയുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ.
‘അടുത്ത അഞ്ചുകൊല്ലം നമ്മൾ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ കാണാൻ പോകുന്നത് ലീഗിന്റെ പാട്ടിനൊപ്പം തുള്ളുന്ന ഒരു പാവയെ ആയിരിക്കു’ എന്നായിരുന്നു ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്. കെ.എം. ഷാജി പ്രസംഗിച്ചതുപോലെ എല്ലാം പിടിച്ചെടുക്കാനായി ഭരിക്കുമ്പോൾ കേരളത്തിൽ സംഭവിക്കുന്നത് എന്തൊക്കെ ആയിരിക്കുമെന്ന് നമുക്ക് കാണാമെന്നും കുറിപ്പിൽ പറയുന്നു.
‘22-നേക്കാൾ താഴെയാണ് ഭായി 63’ എന്നായിരുന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരം മണ്ഡലത്തിൽനിന്ന് പരാജയപ്പെട്ട എൻഡിഎ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രന്റെ പ്രതികരണം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 63 സീറ്റിലും മുസ്‌ലിം ലീഗ് 22 സീറ്റിലുമാണ് ജയിച്ചത്. സതീശന്റെ മുഖ്യമന്ത്രിസ്ഥാനലബ്ധിയിൽ ലീഗിന് പങ്കുണ്ടെന്ന് പരോക്ഷ ആരോപണം ഉന്നയിച്ചുമായിരുന്നു ഈ കുറിപ്പ്.
നിയമസഭാ തിരഞ്ഞെടുപ്പു ഫലംവന്ന് പതിനൊന്നാംദിവസമായ ഇന്നാണ് കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിപദത്തിനായി രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും വി.ഡി സതീശനും തമ്മിൽ കടുത്ത പോരാട്ടമായിരുന്നു നടന്നത്.
ഇക്കുറി മൂന്ന് സീറ്റുകളാണ് ബിജെപി നേടിയത്. നേമത്തുനിന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്തുനിന്ന് വി. മുരളീധരൻ, ചാത്തന്നൂരിൽനിന്ന് ബി.ബി. ഗോപകുമാർ എന്നിവരാണ് വിജയിച്ചത്.
Content Highlights: BJP claims the new CM is a puppet of the Muslim League., K Surendran highlights seat distribution statistics (63 vs 22) to criticize the power dynamic., Internal Congress leadership struggle concluded after 11 days of uncertainty., BJP questions the future governance of Kerala under the new leadership.