ജിപ്മാറ്റ് 2022;അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ ഒമ്പത്

#ഡോ. എസ്. രാജൂകൃഷ്ണന്‍
പ്രതീകാത്മക ചിത്രം | Photo:gettyimages.in
പ്രതീകാത്മക ചിത്രം | Photo:gettyimages.in

ജമ്മു, ബോധ്ഗയ ഐ.ഐ.­എമ്മുകളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായ ജോയന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (ജിപ്മാറ്റ്) 2022 നടത്തുന്നത്. പരീക്ഷ ജൂലായ് മൂന്നിന് വൈകീട്ട് മൂന്നുമുതല്‍ 5.30വരെ നടത്തും.

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഡേറ്റ ഇന്റര്‍പ്രട്ടേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്, വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിങ് ക്രോംപ്രിഹെന്‍ഷന്‍ എന്നിവയില്‍നിന്ന് യഥാക്രമം 33, 33, 34 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും.

ശരിയുത്തരത്തിന് നാല് മാര്‍ക്ക്. തെറ്റിയാല്‍ ഒരുമാര്‍ക്ക് കുറയ്ക്കും. വിശദമായ സിലബസ് https://jipmat.nta.ac.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

അപേക്ഷാര്‍ഥി പ്ലസ്ടു/തുല്യ പരീക്ഷ ആര്‍ട്‌സ്/കൊമേഴ്‌സ്/സയന്‍സ് സ്ട്രീമില്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ 2020-ലോ 2021-ലോ ജയിച്ചിരിക്കണം. 2022-ല്‍ പ്ലസ്ടുതല യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പത്താംക്ലാസ് പരീക്ഷ ഇതേശതമാനം മാര്‍ക്ക് വാങ്ങി 2018-ലോ ശേഷമോ ജയിച്ചിരിക്കണം. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ ഒമ്പതിന് വൈകീട്ട് അഞ്ചുവരെ നല്‍കാം.

Content Highlights: applications invited for jipmat 2022