ആരുതൊടും ആറന്മുള; വ്യക്തിബന്ധവുമായി വീണ, പേരെടുത്തുവിളിച്ച് കുമ്മനം, പരിചയപ്പെടുത്തൽ വേണ്ടാതെ അബിൻ

പമ്പയുടെ ഓളപ്പരപ്പിൽ ഒറ്റമനസ്സോടെ തുഴയെറിഞ്ഞാലേ ഒന്നാമതെത്താനാവൂ എന്ന് ആറൻമുളക്കാർക്കറിയാം. തിരഞ്ഞെടുപ്പിനും അതു ബാധകമാണ്. സ്ഥാനാർഥിചിത്രം തെളിയുംവരെ സസ്‌പെൻസും ത്രില്ലും നിലനിന്ന മണ്ഡലമാണ് ആറൻമുള. മന്ത്രി വീണാ ജോർജിന്റെ സ്ഥാനാർഥിത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നതിനാൽ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നപ്പോൾ എൽ.ഡി.എഫ്. മറ്റുള്ളവരിൽനിന്ന് വള്ളപ്പാടകലെ എത്തിയിരുന്നു.
എന്നാൽ, കോൺഗ്രസിൽ സ്ഥാനാർഥിനിർണയം ഉണ്ടാക്കിയ ആശങ്കയെ അസ്ഥാനത്താക്കിയുള്ള എൻട്രിയായിരുന്നു യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയുടേത്. അവസാനഘട്ടത്തിലാണ് ആറൻമുളയിലേക്ക് എൻ.ഡി.എ. കുമ്മനം രാജശേഖരന്റെ പേര് നിശ്ചയിച്ചതെങ്കിലും മണ്ഡലവുമായി കുമ്മനത്തിനുള്ള ആത്മബന്ധം ആ കുറവ് നികത്തി.
ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർഥിയെ വേണ്ടെന്ന കലാപക്കൊടി വീശിയ കോൺഗ്രസിനാണ് ഒറ്റക്കെട്ടായി പ്രവർത്തകരെ നിർത്തേണ്ട ആവശ്യം പ്രധാനമായുള്ളത്. തിരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനംചെയ്ത കെ.സി. വേണുഗോപാൽ, ജില്ലയിലെ അതൃപ്തരുടെ മുറിവുണക്കുമെന്ന് പറഞ്ഞത് ഒരു പരിധിവരെ ഫലംകണ്ടു.
എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും സ്ഥാനാർഥികൾ ക്രിസ്ത്യൻ ഓർത്തഡോക്‌സ് വിഭാഗത്തിൽനിന്നുള്ളവരാണ്.
കഴിഞ്ഞതവണ ഓർത്തഡോക്‌സ് വിഭാഗത്തിലെ പരമ്പരാഗത കോൺഗ്രസ് വോട്ടുകളിൽ കുറച്ച് വീണയ്ക്ക് കിട്ടിയിരുന്നു. എന്നാൽ, ഇക്കുറി അത് ആവർത്തിക്കണമെന്നില്ലെന്ന് കോൺഗ്രസ് കരുതുന്നു. എന്നാൽ, 10 വർഷമായി വീണ മണ്ഡലത്തിലുണ്ടാക്കിയ വ്യക്തിബന്ധം അത് നിലനിർത്താമെന്നാണ് ഇടതുക്യാമ്പിന്റെ കണക്കുകൂട്ടൽ. മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും എൽ.ഡി.എഫ്. ഉയർത്തിക്കാട്ടുന്നുണ്ട്. ആരോഗ്യവകുപ്പ് കൈവരിച്ച നേട്ടങ്ങൾ വോട്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സർക്കാരിന് ഏറ്റവും പഴികേൾക്കേണ്ടിവന്ന വകുപ്പിനെ നയിച്ചയാൾ എന്നതും ഏറ്റവും ഒടുവിൽ കണ്ണൂരിലുണ്ടായ കരിങ്കൊടിസമരവുമൊക്കെ വീണയ്ക്കെതിരേ യു.ഡി.എഫ്. പ്രചാരണായുധമാക്കുകയാണ്. ജില്ലക്കാരനല്ലാത്ത സ്ഥാനാർഥിയെ പരിചയപ്പെടുത്തി വശംകെടുമെന്ന പേടിയെ അബിനും സംഘവും നിഷ്പ്രയാസമാണ് മറികടന്നത്.
ആറൻമുളയിലെ പലരേയും പേരെടുത്തുവിളിക്കാനുള്ള കുമ്മനത്തിന്റെ സ്വാധീനം വോട്ടായിമാറുമെന്നാണ് എൻ.ഡി.എ.യുടെ പ്രതീക്ഷ. ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലത്തിൽ ജയിക്കാവുന്ന ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളതെന്ന് ആർ.എസ്.എസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറൻമുള വിമാനത്താവളത്തിനെതിരേനടന്ന പ്രക്ഷോഭവും ആറൻമുളയിലെയും പരിസരങ്ങളിലെയും സാംസ്‌കാരിക പരിപാടികളുടെ ചുക്കാൻപിടിക്കുന്നതും കുമ്മനത്തിനുള്ള വോട്ടായിമാറ്റാനാവുമെന്നാണ് എൻ.ഡി.എ. പ്രതീക്ഷ.
കരുത്തരെ രംഗത്തിറക്കിയപ്പോഴെല്ലാം ആറൻമുളയിൽ വോട്ടുയർത്തിയ ചരിത്രം എൻ.ഡി.എ. ഉയർത്തിക്കാട്ടുന്നുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.ടി. രമേശിന് 37,906-ഉം കെ. സുരേന്ദ്രൻ മത്സരിച്ച 2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ 50,497 വോട്ടുമാണ് എൻ.ഡി.എ. നേടിയത്.
ശബരിമല സ്വർണക്കൊള്ള ഏറ്റവും ചർച്ചയാകുന്ന മണ്ഡലങ്ങളിലൊന്നാണിവിടം. കേസിലെ പ്രതി ആറൻമുളക്കാരൻ പത്മകുമാറിന്റെ പേരിൽ പാർട്ടി എന്തു നടപടിയെടുത്തു എന്ന ചോദ്യം യു.ഡി.എഫും എൻ.ഡി.എ.യും ഉയർത്തുന്നുണ്ട്. പാർട്ടി പരിപാടികളിൽനിന്ന് മാറ്റിനിർത്തിയതിനപ്പുറം എന്താണ് ചെയ്യേണ്ടതെന്നാണ് എൽ.ഡി.എഫിന്റെ മറുചോദ്യം.
1957 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ ഒൻപത് തവണ കോൺഗ്രസ് മുന്നണിയെയും ഏഴുതവണ ഇടതുമുന്നണിയെയും ആറൻമുള ചേർത്തുനിർത്തിയിട്ടുണ്ട്.
Content Highlights: Three-way competition between Veena George (LDF), Abin Varkey (UDF), and Kummanam Rajasekharan (NDA). LDF leverages development records and personal rapport built over 10 years. UDF focuses on overcoming candidate selection concerns and anti-incumbency. NDA highlights Kummanam's local influence and historical performance in the constituency. Key electoral issues include Sabarimala gold theft case and local development.